Kerala
ശ്രീറാമിനെ ചികിത്സിച്ച ഡോക്ടർമാരെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: കെ എം ബഷീറിനെ കാറിടിച്ച് കൊന്ന കേസുമായി ബന്ധപ്പെട്ട് ശ്രീറാമിനെ ചികിത്സിച്ച ഡോക്ടർമാരെ പ്രത്യക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. അപകടത്തിന് ശേഷം ജനറൽ ആശുപത്രിയിൽ നിന്നുള്ള പ്രാഥമിക പരിശോധനക്ക് ശേഷം ശ്രീറാം വെങ്കിട്ടരാമൻ ചികിത്സ തേടിയ കിംസ് ആശുപത്രിയിലേയും മെഡിക്കൽ കോളജിലേയും ഡോക്ടർമാരെയാണ് ചോദ്യം ചെയ്യുന്നത്. ഇന്നും നാളെയുമായി ചോദ്യം ചെയ്യൽ പൂർത്തിയാക്കാനാണ് അന്വേഷണ സംഘം ഉദ്ദേശിക്കുന്നത്.
ഇതിനിടെ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ അതൃപ്തി അറിയിച്ച് പോലീസ് നേതൃത്വവും രംഗത്ത് വന്നു.
പോലീസ് ആസ്ഥാനത്തെ യോഗത്തിൽ അന്വേഷണ സംഘത്തിലെ അംഗങ്ങളെ വിളിച്ചു വരുത്തിയാണ് വിഷയത്തിൽ അതൃപ്തി അറിയിച്ചത്. ശ്രീറാം വെങ്കിട്ടരാമൻ ജനറൽ ആശുപത്രിയിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് പോയപ്പോൾ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഡോ. അനീഷ് രാജിനെ അന്വേഷണസംഘം തലവൻ അസി. കമ്മീഷണർ ഷീൻ തറയിലിന്റെ നേതൃത്വത്തിലുള്ള സംഘം നേരത്തേ ചോദ്യം ചെയ്തിരുന്നു.
കിംസ് ആശുപത്രിയിലെത്തിച്ച ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിട്ടില്ലെന്നാണ് ശ്രീറാമിന്റെ സഹപാഠിയും ആലപ്പുഴ മെഡിക്കൽ കോളജിലെ ഡോക്ടറുമായ അനീഷ് രാജ് അന്വഷണ സംഘത്തോട് പറഞ്ഞത്. വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണെന്നത് ഉൾപ്പടെയുള്ള വിവരം പോലീസിനോട് സമ്മതിച്ചതായാണ് വിവരം.
അതിനിടെ അപകടത്തിൽപ്പെട്ട കാറിന്റെ ക്രാഷ് ഡാറ്റ റെക്കോർഡ് ഉൾപ്പെടെയുള്ളവ പരിശോധിക്കുന്നതിനായി എത്തിയ വോക്‌സ്‌വാഗൺ കമ്പനിയിൽ നിന്നുള്ള വിദഗധർ ഇന്നലെയും വാഹനം പരിശോധിച്ചു. കഴിഞ്ഞ ദിവസം പരിശോധിച്ചതിന് പുറമെയാണ് അന്വേഷണ സംഘത്തിന്റെ സാന്നിധ്യത്തിൽ ഇന്നലെ വീണ്ടും പരിശോധന നടത്തിയത്. ഈ മാസം രണ്ടിന് അർധരാത്രി ഒന്നിനാണ് പബ്ലിക് ഓഫീസിന് സമീപം അപകടം നടന്നത്. അതിന് ശേഷം ശ്രീറാമിനെ പോലീസ് ജനറൽ ആശുപത്രിയിലാണ് എത്തിച്ചത്.
പ്രാഥമിക ചികിത്സകൾക്ക് ശേഷം അദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്‌തെങ്കിലും ശ്രീറാം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. തുടർന്ന് അറസ്റ്റിലാവുകയും അവിടത്തന്നെ റിമാൻഡിൽ കഴിയുകയും ചെയ്തിരുന്നു.