Connect with us

Kerala

അഞ്ച് ദിവസം കൊണ്ട് 80 ലോഡ് സ്‌നേഹം; മാതൃക കാട്ടി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്

Published

|

Last Updated

തിരുവനന്തപുരം: ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ള അവശ്യവസ്തുക്കള്‍. എല്ലാം സ്‌നേഹത്തില്‍ പൊതിഞ്ഞത്. അഞ്ച് ദിവസംകൊണ്ട് അങ്ങനെ നിറഞ്ഞുകവിഞ്ഞത് 80 ലോഡ് സ്‌നേഹം. ആ സ്‌നേഹത്തിന് തിരുവനന്തപുരത്തിന്റെ മധുരമുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധുവിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ പഞ്ചായത്തുകളും ബ്‌ളോക്ക് പഞ്ചായത്തുകളും കൈകോര്‍ത്തപ്പോഴാണ് ദുരന്തബാധിത പ്രദേശങ്ങളിലുള്ളവര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ ജില്ലാ പഞ്ചായത്ത് മുറ്റത്ത് നിറഞ്ഞത്.

വെള്ളിയാഴ്ചയോടെ ജില്ലാ പഞ്ചായത്തിലെ കളക്ഷന്‍ സെന്റര്‍ അവസാനിപ്പിക്കാമെന്ന് കരുതിയെങ്കിലും വീണ്ടും സഹായം വന്നുകൊണ്ടിരിക്കുകയായിരുന്നുവെന്ന് വി. കെ. മധു പറഞ്ഞു. ഉച്ചയോടെ അമ്പതാമത്തെ ലോഡ് ആലപ്പുഴ കൈനകരിയിലേക്ക് പോയശേഷവും 30 ലോഡ് സാധനങ്ങള്‍ അവശേഷിക്കുകയായിരുന്നു. തുടര്‍ന്ന് രാത്രിയിലും ലോറികളില്‍ സാധനങ്ങള്‍ നിറച്ചു. പഞ്ചായത്തുകളില്‍ നിന്നും മറ്റു ഇനി വരുന്ന സാധനങ്ങള്‍ എസ്. എം. വി സ്‌കൂളില്‍ ശേഖരിച്ച് അവിടെ നിന്ന് അയയ്ക്കാനാണ് തീരുമാനം.

ആഗസ്റ്റ് 12ന് ദേവസ്വം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ജില്ലയിലെ പഞ്ചായത്തുകളിലെയും ബ്േളാക്ക് പഞ്ചായത്തുകളിലെയും പ്രതിനിധികളെ ജില്ലാ പഞ്ചായത്തില്‍ വച്ച് നേരില്‍ കണ്ട് സഹായം ഒരുക്കാന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നുവെന്ന് വി. കെ. മധു പറഞ്ഞു. 13 മുതല്‍ ജില്ലാ പഞ്ചായത്തിലേക്ക് സഹായത്തിന്റെ കുത്തൊഴുക്കായിരുന്നു. ആദ്യ ദിനങ്ങളില്‍ ദുരന്തം ഏറ്റവുമധികം ബാധിച്ച വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കായിരുന്നു ലോറികള്‍ സാധനങ്ങളുമായി പോയത്. പായ, അരി, പയര്‍വര്‍ഗങ്ങള്‍, ബിസ്‌കറ്റ്, സോപ്പ്, ബക്കറ്റ്, മഗ് തുടങ്ങി എല്ലാ വസ്തുക്കളും കളക്ഷന്‍ കേന്ദ്രത്തിലെത്തി.

72 ഗ്രാമപഞ്ചായത്തുകളും 11 ബ്‌ളോക്ക് പഞ്ചായത്തുകളും സഹകരിച്ചു. പ്രാദേശികതലത്തില്‍ 83 കളക്ഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. റസിഡന്റ്‌സ് അസോസിയേഷനുകള്‍, കുടുംബശ്രീ, വ്യാപാരികള്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ സാധനങ്ങള്‍ കളക്ഷന്‍ കേന്ദ്രങ്ങളിലെത്തിച്ചു. ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കു പുറമെ കുടുംബശ്രീ പ്രവര്‍ത്തകര്‍, ജില്ലാ പഞ്ചായത്തിലെ ജീവനക്കാര്‍, വിവിധ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തകര്‍ എന്നിവരെല്ലാം സാധനങ്ങള്‍ തരംതിരിക്കാനും അടുക്കാനും ലോറികളില്‍ കയറ്റാനുമെത്തി. ഒരു സമയം 500 വോളണ്ടിയര്‍മാര്‍ വരെ കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചു. 13 മുതല്‍ കളക്ഷന്‍ കേന്ദ്രം 24 മണിക്കൂറും പ്രവര്‍ത്തിച്ചു. ഓരോ ജില്ലയിലേക്കും ആവശ്യമുള്ള വസ്തുക്കളെന്തെന്ന് മനസിലാക്കിയാണ് ലോഡുകള്‍ അയച്ചത്. ജില്ലാ ഭരണകൂടത്തിനാണ് ഇവ കൈമാറിയത്.

ആദ്യ ദിവസങ്ങളില്‍ കുടിവെള്ളം, തുണി തുടങ്ങിയ സാധനങ്ങളാണ് കൂടുതല്‍ കയറ്റിവിട്ടത്. പിന്നീട് അരി, മറ്റു ഭക്ഷ്യവസ്തുക്കള്‍, കാലിത്തീറ്റ, നാപ്കിന്‍, വൃത്തിയാക്കുന്നതിനുള്ള വസ്തുക്കള്‍ തുടങ്ങിയവ കൂടുതലായി അയച്ചു. ആദ്യ ദിവസം രണ്ട് ലോഡ് വെള്ളം മാത്രം പോയതായി വി. കെ. മധു പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്ന് ശേഖരിച്ച 20 ലക്ഷം രൂപയുടെ മരുന്നുകളും കയറ്റിവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രളയകാലത്ത് ഒരു കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് സമാഹരിച്ചു നല്‍കിയത്. ജില്ലകളിലെ ക്യാമ്പുകളില്‍ നിന്നുള്ള ആവശ്യം അനുസരിച്ച് എസ്. എം. വി സ്‌കൂളില്‍ നിന്ന് സാധനങ്ങള്‍ കയറ്റി വിടുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പ്രതീക്ഷകള്‍ക്ക് അപ്പുറമായിരുന്നു ജനങ്ങളുടെ സഹകരണം. ഈ ദിവസങ്ങളില്‍ ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച മുഴുവന്‍ പേര്‍ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Latest