തുറന്ന ജയിലിലെ ഉയ്ഗൂർ മുസ്‌ലിംകൾ

ഉയ്ഗൂർ മുസ്‌ലിംകളെ എന്ത് വിലകൊടുത്തും "മുഖ്യധാര'യിൽ കൊണ്ടുവരുമെന്ന ശാഠ്യത്തിലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി. സിൻജിയാംഗിൽ പാർട്ടി സെക്രട്ടറിയായെത്തിയ ചെൻ ക്വാൻഗോ ഇക്കാര്യത്തിൽ അതിവിദഗ്ധനാണ്. 2011 മുതൽ 2016വരെ ടിബറ്റിലായിരുന്നു അദ്ദേഹം. പാർട്ടി സെക്രട്ടറി സർക്കാറിലെ ഉന്നത ഉദ്യോഗസ്ഥൻ കൂടിയാണ് ചൈനയിൽ. നിരീക്ഷണ സംവിധാനം മുഴുവൻ പുതുക്കി പണിയുകയാണ് അദ്ദേഹം ആദ്യം ചെയ്തത്. ഉയ്ഗൂറുകളുടെ യാത്രകൾ കൃത്യമായി നിരീക്ഷിച്ചു. അവർക്ക് പല തരം കാർഡുകൾ ഏർപ്പെടുത്തി. ഡി എൻ എ സാമ്പിളുകൾ ശേഖരിച്ചു തുടങ്ങി. ഇവിടെ ആധാറിനായി ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നത് പോലെ ഉയ്ഗൂറുകൾക്ക് മാത്രമായി സംവിധാനങ്ങൾ കൊണ്ടുവന്നു. മുസ്‌ലിംകളുടെ വാഹനങ്ങളിൽ പ്രത്യേക ജി പി എസുകൾ ഘടിപ്പിച്ചു. വിദേശത്തുള്ള ബന്ധുക്കൾ വിളിച്ചാൽ ഫോൺ അറ്റൻഡ് ചെയ്യണമെങ്കിൽ പോലും സർക്കാറിന്റെ സമ്മതം വേണമെന്ന നിലയിലെത്തി.
ലോകവിശേഷം
Posted on: August 18, 2019 4:52 pm | Last updated: August 18, 2019 at 4:52 pm

ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം കശ്മീരിൽ നിന്ന് വരുന്ന വാർത്തകൾ മുൻനിർത്തി രജ്ദീപ് സർദേശായി മാധ്യമ പ്രവർത്തകരോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: “നിങ്ങൾ യുദ്ധക്കൊതിയൻമാരോ പത്രപ്രവർത്തകരോ? നിങ്ങളിൽ നല്ലൊരു ശതമാനവും റിപ്പോർട്ട് ചെയ്യുന്നത് കശ്മീരി മുസ്‌ലിംകൾ മുഴുവൻ തീവ്രവാദികളാണെന്ന നിലയിലാണ്.

