International
കശ്മീര്‍ വിഷയത്തില്‍ വീണ്ടും മധ്യസ്ഥതാ വാഗ്ദാനവുമായി ട്രംപ്

വാഷിംഗ്ടണ്‍: കശ്്മീര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് തയാറാണെന്ന് വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കശ്മീര്‍ വിഷയം സങ്കീര്‍ണമാണെന്ന് അഭിപ്രായപ്പെട്ട ട്രംപ് ഇത് ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ആവര്‍ത്തിച്ചാവാശ്യപ്പെട്ടു. എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. കശ്മീര്‍ വിഷയത്തിന് മതപരമായി വളരെയേറെ ബന്ധമുണ്ട്. ഒരു വശത്ത് ഹിന്ദുക്കളും മറുവശത്ത് മുസ്ലിങ്ങളും . പതിറ്റാണ്ടുകളായി അങ്ങിനെയാണ് നീങ്ങുന്നത്. എനിക്ക് ചെയ്യാനാകുന്നതിന്റെ പരമാവധി ചെയ്യുമെന്നും ട്രംപ് പറഞ്ഞു.
നേരത്തെയും, ട്രംപ് സമാനപ്രതികരണവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍, കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഇതില്‍ അമേരിക്കന്‍ ഇടപെടല്‍ ആവശ്യമില്ലെന്നുമായിരുന്നു ഇന്ത്യയുടെ നിലപാട്. കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിന് യുഎന്‍ സുരക്ഷാ സമിതി കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. ഈ യോഗം ആരംഭിക്കുന്നതിനു മിനിറ്റുകള്‍ മാത്രം മുന്‍പ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഈ വിഷയം ട്രംപുമായി ചര്‍ച്ച ചെയ്യുകയും അമേരിക്കന്‍ ഇടെപെടല്‍ തേടുകയും ചെയ്തിരുന്നു. അതേസമയം കശ്മീരിന്റെ പ്രത്യേക അധികാരം പിന്‍വലിച്ചതടക്കമുള്ള നടപടികള്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക് ടി എസ്‌പെര്‍ വ്യക്തമാക്കിയിരുന്നു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിനു ശേഷമാണ് എസ്‌പെര്‍ ഈ പ്രതികരണം നടത്തിയത്.