Ongoing News
കാബൂളില്‍ വിവാഹച്ചടങ്ങിനിടെ ചാവേര്‍ സ്‌ഫോടനം; 63 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ശനിയാഴ്ച രാത്രിയുണ്ടായ ചാവേറാക്രമണത്തില്‍ 63 പേര്‍ കൊല്ലപ്പെട്ടു. 182 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ഷിയ-ഹസാര സമുദായത്തില്‍ പെട്ട കുടുംബത്തിന്റെ ഒരു വിവാഹ ചടങ്ങിനിടെ ദേഹത്ത് സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ചെത്തിയ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
കാബൂളിനു പടിഞ്ഞാറുള്ള ദുബൈ സിറ്റി വിവാഹ ഹാളില്‍ സംഗീത നിശ നടക്കുകയായിരുന്ന വേദിക്കു സമീപമാണ് സ്‌ഫോടനമുണ്ടായതെന്ന് അഫ്ഗാന്‍ ആഭ്യന്ത്ര മന്ത്രാലയ വക്താവ് നസ്‌റത്ത് റാഹിമിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തില്‍ മനുഷ്യ ശരീരങ്ങളും ഹാളിലുണ്ടായിരുന്ന മേശകളും കസേരകളും ഉള്‍പ്പടെയുള്ള വസ്തുക്കളും പൊട്ടിത്തെറിച്ചു. ആയിരത്തിലധികം പേര്‍ സംഭവ സമയത്ത് ഹാളിലുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കൊല്ലപ്പെട്ടവരുടെ കൃത്യമായ കണക്കോ മറ്റു വിശദാംശങ്ങളോ ലഭ്യമായിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ മുഹിബുല്ല സീര്‍ പറഞ്ഞു.