ഇത് ഞെട്ടിക്കുന്നതും അക്ഷന്തവ്യവുമായ പൈശാചികവത്കരണമാണ്’ കശ്മീർ പ്രതിസന്ധിക്ക് സൈനിക ഇടപെടൽ മാത്രമാണ് പരിഹാരമെന്ന് ചിന്തിച്ച ഭരണാധികാരികളെല്ലാം കശ്മീരിയ്യത്തിനെ അവിശ്വസിക്കുകയാണ് ചെയ്തത്. സ്വതന്ത്രമായി നിൽക്കാനും പിന്നീട് ഇന്ത്യയിൽ ചേരാനുമൊക്കെ രാജാ ഹരി സിംഗ് തീരുമാനിച്ചതും ശേഖ് അബ്ദുല്ല വഴി പരിഹാര നിർദേശങ്ങൾ രൂപവത്കരിച്ചതുമെല്ലാം കശ്മീരി ജനതയുടെ അഭിലാഷത്തിന്റെ പ്രതിഫലനമായിരുന്നുവെന്ന സത്യം മറച്ചു പിടിക്കുകയാണ് സൈനിക പരിഹാരത്തിന്റെ വക്താക്കൾ. ജനതയാണ് ഭരണാധികാരിയുടെ മുൻഗണനകളെ സ്വാധീനിക്കുന്നത്. കശ്മീരിൽ പാക് ഇടപെടൽ എക്കാലത്തും ഉണ്ടായിട്ടുണ്ട്. പി ഒ കെ അവരുടെ കൈയിലിരിക്കുന്നിടത്തോളം ഭൂമിശാസ്ത്രപരമായി ഈ ഇടപെടൽ എളുപ്പമാണ്. പാക് സ്വാധീനം കുറച്ച് കൊണ്ടുവരികയെന്നത് തന്നെയായിരുന്നു ആർട്ടിക്കിൾ 370ന്റെയും 35 എയുടെയും താത്പര്യം. അത് വിജയം കാണുകയും ചെയ്തു. ന്യൂനാൽ ന്യൂനപക്ഷം മാത്രമാണ് പാക് ഇടപെടലിനോട് മൃദു സമീപനം പുലർത്തുന്നത്. എന്നാൽ സൈന്യവും ഭരണകൂടവും അപകടകരമായ സാമാന്യവത്കരണത്തിന് മുതിരുകയായിരുന്നു. അത് കൂടുതൽ പേരെ തീവ്രവാദികളാക്കി മാറ്റി. അടിച്ചമർത്തൽ നയംവഴി രൂപപ്പെടുന്ന അതൃപ്തി തീവ്രവാദ, വിഘടനവാദ സംഘങ്ങൾ ഉപയോഗിക്കുകയായിരുന്നു. അതുകൊണ്ട് ജനതയെ ആകെ അവിശ്വാസത്തിന്റെ നിഴലിൽ നിർത്തി സമാധാനം കൊണ്ടുവരാമെന്നത് മൗഢ്യമായിരിക്കും.
ഇത്തരം അവിശ്വാസം ഒരു ആഗോള പ്രതിഭാസമാണ്. ആധുനിക ദേശ രാഷ്ട്രങ്ങളുടെ ഉദയം ഭാഷാപരവും മതപരവും ആചാരപരവുമായ ന്യൂനപക്ഷങ്ങളുടെ അസ്തിത്വത്തിന് മേൽ ക്രൂരമായ അധിനിവേശം നടത്തിയാണ് സാധ്യമായത്. യൂറോപ്പിൽ ഭാഷയുടെ അടിസ്ഥാനത്തിൽ രാഷ്ട്രങ്ങൾ രൂപപ്പെട്ടപ്പോൾ ഭാഷാ ന്യൂനപക്ഷങ്ങൾ വിഷമവൃത്തത്തിലകപ്പെട്ടു. ഇസ്‌റാഈൽ മതാധിഷ്ഠിതമായും ബലാത്കാരമായും സ്ഥാപിച്ചപ്പോൾ അറബ് വംശജർ അന്യരായി. ഇങ്ങനെ അതിർത്തിക്കകത്ത് അന്യരായി തീർന്നവർ അവരുടെ ദേശക്കൂറ് നിരന്തരം തെളിയിക്കേണ്ടതായി വന്നു. സാംസ്‌കാരികമായോ മതപരമായോ ഇവർക്ക് കണക്ട് ചെയ്യാവുന്ന വിദേശ രാജ്യത്തെ നിരന്തരം തള്ളിപ്പറഞ്ഞു കൊണ്ട് മാത്രമേ രാജ്യത്തിനകത്ത് കഴിഞ്ഞു കൂടാൻ സാധിക്കൂ എന്ന നിലയാണുണ്ടായത്. ഇത്തരക്കാർ താമസിക്കുന്നത് അതിർത്തിയിലാണെങ്കിൽ സ്ഥിതി കൂടുതൽ കഷ്ടമാകും. കശ്മീരികൾ പാക് വാദികളല്ലെന്ന് എത്ര ഉച്ചത്തിൽ വിളിച്ചു പറഞ്ഞാലും ഭരണകൂടത്തിന് വിശ്വാസം വരില്ല. ഞങ്ങൾ മുസ്‌ലിംകളാണ്, ചൈനീസ് വിരുദ്ധരല്ലെന്ന് ആണയിട്ടാലും സിൻജിയാംഗിലെ ഉയ്ഗൂർ മുസ്‌ലിംകളെ ബീജിംഗ് വിശ്വസിക്കില്ല. ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞ് കശ്മീരികളെ സമ്പൂർണ ദേശക്കാരാക്കുന്നതും ഉയ്ഗൂറുകളെ മതത്തിൽ നിന്ന് അകറ്റാൻ പുനർപഠന ക്യാമ്പുകൾ പണിയുന്നതും അവിശ്വാസത്തിന്റെ യുക്തിയനുസരിച്ചാണ്.

