നിയമസഭയില്‍ നീലച്ചിത്രം കണ്ടതിന് പുറത്തായ നേതാക്കളും ഇത്തവണ യെദ്യൂരപ്പ മന്ത്രിസഭയില്‍

Posted on: August 20, 2019 7:11 pm | Last updated: August 20, 2019 at 11:03 pm

ബെംഗളുരു: കര്‍ണാടകയില്‍ യെദ്യൂരപ്പ മന്ത്രിസഭ വികസിപ്പിച്ചോള്‍ എത്തിയ 17 പേരില്‍ നിയമസഭയില്‍ അശ്ലീല വീഡിയോ കണ്ടതിന് പുറത്തായ ബിജെപി നേതാക്കളും. 2012 ഫെബ്രുവരിയില്‍ നിയമസഭാ സമ്മേളനത്തിന് ഇടയില്‍ അശ്ലീല വീഡിയോ ക്ലിപ്പ് കണ്ടതിനെ തുടര്‍ന്ന് വിവാദത്തിലായ ലക്ഷ്മണ്‍ സാവദിയും സിസി പാട്ടീലുമാണ് ഇത്തവണയും മന്ത്രിസഭയില്‍ ഇടം നേടിയത്.

2012ല്‍ സഹകരണവകുപ്പ് മന്ത്രിയായിരുന്നു ലക്ഷ്മണ്‍ സാവദി, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു സിസി പാട്ടീല്‍ എന്നിവര്‍ നിയമസഭയിലിരുന്ന് അശ്ലീല ദൃശ്യങ്ങള്‍ കണ്ടത് വിവാദമായതോടെ രാജി വെക്കുകയായിരുന്നു. പുറത്തായി ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ തിരികെ മന്ത്രിസഭയില്‍ എത്തുന്നത്. റിപ്പോര്‍ട്ട് ചെയ്യുന്നത്. അശ്ലീല വീഡിയോ കണ്ടത് വിവാദമായതോടെ വിദ്യാഭ്യാസ ആവശ്യത്തിനായാണ് വീഡിയോ കണ്ടതെന്നായിരുന്നു ലക്ഷ്മണ്‍ സാവദിയുടെ ന്യായീകരണം. സംസ്ഥാനത്ത് നടക്കുന്ന ചില നിശാപാര്‍ട്ടികളിലെ ദൃശ്യങ്ങളായിരുന്നു കണ്ടതെന്നും, നിശാപാര്‍ട്ടികളില്‍ നടക്കുന്നതെന്താണെന്ന് അറിയുകയുമായിരുന്നു തന്റെ ലക്ഷ്യമെന്നുമായിരുന്നു ലക്ഷ്മണ്‍ സാവദി അന്ന് പറഞ്ഞത്.