സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ക്ക് മലേഷ്യയില്‍ വിലക്ക്

Posted on: August 20, 2019 10:20 am | Last updated: August 20, 2019 at 2:40 pm

ക്വാലാലംപൂര്‍: മലേഷ്യയിലെ ഹിന്ദു മതവിഭാഗത്തില്‍ പെട്ടവര്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ക്ക് വിലക്ക്. മലേഷ്യയില്‍ എവിടെയും സാക്കിര്‍ നായിക്ക് മത പ്രഭാഷണങ്ങള്‍ നടത്താന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. രാഷ്ട്രത്തിന്റെ സുരക്ഷയെയും മതമൈത്രിയെയും ഐക്യത്തെയും പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ സാക്കിറിന്റെ പ്രഭാഷണങ്ങള്‍ നിരോധിക്കുകയാണെന്ന് റോയല്‍ മലേഷ്യന്‍ കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി ദാതുക് അസ്മാവതി അഹമ്മദ് അറിയിച്ചു.

ഉത്തരവ് ലംഘിച്ചാല്‍ നായിക്കിനെതിരെ നടപടിയെടുക്കുമെന്ന് പെര്‍ലിസ് പോലീസ് മേധാവി നൂര്‍ മുഷര്‍ അഹമ്മദ് അറിയിച്ചു. ഇനി മുതല്‍ പ്രസംഗത്തിന് പത്ത് ദിവസം മുമ്പ് സാക്കിര്‍ പോലീസിനെ വിവരം അറിയിക്കണമെന്നും എന്ത് വിഷയമാണ് ചര്‍ച്ച ചെയ്യുന്നതെന്ന് അധികാരികളെ ധരിപ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

നേരത്തെ സാക്കിറിനെ മലേഷ്യന്‍ പോലീസ് പത്തു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
വിദ്വേഷ പ്രസംഗം നടത്തിയെന്ന പേരില്‍ ഇത് രണ്ടാം തവണയാണ് സാക്കിറിനെ ചോദ്യം ചെയ്യുന്നത്. മലേഷ്യന്‍ പീനല്‍ കോഡിലെ 504ാം വകുപ്പിനു കീഴില്‍ വരുന്ന മനപ്പൂര്‍വമുള്ള വിദ്വേഷ പ്രചാരണമാണ് സാക്കിറിനെതിരെ ആരോപിക്കപ്പെട്ടിട്ടുള്ളത്. ബുഖിത് അമാന്‍ പോലീസ് ആസ്ഥാനത്ത് നടത്തിയ ചോദ്യം ചെയ്യലില്‍ സാക്കിറിന്റെ മൊഴി റെക്കോഡ് ചെയ്തിട്ടുണ്ട്. അഭിഭാഷകന്‍ അക്ബറുദ്ദീന്‍ അബ്ദുല്‍ ഖാദിറിനൊപ്പമാണ് നായിക്ക് ചോദ്യം ചെയ്യലിനെത്തിയത്.

ആഗസ്റ്റ് മൂന്നിന് മലേഷ്യയിലെ കോട്ട ബരുവില്‍ നടത്തിയ പ്രസംഗത്തില്‍ ഹിന്ദുക്കള്‍ക്കും ചൈനീസ് വംശജര്‍ക്കുമെതിരെ പരാമര്‍ശം നടത്തിയെന്നാണ് ആരോപണം. മലേഷ്യയിലെ ഹിന്ദുക്കള്‍ക്ക് സ്വന്തം രാജ്യത്തിന്റെ പ്രധാന മന്ത്രിയെക്കാള്‍ ഇന്ത്യന്‍ പ്രധാന മന്ത്രി മോദിയോടാണ് കൂറെന്ന് സാക്കിര്‍ പറഞ്ഞതായി പരാതിയില്‍ പറയുന്നു. ഇതോടൊപ്പം പഴയ അതിഥികളായ മലേഷ്യയിലെ ചൈനീസ് വംശജര്‍ രാജ്യം വിടണമെന്നും ഇന്ത്യയിലെ മുസ്ലിങ്ങളെക്കാള്‍ നൂറിരട്ടി അവകാശങ്ങളാണ് മലേഷ്യയിലെ ഹിന്ദുക്കള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം പരാമര്‍ശിക്കുകയുണ്ടായി. ഇതിനെ മലേഷ്യന്‍ പ്രധാന മന്ത്രി മഹാതിര്‍ മുഹമ്മദ് അപലപിച്ചിരുന്നു.

മതപ്രസംഗം നടത്താനുള്ള അവകാശം സാക്കിറിനുണ്ടെങ്കിലും വിദ്വേഷ പ്രസ്താവനകള്‍ നടത്താനോ രാജ്യത്തെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനോ അദ്ദേഹത്തിന് അവകാശമില്ലെന്നും മഹാതിര്‍ പറഞ്ഞു. വംശീയ പ്രസംഗത്തിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനാണ് സാകിറിന്റെ ശ്രമമെന്നും ജനങ്ങള്‍ക്കിടയില്‍ വംശീയ വിദ്വേഷം ഉണ്ടാക്കിയാല്‍ മലേഷ്യയില്‍ നിന്ന് നാടുകടത്തുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. അതിനിടെ, സാക്കിറിന്റെ സ്ഥിരം റസിഡന്റ് (പി ആര്‍) പദവി റദ്ദാക്കി അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന് മലേഷ്യയുടെ മുന്‍ പോലീസ് മേധാവി റഹിം നൂര്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം, തന്റെ പ്രസംഗങ്ങളെ വിമര്‍ശിച്ചതില്‍ പ്രകോപിതനായ സാക്കിര്‍ പെനാംഗ് ഡപ്യൂട്ടി മുഖ്യമന്ത്രി പി രാമസാമി, ക്ലംഗ് എം പി ചാള്‍സ് സാന്റിയാഗോ എന്നിവരുള്‍പ്പെടെ നാല് പേര്‍ക്ക് കത്തയച്ചിട്ടുണ്ട്. സ്വാര്‍ഥ ആവശ്യങ്ങള്‍ക്കായി ഇസ്്‌ലാമിനെ ദുരുപയോഗം ചെയ്യുന്നതായി ചിത്രീകരിച്ച് തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് സാകിര്‍ നായിക് ആരോപിച്ചു. തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.