ആണവായുധ നയത്തില്‍ മാറ്റമരുത്

Posted on: August 19, 2019 6:50 pm | Last updated: August 19, 2019 at 6:50 pm


ആണവായുധ നയത്തില്‍ മാറ്റം വരുത്താന്‍ ബി ജെ പി തയ്യാറെടുക്കുന്നതായി 2014 തുടക്കത്തില്‍ അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2017 ഏപ്രിലില്‍ വാഷിംഗ്ടണില്‍ നടന്ന ഇന്റര്‍നാഷണല്‍ ന്യൂക്ലിയര്‍ പോളിസി കോണ്‍ഫറന്‍സില്‍ പ്രബന്ധം അവതരിപ്പിക്കവെ, ആണവായുധ വ്യാപന വിഷയ വിദഗ്ധന്‍ വിപിന്‍ നരാഗും ഇന്ത്യയുടെ നയം മാറ്റത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്ന ഇന്ത്യയുടെ നയം തകിടം മറിക്കുന്നതായും ഇത് അപകടകരമാണെന്നുമാണ് വിപിന്‍ നരാഗ് പറഞ്ഞത്. അന്ന് ബി ജെ പി നേതൃത്വം ഈ പ്രചാരണങ്ങളെ ശക്തിയായി നിഷേധിച്ചു. ആണവായുധ പ്രയോഗത്തെ സംബന്ധിച്ച ഇന്ത്യയുടെ പ്രഖ്യാപിത നയത്തില്‍ ബി ജെ പി അധികാരത്തിലേറിയാല്‍ മാറ്റം വരുത്തില്ലെന്നും മറ്റു പ്രചാരണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നുമാണ് 2014 ഏപ്രിലില്‍ അന്ന് ബി ജെ പി ദേശീയ അധ്യക്ഷനായിരുന്ന രാജ്‌നാഥ് സിംഗ് തറപ്പിച്ചു പറഞ്ഞത്. രാജ്യത്തിന്റെ ഏറ്റവും നല്ല നിലപാടാണ് ആദ്യം ആണവായുധം പ്രയോഗിക്കില്ലെന്നത്. 1998ല്‍ വാജ്‌പയി സര്‍ക്കാര്‍ നടത്തിയ നിരവധി ആണവ പരീക്ഷണങ്ങളുടെ തുടര്‍ച്ചയായി സ്വീകരിച്ച നിലപാടാണിതെന്നും സിംഗ് അവകാശപ്പെട്ടു.

2016 നവംബറില്‍ അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്ന നിലപാടില്‍ നിന്ന് വ്യതിചലിച്ചു കൊണ്ടുള്ള പ്രസ്താവന നടത്തിയപ്പോഴും, അത് പരീക്കറിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന വിശദീകരണത്തോടെ പ്രതിരോധ മന്ത്രാലയം അതിനെ തള്ളിപ്പറയുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പയിയുടെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് രാജസ്ഥാനിലെ പൊഖ്‌റാനില്‍ നടന്ന ചടങ്ങില്‍ നടത്തിയ പ്രസ്താവന അന്തര്‍ദേശീയ മാധ്യമങ്ങളുടെയും വിപിന്‍ നരാഗിന്റെയും നിരീക്ഷണങ്ങളെ ശരിവെക്കുന്നതാണ്. ഇന്നുവരെയും ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്നായിരുന്നു നമ്മുടെ നയം, ഭാവിയില്‍ ഇതില്‍ മാറ്റം വരുത്തിയേക്കാം. അതെല്ലാം ഭാവിയിലെ സാഹചര്യങ്ങളെ അനുസരിച്ചിരിക്കുമെന്നാണ് സിംഗ് അവിടെ പറഞ്ഞത്.

1998ല്‍ പൊഖ്‌റാനില്‍ നടന്ന രണ്ടാമത് ആണവ പരീക്ഷണത്തെ തുടര്‍ന്നാണ് ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്ന നയം ഇന്ത്യ പ്രഖ്യാപിച്ചത്. പ്രസ്തുത വര്‍ഷം മെയ് 11ന് ഇന്ത്യന്‍ സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ ഓപറേഷന്‍ ശക്തി എന്ന പേരില്‍ മൂന്ന് അണുബോംബ് പരീക്ഷണങ്ങളാണ് ഇന്ത്യ നടത്തിയത്. ഇതോടെ ആണവ ശക്തിയായി സ്വയംപര്യപ്തത കൈവരിച്ച ആദ്യ മൂന്നാം ലോകരാജ്യമായി ഇന്ത്യ മാറി. 1974ല്‍ ഇന്ദിരാ ഗാന്ധിയുടെ ഭരണ കാലത്ത് പൊഖ്‌റാനില്‍ നടത്തിയ ആദ്യ പരീക്ഷണത്തിന്റെ തുടര്‍ച്ചയായിരുന്നു 1998ലെത്.

