നാട്ടുമണമുള്ള എഴുത്തുകൾ

മുഖാമുഖം
Posted on: August 18, 2019 3:10 pm | Last updated: August 18, 2019 at 3:12 pm

പ്രകൃതിയും മനുഷ്യനും നിത്യജീവിതവുമായി ചേർന്നു നിൽക്കുന്ന എഴുത്തും നിലപാടുമാണ് ടി ആർ തിരുവഴാംകുന്നിന്റെത്. സാമൂഹ്യശാസ്ത്രത്തിന്റെ മനസ്സും കലാകാരന്റെ ഹൃദയവും ഒന്നുചേർന്ന ഒരാൾ എന്നാണ് ടി ആറിനെ, എം ടി വാസുദേവൻ നായർ വിശേഷിപ്പിച്ചത്. നർമത്തിന്റെ, നേരിന്റെ നിരന്തരപ്രയോഗങ്ങളിലൂടെ എഴുത്തിലും പ്രഭാഷണത്തിലും ആർദ്രത കരുതലാക്കിയ ഒരാൾ. സാധാരണ സമൂഹത്തെ നല്ലൊരു സാമൂഹികസ്ഥിതിയിലേക്ക് നയിക്കാൻ അഭിലഷിക്കുന്ന മാനവികൻ. ആഗോളതലത്തിൽ ചിന്തിക്കുക, പ്രാദേശികതലത്തിൽ പ്രവർത്തിക്കുക എന്നതാണ് അദ്ദേഹത്തിന്റെ നയം. മതേതരത്വം, മാനവികത, സോഷ്യലിസം, സമദർശനം, സാർവലൗകികത്വം തുടങ്ങിയ ഗുണവിശേഷങ്ങളാൽ നാനാമുഖമാണ് രചനകൾ. 32 പുസ്തകങ്ങൾ, രണ്ടായിരത്തിലേറെ ലേഖനങ്ങൾ, ആനുകാലികങ്ങളിലെ കോളങ്ങൾ.. സർഗജീവിതം ആറ് പതിറ്റാണ്ടിനോടടുക്കുമ്പോൾ ടി ആർ ജീവിതം പറയുന്നു…

? കുട്ടിക്കാലവും എഴുത്തനുഭവവും

1942 ജൂലൈ 15നാണ് ജനനം. അലനല്ലൂർ പഞ്ചായത്തിലെ പാറപ്പുറം എന്ന സ്ഥലത്ത്. അച്ഛൻ താന്നിക്കൽ ആപ്പ, അമ്മ കുഞ്ചിയമ്മ. അരിഷ്ടതകൾ നിറഞ്ഞ ബാല്യം. കഷ്ടപ്പാടുകൾ കശക്കിയെറിഞ്ഞ കൗമാരം. പ്രാഥമിക വിദ്യാഭ്യാസം കൊണ്ടുതന്നെ പഠനം നിർത്തേണ്ട സാഹചര്യമായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാ താത്പര്യവും അക്കാലത്ത് ഞങ്ങളുടെ പ്രദേശത്ത് കുറവായിരുന്നു. 1956ൽ മലബാർ ജില്ലാ ബോർഡ് കുറെ വിദ്യാലയങ്ങൾ ആരംഭിച്ചു. തത്ഫലമായി ഭീമനാട് പ്രാഥമിക വിദ്യാലയം യു പി സ്‌കൂളായി ഉയർത്തപ്പെട്ടു. അലനല്ലൂരിലെ യു പി സ്‌കൂൾ ഹൈസ്‌കൂളായും ഉയർന്നു. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അനുകൂലമായ ഈ സാഹചര്യം എനിക്കും പഠനം തുടരാൻ സഹായമായി.