ഈച്ച പോലും പറക്കില്ല

കശ്മീരികൾ കൂട്ടിലടക്കപ്പെട്ട മൃഗങ്ങളെപ്പോലെയായിരിക്കുന്നുവെന്ന് മുൻ മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തിയുടെ മകൾ ഇൽതിജാ ജാവേദ് മുഫ്തി ആഭ്യന്തര മന്ത്രി അമിത് ഷാക്കെഴുതിയ തുറന്ന കത്തിൽ പറയുന്നുണ്ട്. അവരും അവരുടെ മാതാവും ഉമർ അബ്ദുല്ലയുമെല്ലാം വീട്ടു തടങ്കലിലാണ്. നിയന്ത്രണങ്ങൾ ഇളവ് ചെയ്യുന്നുവെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി പറഞ്ഞ് നാവ് വായിലിടും മുമ്പാണ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ഗുലാം അഹമ്മദ് മിർ അറസ്റ്റിലായത്. ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കപ്പെട്ട നിലയിലാണ്. പത്രങ്ങൾ പ്രസിദ്ധീകരിക്കാനാകില്ല. ഇതു സംബന്ധിച്ച് കോടതിയെ സമീപിച്ച കശ്മീർ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റർ അനുരാധാ ഭാസിനോട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി പറഞ്ഞത് കാത്തിരിക്കാനാണ്. എങ്ങും പട്ടാളക്കാർ.

മിണ്ടിയാൽ പുതുക്കിയ യു എ പി എ അനുസരിച്ച് ഭീകരവാദ പട്ടികയിലെത്തും. അക്ഷരാർഥത്തിൽ നിശ്ശബ്ദ താഴ്‌വരയാണ് കശ്മീർ. പുറത്തേക്ക് വരുന്ന വാർത്തകൾ സർക്കാർ സീൽ പതിഞ്ഞത് മാത്രമാണ്. ഇത് കശ്മീരിന്റെ നിതാന്ത വിധിയാകാനാണ് സാധ്യത. സിൻജിയാംഗ് നൽകുന്ന പാഠമതാണ്. യു എന്നിൽ പാക്കിസ്ഥാനൊപ്പം ചേർന്ന് ഇന്ത്യയെ പാഠം പഠിപ്പിക്കാൻ നോക്കുന്ന ചൈന, സിൻജിയാംഗിൽ അവർ ചെയ്യുന്നതിനെ പകർത്തുകയാണ് ഇന്ത്യൻ അധികാരികളെന്ന സത്യം മറച്ചു പിടിക്കുന്നു.
മതപരമായ ഉണർവുകൾ നഷ്ടപ്പെട്ട ഉയ്ഗൂർ മുസ്‌ലിംകൾ കൂടുതൽ മതബോധം കാണിച്ചു തുടങ്ങിയത് 1980കളിലാണ്.

അറബ് ദേശത്തേക്ക് ജോലി ആവശ്യാർഥം പോയ ഉയ്ഗൂറുകളുടെയും പാക്കിസ്ഥാനിലെ ചില മുസ്‌ലിം നേതാക്കളുടെയും സ്വാധീനം ഇതിന് പിന്നിലുണ്ടായിരുന്നു. ഇതോടെ ചൈനീസ് അധികാരികളിൽ സംശയം ഇരട്ടിച്ചു തുടങ്ങി. പുതിയ പള്ളികൾ പണിയുന്നതും പുരുഷൻമാർ താടി നീട്ടുന്നതും സ്ത്രീകൾ ഹിജാബ് അണിയുന്നതും അവരെ അസ്വസ്ഥരാക്കി. ഈ സംശയത്തിന് ശക്തി പകരുന്ന തരത്തിൽ ചില സലഫീ, ജമാഅത്തെ ഇസ്‌ലാമി എലമെന്റുകൾ ചെറു ന്യൂനപക്ഷത്തെ തീവ്രവാദ ചിന്തയിലേക്ക് ചൂണ്ടയിട്ട് കൊണ്ടുപോകുകയും ചെയ്തു.