അമേരിക്കന്‍ ഉപരോധ ഭീഷണികളെ അതിജീവിച്ച് അതീവ രഹസ്യമായിരുന്നു പരീക്ഷണം. അമേരിക്കന്‍ ചാരസംഘടനയായ സി ഐ എയുടെ ചാര സാറ്റലൈറ്റുകളുടെ കണ്ണുവെട്ടിച്ചാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞരും എന്‍ജിനീയര്‍മാരും ആണവ ബോംബുകള്‍ നിര്‍മിച്ചത്. പരീക്ഷണത്തില്‍ സജീവ സാന്നിധ്യമായിരുന്ന മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍കലാം ഉള്‍പ്പെടെയുള്ള ശാസ്ത്രജ്ഞര്‍ സൈനിക വേഷത്തില്‍ രഹസ്യ പേരിലാണ് അറിയപ്പെട്ടിരുന്നത്. രാജ്യത്തിനകത്ത് ഈ അണുപരീക്ഷണത്തെക്കുറിച്ച് അറിയാവുന്ന ഒരേയൊരു രാഷ്ട്രീയ നേതാവ് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പയി ആയിരുന്നു. ഒടുവില്‍ പരീക്ഷണം വിജയകരമായപ്പോള്‍ സി ഐ എ തങ്ങളുടെ പരാജയം തുറന്നു സമ്മതിക്കുകയും ചെയ്തു.
ആണവശക്തിയായി മാറിയെങ്കിലും യുദ്ധോത്സുക രാഷ്ട്രമല്ല ഇന്ത്യയെന്നും എക്കാലവും ഉത്തരവാദപ്പെട്ട ഒരു ആണവ ശക്തിയായി വര്‍ത്തിക്കുമെന്നും വാജ്‌പയിയും പിന്നീട് അധികാരത്തില്‍ വന്ന നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്.

ആഗോള സമൂഹം ഇന്ത്യയെ കാണുന്നതും ആ നിലയില്‍ തന്നെയാണ്. ഉത്തരവാദപ്പെട്ട ആണവ ശക്തി എന്ന നിലയിലാണ് ആദ്യം ആണവായുധം പ്രയോഗിക്കില്ലെന്ന് രാജ്യം നിലപാടെടുത്തതും. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ നരേന്ദ്ര മോദി പറഞ്ഞതും മറ്റു രാജ്യങ്ങളെ അമര്‍ച്ച ചെയ്യുന്നതിനല്ല ആണവായുധങ്ങള്‍, അത് രാജ്യത്തിന്റെ പ്രതിരോധത്തിനും സംരക്ഷണത്തിനും വേണ്ടിയാണെന്നായിരുന്നു. രാജ്‌നാഥ് സിംഗിന്റെ പൊഖ്‌റാന്‍ പ്രസ്താവന ഇതിന് കടകവിരുദ്ധവും അന്താരാഷ്ട്ര സമൂഹത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കുന്നതുമാണ്. ഉത്തര കൊറിയയെയും പാക്കിസ്ഥാനെയും പോലെ ഉത്തരവാദിത്വമില്ലാത്ത ആണവ രാജ്യമായി ഇന്ത്യയെ വിലയിരുത്താനും ഇതിടയാക്കും.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ച സാഹചര്യത്തിലാണ് രാജ്‌നാഥ് സിംഗിന്റെ നയംമാറ്റ പ്രസ്താവന. ഇതടിസ്ഥാനത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ ആണവായുധം പ്രയോഗിച്ചാല്‍ പാക്കിസ്ഥാന്‍ കൈയും കെട്ടി നോക്കിനില്‍ക്കില്ലെന്നുറപ്പ്. അണുവായുധം കൊണ്ടു തന്നെ അവര്‍ തിരിച്ചടിക്കും. ഇത് വരുത്തി വെക്കുന്ന നാശനഷ്ടങ്ങളും ദുരന്തങ്ങളും ഊഹാതീതമായിരിക്കും. ഹിരോഷിമയുടെയും നാഗസാക്കിയുടെയും ചരിത്രം നമ്മുടെ മുമ്പിലുണ്ട്. ഈ നടുക്കുന്ന ഓര്‍മകളുടെ നടുവില്‍ അണുവായുധത്തിന്റെ പിടിയിലമരാതെ ലോകത്തെ മുന്നോട്ടു നയിക്കാന്‍ രാഷ്ട്ര നേതാക്കള്‍ ശ്രമിക്കുമ്പോള്‍ സമാധാന കാംക്ഷികളെന്നവകാശപ്പെടുന്ന ഇന്ത്യന്‍ ഭരണാധികാരികളില്‍ നിന്നുള്ള ഇത്തരത്തിലുള്ള പ്രസ്താവനകള്‍ അനുചിതമാണ്.