എന്റെ ആദ്യസൃഷ്ടി പ്രസിദ്ധീകരിക്കപ്പെട്ടത് 1961ലാണ്. അന്ന് എസ് എസ് എൽ സി വിദ്യാർഥിയാണ്. ഞാനും സതീർഥ്യരും പഠിക്കുന്ന സാമൂഹ്യപാഠം പുസ്തകത്തിലെ തെറ്റും ശരിയും ചൂണ്ടിക്കാട്ടുന്നതായിരുന്നു ആദ്യ ലേഖനം. പത്രത്തിൽ എഴുതിയതിന് അധ്യാപകൻ ശിക്ഷിക്കുമെന്ന് കുട്ടികൾ ഭയപ്പെടുത്തി. എന്നാൽ, സ്‌കൂൾ അസംബ്ലിയിലേക്ക് വിളിച്ചുവരുത്തി ഹെഡ്മാസ്റ്റർ അഭിനന്ദിക്കുകയാണ് ഉണ്ടായത്. വിജുഗീഷുവിനെ പോലെയാണ് ഞാൻ ക്ലാസിലേക്ക് മടങ്ങിയത്. അധ്യാപകരും സഹപാഠികളും പത്രത്തിൽ എഴുതിയതിന് അഭിനന്ദിച്ചുകൊണ്ടിരുന്നു. തൃശൂർ വെറ്ററിനറി കോളജിൽ പഠിച്ചിരുന്ന കാലത്താണ് എഴുത്തിൽ വ്യാപൃതനാകുന്നത്. ലേഖനം, ചെറുകഥ, നോവൽ, ആക്ഷേപഹാസ്യം തുടങ്ങിയ സാഹിത്യ ശാഖകളിലായി വായനാനന്തര അനുഭവമായി അവ നിൽക്കുന്നു. വായനക്കാരന് വ്യാമോഹം നൽകാറില്ല. ജീവിതത്തോട് ചേർന്നു നിൽക്കുന്ന തുറന്നെഴുത്താണ്. വായനക്കാർ അതിൽ കൃതാർഥരുമായിരിക്കണം.

? എഴുത്തും പ്രസംഗവും പ്രതിബദ്ധതയും

അടിസ്ഥാന ജനവിഭാഗത്തോടും ജീവിതത്തിന്റെ ഉള്ളകങ്ങളോടുമുള്ള ഐക്യദാർഢ്യമാണ് എന്റെ പ്രതിബദ്ധത. അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടും രാജിയാകാനാകില്ല. എഴുത്തിലൂടെ സാമൂഹ്യ ജീർണതകളെ വിശുദ്ധമാക്കുന്ന കപടസാഹിത്യം അറിയില്ല. വെല്ലുവിളികളെ നേരിട്ടും ഭാഷയോടുള്ള, സമൂഹത്തോടുള്ള പ്രതിബദ്ധത ഏറ്റെടുത്തുമാണ് എന്റെ എഴുത്തും നിലപാടും. ഓരോരുത്തർക്കും അവരുടെതായ വ്യക്തിബോധവും സ്വാതന്ത്ര്യവും വിശ്വാസവുമുണ്ടായിരിക്കണം. മനുഷ്യനേക്കാൾ പ്രാധാന്യം ഭാഷക്കും ആശയത്തിനും കൈവരിക എന്നത് അംഗീകരിക്കാനാകില്ല. കേവലം ഒരാൾക്ക് ഒരു വ്യക്തിയോടു തോന്നുന്നതല്ല മനുഷ്യത്വം. മുഴുവൻ മനുഷ്യസമൂഹത്തോടും തോന്നുന്ന കരുതലും സഹിഷ്ണുതയുമാണത്. സാഹിത്യത്തേക്കാളുപരി സാമൂഹ്യ പ്രശ്‌നങ്ങൾക്കാണ് ഞാൻ പ്രാധാന്യം നൽകിയിട്ടുള്ളത്. എന്റെ എഴുത്തിൽ പ്രതിഫലിക്കുന്നതും കൂടുതൽ സാമൂഹ്യപ്രശ്‌നങ്ങളാണ്.

“ചെറുത് മനോഹരം’ എന്ന ആശയം എന്റെ യൗവനകാലത്ത് സമൂഹം നെഞ്ചോടു ചേർത്ത് ലാളിക്കുമായിരുന്നു. എന്നാൽ, ഇന്ന് “വലുത് മനോഹരം’ എന്നായിരിക്കുന്നു. പാവപ്പെട്ട പാർശ്വവത്കൃത ജനവിഭാഗങ്ങളെ സമുദ്ധരിക്കാൻ പ്രതിജ്ഞാബദ്ധരായവർ പോലും ആ കാര്യം സാക്ഷാത്കരിക്കപ്പെടും മുമ്പ് സ്വന്തം കാര്യങ്ങൾ സാധിച്ചെടുക്കുകയാണ്. സ്റ്റേജിൽ കയറി ഗുണദോഷിക്കുന്നവർ പോലും സുഖലോലുപതയിൽ മദിക്കുന്നു.