2014ൽ കുൻമിമംഗിൽ ഉയ്ഗൂർ വംശജർ നടത്തിയ കത്തിയാക്രമണത്തിൽ 33 പേർ മരിച്ചു. അതേ വർഷം ഉറുംഖിയിലെ റെയിൽവേ സ്റ്റേഷനിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ 43 പേർ കൊല്ലപ്പെട്ടു. ഇതോടെ സിൻജിയാംഗിൽ ചൈനീസ് സർക്കാർ ഭീകരവിരുദ്ധ യുദ്ധം പ്രഖ്യാപിച്ചു. കടുത്ത നടപടികളെടുക്കാൻ അധികൃതരെ പ്രാപ്തരാക്കാനായി 2015ൽ ഭീകരവിരുദ്ധ നിയമം പാസ്സാക്കി.

മതപരമായ ആവിഷ്‌കാരങ്ങളെ ഭീകരതയുമായി ബന്ധപ്പെടുത്തുന്നതായിരുന്നു ഈ നിയമം. ഇതിന്റെ അടിസ്ഥാനത്തിലാണ് നോമ്പിനെതിരെ വിചിത്ര സർക്കുലർ ഇറക്കിയത്. ഉയ്ഗൂറുകൾക്ക് സിൻജിയാംഗ് വിട്ട് പുറത്തേക്ക് പോകണമെങ്കിൽ പ്രത്യേക പാസ്സ് ഏർപ്പെടുത്തിയതും ഈ നിയമത്തിലെ വ്യവസ്ഥകൾ ഉപയോഗിച്ചാണ്. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം അമേരിക്ക തുടങ്ങിയ ഭീകരവിരുദ്ധ യുദ്ധത്തെ പല രാജ്യങ്ങളിൽ ശക്തമായി എതിർത്ത രക്ഷാ സമിതി അംഗമാണ് ചൈന. എന്നാൽ ഇസ്‌ലാമോഫോബിക് ആയ ഭീകരവിരുദ്ധ നയത്തിന്റെ കാര്യത്തിൽ അമേരിക്കയെ അപ്പടി പകർത്തുകയാണ് ചൈന ചെയ്തതെന്ന് സിൻജിയാംഗ് വിളിച്ചു പറയുന്നു.

സാമാന്യവത്കരണമാണ് ഈ നയത്തിന്റെ കാതലെന്ന് നേരത്തേ പറഞ്ഞുവല്ലോ. തീവ്രവാദത്തെയും മിതവാദ പ്രതികരണങ്ങളെയും വേർതിരിക്കാൻ ചൈനീസ് അധികൃതർ തയ്യാറാകുന്നില്ല. ഇൽഹാം തൊഹ്തിയെന്ന ഉയ്ഗൂർ സാമ്പത്തിക വിദഗ്ധനെ 2014ൽ തടങ്കലിലാക്കിയത് ഇതിന് തെളിവാണ്. സിൻജിയാംഗ് യൂനിവേഴ്‌സിറ്റി പ്രൊഫസറായ രാഹിലെ ദാവൂദ് അറസ്റ്റ് ചെയ്യപ്പെട്ടത് ഉയ്ഗൂറുകളെ കുറിച്ച് നരവംശശാസ്ത്ര ഗവേഷണം നടത്തിയതിനാണ്. ഈ വിഭാഗത്തിൽ നിന്ന് ഉയർന്നു വരുന്ന ഏതൊരാളെയും ഇത്തരത്തിൽ വേട്ടയാടുകയെന്നതാണ് ഭരണകൂടത്തിന്റെ ശൈലി. ഈ നയത്തിന്റെ ആത്യന്തിക ഫലം യഥാർഥ തീവ്രവാദികൾ രക്ഷപ്പെടുന്നുവെന്നതാണ്. മതത്തെ ഒന്നാകെ പ്രതിസ്ഥാനത്ത് നിർത്തുമ്പോൾ മതത്തിന്റെ പേരിൽ കടന്നു വരുന്ന വ്യതിചലന ചിന്തകൾ കുറ്റവിമുക്തമാകുന്നു.

എന്തെല്ലാം പ്രഹസനങ്ങൾ?

