സഭയില്‍ നിന്ന് പുറത്താക്കപ്പെട്ട സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടതായി പരാതി

Posted on: August 19, 2019 10:18 am | Last updated: August 19, 2019 at 11:59 am

കല്‍പ്പറ്റ: പള്ളിയില്‍ കുര്‍ബാനക്ക് പോകുന്നത് തടയാനായി സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടതായി പരാതി. സിസ്റ്റര്‍ താമസിക്കുന്ന കാരക്കമല മഠത്തിന്റെ ഗേറ്റാണ് പൂട്ടിയിട്ടത്. മഠത്തിനോട് ചേര്‍ന്ന പള്ളിയില്‍ ഇന്ന് രാവിലെ കുര്‍ബാനക്ക് പോകാനായി മുറിയില്‍ നിന്ന് സിറ്റര്‍ പുറത്തിറങ്ങുകയായിരുന്നു. എന്നാല്‍ മഠത്തിന്റെ ഗേറ്റ് പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഒച്ചവെച്ചിട്ടും ആരുമെത്തി തുറന്ന് കൊടുത്തില്ല. ഒടുവില്‍ വെള്ളമുണ്ട പോലീസില്‍ സിറ്റര്‍ വിവരം അറിയിക്കുകയായിരുന്നു.

വെള്ളമുണ്ട പോലീസെത്തി വാതില്‍ തുറന്ന ശേഷമാണ് പുറത്ത് കടക്കാനായതെന്ന് സിസ്റ്റര് പറഞ്ഞു. തനിക്കെതിരെയുണ്ടായത് അങ്ങേയറ്റം മനുഷ്യത്വ രഹിതമായ സംഭവമാണ്. തന്റെ ആരാധനാ സ്വാതന്ത്ര്യം തടപ്പെട്ടെന്നും സിസ്റ്റര്‍ ലൂസി കുറ്റപ്പെടുത്തി.

കഴിഞ്ഞ ആഴ്ചയാണ് സിസ്റ്റര്‍ ലൂസിയെ മഠത്തില്‍ നിന്ന് പുറത്താക്കിയതായി ഔദ്യോഗിക അറിയിപ്പെത്തിയത്. മകളെ മഠത്തില്‍ നിന്ന് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് ലൂസി കളപ്പുരയുടെ അമ്മയക്ക് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹം (എഫ് സി സി) കത്തയക്കുകയും ചെയ്തിരുന്നു. ലൂസിക്ക് ഒരു അവകാശവും നല്‍കില്ലെന്നും ഈ കത്തില്‍ വ്യക്തമാക്കിയിരുന്നു.

ബിഷപ്പ് ഫ്രാങ്കോ മുളകക്കലിനെതിരായ ലൈംഗിക പീഡന കേസില്‍ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് ശക്തമായ പിന്തുണ നല്‍കിയ വ്യക്തിയാണ് സിസ്റ്റര്‍ ലൂസി കളപ്പുര.
മെയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. കാരണം കാണിക്കല്‍ നോട്ടീസിന് ലൂസി കളപ്പുര നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു സഭയുടെ വിശദീകരണം. നിരവധി തവണ താക്കീത് നല്‍കിയിട്ടും ലൂസി കളപ്പുര ഇവയെല്ലാം അവഗണിച്ചതും പുറത്താക്കലിന് കാരണമായി സഭ പറഞ്ഞിരുന്നു.