“സ്‌നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ
സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തേയും’
വയലാറിന്റെ ഈ വരികളാണ് എന്റെ രചനയുടെ മുഖമുദ്ര. എന്റെ ആദ്യ പുസ്തകമായ “മാറുന്ന കാലം മാറാത്ത മനുഷ്യർ’ എന്ന കൃതിയിൽ ഈ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഈ സോഷ്യൽ മീഡിയ കാലത്ത് എഴു ത്തിനും ആവിഷ്‌കാരത്തിനും അനേകതലമുണ്ട്. ഉൾമുഴക്കങ്ങൾ ഇല്ലാത്ത കേവലമായ വികാരപ്രകടനങ്ങൾ ആകരുത്. മലയാളിയുടെ ഉയർന്ന സാമൂഹ്യസാംസ്‌കാരികബോധത്തെ അവമതിക്കുന്നതാവാറുണ്ട് പലപ്പോഴും സോഷ്യൽ മീഡിയ.

? എഴുത്തിലേക്കുള്ള വഴി

ധാരാളം വായിക്കണം. വായിച്ചതിനെ കുറിച്ച് ചിന്തിക്കണം. ശില്പശാലകളിൽ പങ്കെടുത്തും എഴുത്തുകാരുമായി സംവദിച്ചും വിജ്ഞാന വികാസമുണ്ടാക്കണം. എഴുത്തുകാരനാകാൻ ആഗ്രഹിക്കുന്നയാൾക്ക് ശക്തമായ നിരീക്ഷണപാടവവും കഠിനാധ്വാനവും ആവശ്യമാണ്. തനിക്കൊരിക്കലും എഴുതാതിരിക്കാനാവില്ല എന്ന തോന്നലിലൂടെയാണ് എഴുത്തുണ്ടാകുന്നത്. ജീവിതസന്ദർഭത്തിലൂടെ എഴുത്തിനുള്ള ആശയം രൂപപ്പെടും. ജീവിതാനുഭവങ്ങളുടെ അഗാധതയിൽ മുത്തുകൾ തേടുന്ന ഒരു അന്വേഷിയാവണം എഴുത്തുകാരൻ. എഴുത്തിന് കരുത്തുകൂട്ടുന്നത് എന്താണെങ്കിലും എഴുത്തിന് അതിന്റെതായ തെളിച്ചവും അനുഭൂതിദായകത്വവുമുണ്ട്. വാക്കുകളുടെ കാവ്യസഞ്ചാരമാണത്. വായനയെ നിരന്തരം പ്രണയിച്ചുകൊണ്ടല്ലാതെ എഴുത്തിന്റെ മാർഗത്തിൽ സഞ്ചരിക്കാനാകില്ല.

? ജനാധിപത്യത്തിന്റെ ഇന്ത്യനവസ്ഥ

ലോകത്തിലെ ഏറ്റവും നല്ല ഭരണവ്യവസ്ഥയാണ് ജനാധിപത്യം. പക്ഷേ ഇന്ത്യയിൽ ഇന്ന് ജനാധിപത്യം വികലവും ധനാധിപത്യവുമായി പരിണമിക്കുകയാണ്. മതാധികാരം വ്യവസ്ഥപ്പെടുത്താനുള്ള ഒന്നായി ജനാധിപത്യം മാറുന്നു. ആത്മീയ വശത്ത് നിൽക്കേണ്ട മതം രാഷ്ട്രത്തിലും ഭരണത്തിലും പൊതുബോധത്തിലും കലരുന്നു. ഈ അമിതാധികാരവും അധിനിവേശവും ബഹുജനങ്ങളെ നിസ്സഹായരാക്കി തീർക്കുന്നു. പൗരാവകാശങ്ങൾ ധ്വംസിക്കപ്പെടുന്നു. ജനങ്ങളുടെ അവകാശങ്ങളെ എപ്പോഴും വെല്ലുവിളിക്കുന്നു. ജനാധിപത്യ സംരക്ഷണത്തിന് മതനിരപേക്ഷവാദികളുടെ ശക്തമായ സാന്നിധ്യം പാർലിമെന്റിൽ ഉണ്ടാകണം. നമ്മൾ ഭയന്നു മാറി നിന്നാൽ ജനാധിപത്യം എളുപ്പത്തിൽ ദുർബലമാകും. ഭാരതീയരെ ഭാരതീയരാക്കിയ മാനുഷിക മൂല്യങ്ങളും സഹവർത്തിത്വവും അസ്തമിക്കുന്നതിൽ ജാഗരൂകരായിരിക്കണം. രാഷ്ട്രത്തിന്റെ പരമമായ നിലനിൽപ്പിനും പൗരാവകാശ സംരക്ഷണത്തിനും നമ്മൾ തിരഞ്ഞെടുക്കുന്നത് ഒട്ടും വിശ്വാസമില്ലാത്ത ആൾക്കാരെയും പാർട്ടികളെയും ആയിരിക്കരുത്.

