മാര്‍ച്ചിനിടെ സിപിഐ നേതാക്കള്‍ക്ക് മര്‍ദനമേറ്റ സംഭവം; കൊച്ചി സെന്‍ട്രല്‍ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

Posted on: August 18, 2019 6:45 pm | Last updated: August 19, 2019 at 10:33 am

കൊച്ചി: ലാത്തിച്ചാര്‍ജില്‍ സിപിഐ നേതാക്കള്‍ക്ക് പരുക്കേറ്റ വിവാദത്തില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കൊച്ചി സെന്‍ട്രല്‍ എസ്‌ഐയെ വിപിന്‍ദാസിനെയാണ് ഡിഐജി സസ്‌പെന്‍ഡ് ചെയ്തത്.
എല്‍ദോ എബ്രഹാം എംഎല്‍എയെ തിരിച്ചറിയുന്നതില്‍ എസ്‌ഐ വിപിന്‍ദാസിന് വീഴ്ച പറ്റിയെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി.

പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്ന ഞാറക്കല്‍ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് എറണാകുളത്തെ റേഞ്ച് ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജാണ് വിവാദങ്ങള്‍ക്ക് കാരണം. മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി പി രാജു, മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം എന്നിവര്‍ക്ക് പോലീസിന്റെ് മര്‍ദ്ദനമേറ്റതായും ആരോപണമുയര്‍ന്നു.

സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവില്ലെന്നായിരുന്നു സംസ്ഥാന പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയത്. ജില്ലാ കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പോലീസുകാരുടെ പിഴവുകള്‍ എടുത്തുപറയാത്തതിനാല്‍ നടപടിയെടുക്കാന്‍ ആവില്ലെന്നായിരുന്നു ആഭ്യന്തരസെക്രട്ടറിയെ ഡിജിപി അറിയിച്ചത്. പതിനെട്ട് സെക്കന്റ് മാത്രമാണ് പൊലീസ് നടപടിയുണ്ടായതെന്നായിരുന്നു ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ട സാഹചര്യത്തിലാണ് എസ്‌ഐക്കെതിരെ നടപടിയെടുത്ത് വിവാദങ്ങളില്‍നിന്നും തടിയൂരാനാണ് സര്‍ക്കാര്‍ ശ്രിക്കുന്നത്.