Kerala
പി എസ് സി പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്ന് തലകുലുക്കി സമ്മതിച്ച് ശിവരഞ്ജിത്തും നിസാമും

തിരുവനന്തപുരം: പിഎസ്‌സിയുടെ സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്ന് ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ എസ്എഫ്‌ഐ നേതാക്കളായ ശിവരഞ്ജിത്തും നസീമും സമ്മതിച്ചു. ഒരു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ അന്വേഷണസംഘത്തോട് പ്രതികള്‍ സഹകരിച്ചിരുന്നില്ല. ആദ്യം ഒന്നിച്ചും പിന്നെ വെവ്വേറെയുമാണ് പ്രതികളെ ചോദ്യം ചെയ്തത്.
ചോദ്യപ്പേപ്പറില്‍ ഉത്തരം ചോര്‍ന്നു കിട്ടിയത് പ്രതികള്‍ ആദ്യം സമ്മതിച്ചില്ല. കറക്കിക്കുത്തിയും കോപ്പിയടിച്ചുമാണ് ഉത്തരം ശരിയായതെന്നാണ് പ്രതികള്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്. ഒടുവില്‍ ക്രമക്കേട് നടത്തിയതിന്റെ തെളിവുകള്‍ കാണിച്ചതോടെ കുറ്റം തലകുലുക്കി സമ്മതിക്കുകയായിരുന്നു. എന്നാല്‍ ഒന്നും സംസാരിക്കാന്‍ ഇരുവരും തയ്യാറായില്ല. പ്രതികള്‍ക്ക് നേരത്തേ നിയമസഹായവും, വിദഗ്ധ നിയമോപദേശവും കിട്ടിയെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. ചോദ്യപ്പേപ്പര്‍ പുറത്തുപോയതെങ്ങനെ, എങ്ങനെ ഉത്തരം കിട്ടി എന്നതിനൊക്കെയുള്ള മറുപടികളില്‍ വൈരുദ്ധ്യവുമുണ്ട്. 70 ശതമാനം ഉത്തരവും എഴുതിയത് എസ്എംഎസ്സ് നോക്കിയാണെന്ന് ഇരുവരും അന്വേഷണസംഘത്തോട് സമ്മതിച്ചതായാണ് സൂചന. എന്നാല്‍ ആരാണ് ചോര്‍ത്തി നല്‍കിയതെന്നോ എസ്എംഎസ്സ് അയച്ച് തന്നതെന്നോ ഇരുവരും വ്യക്തമാക്കിയില്ല.
പിഎസ്‌സി പരീക്ഷയില്‍ തട്ടിപ്പ് നടത്തിയതിന് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, പ്രണവ്, നസീം, സഫീര്‍, ഗോകുല്‍ എന്നിവരെ പ്രതികളാക്കി ഈ മാസം എട്ടിനാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്. മറ്റൊരു വിദ്യാര്‍ഥിയായ അഖിലിനെ കുത്തിയ കേസില്‍ ശിവരഞ്ജിത്തും നസീമും ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്. ഇവിടെയെത്തിയായിരുന്നു ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യല്‍.