അഴിമതിക്കേസില്‍ പി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Posted on: August 20, 2019 4:00 pm | Last updated: August 20, 2019 at 4:59 pm

ന്യൂഡല്‍ഹി: അഴിമതി ആരോപണക്കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരം സമര്‍പ്പിച്ച ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ ആവശ്യം. മുന്‍കൂര്‍ ജാമ്യം തള്ളികൊണ്ടുള്ള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ എന്‍ഫോഴ്‌സ്‌മെന്റിനും സി ബി ഐക്കും ചിദംബരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ കഴിയും. എന്നാല്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് ചിദംബരത്തിന്റെ നീക്കം.

ചിദംബരം ധനമന്ത്രിയായിരിക്കെ 2007ല്‍ ഐ എന്‍ എക്‌സ് മീഡിയയുടെ 305 കോടിയുടെ ഇടപാടിന് വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണം. ഇതില്‍ സി ബി ഐ ിസ്റ്റര്‍ചെയ്ത എഫ് ഐ ആറിന്റെ അടിസ്ഥാനത്തിലാണ് ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച് ഇ ഡി അന്വേഷണം നടത്തുന്നത്.

ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ ഇതേ കേസില്‍ നേരത്തേ ചോദ്യംചെയ്തിരുന്നു. ഇന്ത്യയിലും വിദേശത്തുമായി കാര്‍ത്തിയുടെ 54 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടുകയും ചെയ്തിരുന്നു.