Connect with us

Kerala

ബഷീറിന്റെ കൊലപാതകം: ശ്രീറാമിന് കുരുക്കാകുന്ന നിര്‍ണായക സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്

Published

|

Last Updated

തിരുവനന്തപുരം: സിറാജിന്റെ തിരുവനന്തപുരം യൂനിറ്റ് മേധാവി കെ എം ബഷീറിനെ വാഹനമിടിച്ചു കൊന്ന കേസില്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് കുരുക്കാകുന്ന നിര്‍ണായക സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്. ശ്രീറാം നടത്തിയത് മദ്യലഹരിയിലുള്ള മരണപ്പാച്ചില്‍ തന്നെയാണെന്ന് ദൃശ്യങ്ങള്‍ സാധൂകരിക്കുന്നു. അപകടത്തിന് മുമ്പുള്ള ദൃശ്യങ്ങളാണ് പുറത്തായത്. കവടിയാര്‍ പാര്‍ക്ക് മുതല്‍ അപകടം നടന്ന പബ്ലിക് ഓഫീസ് വരെയുള്ള രണ്ട് കിലോമീറ്റര്‍ താണ്ടാന്‍ ശ്രീറാം എടുത്ത സമയം രണ്ട് മിനുട്ടില്‍ താഴെ മാത്രമാണെന്ന് ഇത് തെളിയിക്കുന്നു.

രാത്രി 12.49ന് ശ്രീറാം ഐ എ എസ് ഉദ്യോഗസ്ഥരുടെ വിശ്രമ കേന്ദ്രമായ ഗോള്‍ഫ് ക്ലബിന് സമീപത്തുള്ള ഐ എ എസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നിറങ്ങി കവടിയാര്‍ പാര്‍ക്കിലേക്ക് നടക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ശ്രീറാം മദ്യലഹരിയിലായിരുന്നുവെന്ന ദൃക്സാക്ഷി മൊഴികള്‍ പ്രഥമദൃഷ്ട്യാ തന്നെ സാധൂകരിക്കുന്നതാണ് ദൃശ്യങ്ങള്‍. ഇതിനുശേഷം കുറഞ്ഞത് പത്ത് മിനുട്ട് നടന്നാല്‍ മാത്രമേ വഫ ഫിറോസ് ശ്രീറാമിനെ കണ്ടുമുട്ടിയതായി പറയുന്ന കവടിയാര്‍ പാര്‍ക്കിലേക്ക് എത്താനാകൂ. അതായത് 12.59ന് ആയിരിക്കണം ശ്രീറാം കവടിയാര്‍ പാര്‍ക്കിലെത്തുന്നത്.

താന്‍ വാഹനവുമായെത്തിയപ്പോള്‍ ശ്രീറാം പാര്‍ക്ക് ബെഞ്ചില്‍ ഇരിക്കുകയായിരുന്നു എന്നാണ് വഫയുടെ മൊഴി.
അങ്ങനെയാണെങ്കില്‍ വഫ സ്ഥലത്ത് എത്തുന്നതിനിടയിലും സമയം നഷ്ടപ്പെട്ടിരിക്കാം. ശ്രീറാം കാറില്‍ കയറിയ ശേഷം ഏതാനും മീറ്ററുകള്‍ അപ്പുറത്തുള്ള കഫേ കോഫി ഡേക്ക് മുന്നില്‍ വീണ്ടും വാഹനം നിര്‍ത്തിയതായും പറയുന്നുണ്ട്. ഈ സമയത്ത് ശ്രീറാം വാഹനത്തില്‍ നിന്നിറങ്ങി പിന്നിലൂടെ നടന്നുവന്ന് ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുകയായിരുന്നു. ഏതാനും സെക്കന്‍ഡുകള്‍ ഇവിടെയും നഷ്ടപ്പെട്ടിട്ടുണ്ടാകാം. ഇവിടെ നിന്ന് അപകടം നടന്ന പബ്ലിക് ഓഫീസിന് മുന്നിലെത്തണമെങ്കില്‍ വെള്ളയമ്പലത്തുള്ള അയ്യന്‍കാളി സ്‌ക്വയര്‍ വളഞ്ഞ് കയറേണ്ടതുമുണ്ട്.

കെ എം ബഷീറിന് അപകടമുണ്ടായതായി പറയുന്ന സമയം അര്‍ധരാത്രി 1.01 ആണ്. കവടിയാര്‍ പാര്‍ക്കില്‍ നിന്നും വാഹനം തിരിച്ചതു മുതല്‍ അപകടം നടന്ന സമയം വരെയുള്ള വ്യത്യാസം രണ്ട് മിനിട്ടുകള്‍ മാത്രം. ഇതിനിടയിലുണ്ടായ സമയ നഷ്ടങ്ങളും കൂടി കണക്കിലെടുത്താല്‍ ഏതാനും സെക്കന്‍ഡുകള്‍ കൊണ്ടാണ് രണ്ട് കിലോമീറ്ററിലധികം താണ്ടി വാഹനം അപകടമുണ്ടാക്കിയതെന്നാണ് ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വായിച്ചെടുക്കേണ്ടത്. ദൃക്സാക്ഷി മൊഴി പ്രകാരം അപകടം നടക്കുമ്പോള്‍ ശ്രീറാം ധരിച്ചിരുന്നത് ടീ ഷര്‍ട്ടും ജീന്‍സുമാണ്. അത് അങ്ങനെ തന്നെയാണ് ദൃശ്യങ്ങളിലും വ്യക്തമാകുന്നത്. കേസില്‍ വഴിത്തിരിവായേക്കാവുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍.

Latest