ഉയ്ഗൂർ മുസ്‌ലിംകളെ എന്ത് വിലകൊടുത്തും “മുഖ്യധാര’യിൽ കൊണ്ടുവരുമെന്ന ശാഠ്യത്തിലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി. സിൻജിയാംഗിൽ പാർട്ടി സെക്രട്ടറിയായെത്തിയ ചെൻ ക്വാൻഗോ ഇക്കാര്യത്തിൽ അതിവിദഗ്ധനാണ്. 2011 മുതൽ 2016വരെ ടിബറ്റിലായിരുന്നു അദ്ദേഹം. പാർട്ടി സെക്രട്ടറി സർക്കാറിലെ ഉന്നത ഉദ്യോഗസ്ഥൻ കൂടിയാണ് ചൈനയിൽ. നിരീക്ഷണ സംവിധാനം മുഴുവൻ പുതുക്കി പണിയുകയാണ് അദ്ദേഹം ആദ്യം ചെയ്തത്. ഉയ്ഗൂറുകളുടെ സഞ്ചാര പാത കൃത്യമായി നിരീക്ഷിച്ചു. അവർക്ക് പല തരം കാർഡുകൾ ഏർപ്പെടുത്തി. ഡി എൻ എ സാമ്പിളുകൾ ശേഖരിച്ചു തുടങ്ങി. ഇവിടെ ആധാറിനായി ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നത് പോലെ ഉയ്ഗൂറുകൾക്ക് മാത്രമായി സംവിധാനങ്ങൾ കൊണ്ടുവന്നു. മുസ്‌ലിംകളുടെ വാഹനങ്ങളിൽ പ്രത്യേക ജി പി എസുകൾ ഘടിപ്പിച്ചു. വിദേശത്തുള്ള ബന്ധുക്കൾ വിളിച്ചാൽ ഫോൺ അറ്റൻഡ് ചെയ്യണമെങ്കിൽ പോലും സർക്കാറിന്റെ സമ്മതം വേണമെന്ന നിലയിലെത്തി. ഇതിനെല്ലാം പുറമേയാണ് “കുലീനരാകുക’ എന്ന പേരിൽ മിശ്ര താമസ പദ്ധതിയൊരുക്കിയത്. വല്ലാത്ത പ്രഹസനമാണ് ഈ പദ്ധതി.

സിൻജിയാംഗിൽ സർക്കാർ കുടിയിരുത്തിയ ആയിരക്കണക്കായ ഹാൻ വംശജരുമായി ഉയ്ഗൂറുകൾ ശരിയായി ഇടപഴകാത്തതാണത്രേ പ്രശ്‌നം. സ്വന്തം മണ്ണും വ്യക്തിത്വവും സ്വസ്ഥതയും തകർത്ത്, അധികാര ചിഹ്നങ്ങളുമായി വരുന്നവരോട് എങ്ങനെ ഇഴുകിച്ചേരാനാകും? അധമത്വവും അധീശത്വവും തമ്മിലുള്ള സംഘട്ടനം അനിവാര്യമല്ലേ. എന്നാൽ ഈ ചോദ്യങ്ങളൊന്നും സർക്കാറിന്റെ തലയിൽ കയറിയില്ല. അവർ ഏച്ചു കെട്ടാൻ തന്നെ തീരുമാനിച്ചു. ഹാൻ കുടുംബങ്ങൾ ഉയ്ഗൂർ മുസ്‌ലിംകളുടെ വീട്ടിൽ അതിഥികളായെത്തും. അവരെ യഥാവിധി സ്വീകരിക്കണം. സൗകര്യങ്ങൾ ഒരുക്കണം. അയക്കുന്നത് സർക്കാറാണ്. എന്ത് കുറവു വന്നാലും ചോദ്യം വരും. ആദ്യമൊക്കെ ഉയ്ഗൂറുകൾ നല്ല ആതിഥേയരായി. പിന്നെ അവർക്ക് മനസ്സിലായി ഈ അതിഥികൾ വന്നിരിക്കുന്നത് തങ്ങളെ ചൂഴ്ന്നു നോക്കാനാണ്. എത്ര ആഴത്തിൽ മതം ആചരിക്കുന്നവരാണ് ഉയ്ഗൂർ മുസ്‌ലിംകളെന്ന് കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാനാണത്രേ അവർ അയക്കപ്പെട്ടിരിക്കുന്നത്. എല്ലാ മതചിഹ്നങ്ങളും ഒളിപ്പിച്ച് ദേശീയ മുസ്‌ലിം ആയാൽ രക്ഷപ്പെട്ടു. അല്ലെങ്കിൽ പുനർ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ അയക്കപ്പെടും. പുനർ വിദ്യാഭ്യാസ കേന്ദ്രങ്ങളെന്നാൽ തുറന്ന ജയിലുകളാണ്. ദേശക്കൂറിൽ സംശയം തോന്നുന്ന മുസ്‌ലിംകളെ ഇവിടേക്ക് അയക്കും. തടവിന് ഒരു പരിധിയുമില്ല. ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുവെന്ന് ഈയടുത്താണ് ചൈനീസ് സർക്കാർ സമ്മതിച്ചത്. അന്താരാഷ്ട്ര മാധ്യമങ്ങൾ തെളിവ് സഹിതം റിപ്പോർട്ട് ചെയ്തപ്പോൾ മാത്രം.

