National
ഹാഫിസ് സഈദ് കേസില്‍ കൈക്കൂലി ആരോപണം; മൂന്ന് എന്‍ഐഎ ഉദ്യോഗസ്ഥരെ മാറ്റി

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ തീവ്രവാദി ഹാഫിസ് സഈദ് കേസില്‍ ഉള്‍പ്പെട്ട ബിസിനസുകാരനില്‍നിന്നും കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തെത്തുടര്‍ന്ന് എസ് പി ഉള്‍പ്പെടെയുള്ള മൂന്ന് ഉദ്യോഗസ്ഥരെ എന്‍ഐഎ കേസിന്റെ അന്വേഷണ ചുമതലയില്‍നിന്നും നീക്കി. ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനില്‍നിന്നും രണ്ട് കോടി രൂപ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. കേസില്‍നിന്നും രക്ഷപ്പെടുത്തുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സഈദ് ഉള്‍പ്പെടെ ഭീകരവാദികള്‍ക്ക് ധനസഹായം നല്‍കിയെന്ന കേസില്‍ പ്രതിയാണ് ഈ വ്യവസായി. മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി ലഭിച്ച സാഹചര്യത്തില്‍ അന്വേഷണം സുതാര്യമായിരിക്കാനാണ് ഇവരെ അന്വേഷണ ചുമതലയില്‍നിന്നും നീക്കിയതെന്ന് എന്‍ഐഎ വക്താവ് പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണം വളരെ ഗൗരവതരമായാണ് കാണുന്നതെന്ന് ഒരു ഉയര്‍ന്ന എന്‍ഐഎ ഉദ്യോഗസ്ഥന്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍, ഒരു വിരലടയാള വിദഗ്ധന്‍ എന്നിവരാണ് നീക്കം ചെയ്യപ്പെട്ട മറ്റ് രണ്ട് പേര്‍. ഇരുവരേയും ബിഎസ്എഫ്, എന്‍സിആര്‍ബി എന്നിവയിലേക്ക് മടക്കി അയച്ചു.