? യുക്തിവാദിയായ എഴുത്തുകാരൻ എന്ന വിശേഷണമുണ്ടല്ലോ

യുക്തിവാദം എന്നാൽ കേവലം ദൈവനിഷേധവാദമല്ല. യുക്തിവാദിയായ ഒരാൾക്ക് ദൈവമില്ല എന്ന് വിശ്വസിക്കാം. പക്ഷേ ദൈവമില്ലെന്ന് ആവർത്തിച്ച് ഉരുവിട്ടതുകൊണ്ടുമാത്രം ഒരാൾ യുക്തിവാദിയാകുന്നില്ല. മറിച്ച് അയാൾ മതേതരത്വത്തിനും മാനവികതക്കും വേണ്ടി അദമമ്യമായി ആഗ്രഹിക്കുന്ന ഒരുവനാകണം. സാമൂഹികമായ ഉത്കർഷയുമുണ്ടായിരിക്കണം. ശാസ്ത്ര വിശ്വാസിയും പരിസ്ഥിതി സ്‌നേഹിയുമാകണം. സ്ഥലകാലവർഗജാതി ഭേദങ്ങളെ അതിവർത്തിക്കുന്ന മാനവിക നിലപാടുണ്ടായിരിക്കണം. വൈവിധ്യത്തിന്റെ ബഹുവർണമാണ് ഈ രാജ്യത്തിന്റെ സവിശേഷത. ഓരോ മതവിശ്വാസിക്കും മതമില്ലാത്തവനും അവരുടെതായ സ്വരമുണ്ട്. ജീവിതരീതിയിലും വേഷത്തിലും ആഹാരത്തിലും വരെ സ്വാതന്ത്ര്യമെന്നത് ബഹുസ്വരതയുടെ അടിസ്ഥാനഘടകമാണ്.

? ഈ വീട് നിറയെ പുരസ്‌കാരങ്ങളാണല്ലോ

അവാർഡുകളോട് ഒരു കാലത്തും പ്രതിപത്തിയില്ല. അവാർഡ് ആഗ്രഹിച്ച് യാതൊരു പ്രവർത്തനവും ചെയ്തിട്ടുമില്ല. നിനച്ചിരിക്കാത്ത നേരത്ത് ഒരു പുരസ്‌കാരം തേടി വരുമ്പോൾ നല്ല സന്തോഷം തോന്നിയിട്ടുണ്ട് എന്നത് സത്യം. വി ടി ഭട്ടതിരിപ്പാട് സമഗ്രസംഭാവന പുരസ്‌കാരം (2012), ഹാസ്യകേളി അവാർഡ് (2013), കല്ലബലം വിശ്വംഭരൻ സ്മാരക പുരസ്‌കാരം, പവനൻ സ്മാരക പുരസ്‌കാരം, പി എം നമ്പൂതിരി സ്മാരക അവാർഡ് തുടങ്ങിയ അനേകം അംഗീകാരങ്ങൾ ഹൃദയഹാരിയായ സ്മൃതികൾ തന്നെയാണ്. അവാർഡു തുക സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാറില്ല. അവാർഡുകൾ അലങ്കാരത്തേക്കാളുപരി ചുമതലയെയും ബാധ്യതകളെയും ഓർമിപ്പിക്കുന്ന ഒന്നാണ്. പിന്നെ എന്തും കൃത്യതയോടെ റെക്കോർഡാക്കി സൂക്ഷിക്കുന്നതാണ് എന്റെ രീതി. (പത്ര കട്ടിംഗുകളും പുരസ്‌കാര സമർപ്പണവും എഴുത്തും എല്ലാം ടി ആർ ആൽബമായി സൂക്ഷിച്ചിരിക്കുന്നു).
? ടി ആർ എന്ന രണ്ടക്ഷരവും താങ്കളും
പി ആർ അതിരമ്പുഴ, കെ എ കൊടുങ്ങല്ലൂർ, എ കെ കുമാരമംഗലം തുടങ്ങിയ തൂലികാനാമങ്ങൾ എന്റെ കൗമാരകാലത്ത് കേട്ടിരുന്നു. ആ മാതൃകയിലാണ് ടി ആർ തിരുവഴാംകുന്ന് എന്ന പേരിൽ എഴുത്ത് തുടങ്ങിയത്. ടി രാമൻ എന്നാണ് യഥാർഥ നാമം. “ടി ആർ’ എന്ന രണ്ടക്ഷരത്തിലാണ് വിളിക്കപ്പെടുന്നത്. ഈ പേരിൽ ഒരു ഡോക്യുമെന്ററിയും ഇറങ്ങിയിട്ടുണ്ട്.

ടി ആർ തിരുവഴാംകുന്ന്/ സമദ് കല്ലടിക്കോട്
[email protected]