യൂറോപ്പിലുമുണ്ട് കശ്മീർ

എവിടെയൊക്കെ സാംസ്‌കാരിക വ്യക്തിത്വം തകർത്ത് ദേശത്തോട് കൂട്ടിച്ചേർക്കൽ നടന്നിട്ടുണ്ടോ അവിടെയൊക്കെ ഇത്തരം മനുഷ്യാവകാശ ലംഘനങ്ങൾ അരങ്ങേറിയിട്ടുണ്ട്. ഗ്രേറ്റ് ബ്രിട്ടനും അയർലാൻഡും തമ്മിലുള്ള പ്രശ്‌നത്തിന്റെ കാതൽ ഈ കൂട്ടിച്ചേർക്കലാണ്. ഇറ്റലിയിലെ വടക്കേയറ്റത്തുള്ള ആൾട്ടോ ആഡിഗെ പ്രവിശ്യക്ക് കശ്മീരിനോട് ഏറെ സാമ്യമുണ്ട്. ഈ ജനത ചരിത്രത്തിലുടനീളം സ്വയംഭരണത്തിനായി പോരാടിയവരാണ്. ജർമൻ ഭാഷ സംസാരിക്കുന്നവരാണ് അവർ. ഇറ്റലിയിലെ ഭാഷാ ന്യൂനപക്ഷ പ്രദേശം.

ഹാബ്‌സ്ബർഗ് രാജവംശത്തിന്റെ കൈയിലായിരുന്ന ഈ പ്രദേശം ഒന്നാം ലോകമഹായുദ്ധത്തിന് പിറകേ പിറന്ന വേഴ്‌സായി സന്ധിയുടെ ഭാഗമായി ഇറ്റലിയോട് കൂട്ടിച്ചേർക്കപ്പെട്ടു. പക്ഷേ, ഓസ്ട്രിയയോടുള്ള സംസ്‌കാരിക ചായ്‌വ് അവർക്ക് ഉപേക്ഷിക്കാനായില്ല. 1922ൽ മുസ്സോളിനി ഇറ്റലിയുടെ അധികാരം പിടിക്കുകയും ഫാസിസ്റ്റ് വാഴ്ച തുടങ്ങുകയും ചെയ്തതോടെ ഈ വേറിട്ട് നിൽപ്പ് വലിയ വിഷയമായി മാറി. ആൾട്ടോ ആഡിഗയെ പാഠം പഠിപ്പിക്കാൻ അദ്ദേഹം രംഗത്തിറങ്ങി. ആഭ്യന്തര കുടിയേറ്റം തന്നെയായിരുന്നു പദ്ധതി. ലക്ഷക്കണക്കിന് ഇറ്റാലിയൻ വംശജരെ പ്രവിശ്യയിലേക്ക് അയച്ചു. ഒടുവിൽ ജർമൻ ഭാഷ സംസാരിക്കുന്നവർ ന്യൂനപക്ഷമായി. അവരുടെ സാംസ്‌കാരിക ശേഷിപ്പുകൾ ഒന്നൊന്നായി തകർക്കപ്പെട്ടു. ഈ ഇറ്റാലിയനൈസേഷന് ഹിറ്റ്‌ലറുടെ നിർലോഭമായ പിന്തുണയുണ്ടായിരുന്നുവെന്നതാണ് കൗതുകകരം. ഏതായാലും ആധുനിക ഇറ്റലി ഈ പ്രദേശത്തിന് പ്രത്യേക പദവി നൽകുന്നുണ്ട്. ചരിത്രത്തോടുള്ള ചെറിയ പ്രായശ്ചിത്തം.

സാംസ്‌കാരികവും മതപരവുമായ വ്യക്തിത്വം അംഗീകരിക്കുമ്പോഴാണ് ദേശരാഷ്ട്രം ശക്തമാകുന്നത്. വീ ഫീലിംഗ് ശക്തമാകുക വ്യതിരിക്തതകളെ ഇടിച്ച് നിരപ്പാക്കുമ്പോഴല്ല, അവ നിലനിർത്തുമ്പോഴാണ്. അതാണല്ലോ നാനാത്വത്തിൽ ഏകത്വം.