Connect with us

Alappuzha

ഓമനക്കുട്ടനെതിരായ സസ്‌പെന്‍ഷന്‍ നടപടി സിപിഎം പിന്‍വലിച്ചു

Published

|

Last Updated

ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് പണം പിരിച്ചെന്ന് ആരോപിച്ച് സിപിഎം സസ്‌പെന്‍ഡ് ചെയ്ത ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടനെ തിരിച്ചെടുത്തു. ഓമനക്കുട്ടനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്ത നടപടി പാര്‍ട്ടി ജില്ലാ കമ്മിറ്റി പിന്‍വലിക്കുകയായിരുന്നു. പാര്‍ട്ടി അന്വേഷണത്തില്‍ ഓമനക്കുട്ടന്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.

ചേര്‍ത്തല തെക്കുപഞ്ചായത്ത് ആറാം വാര്‍ഡ് പട്ടിക ജാതി, പട്ടിക വര്‍ഗ കമ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് പണംപിരിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് ഓമനക്കുട്ടനെ സസ്‌പെന്‍ഡ് ചെയ്തത്. ഓമനക്കുട്ടന്‍ പണം പിരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങള്‍ കണ്ട് തെറ്റിദ്ധരിച്ചാണ് പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്.

എന്നാല്‍ പാര്‍ട്ടി ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് ഓമനക്കുട്ടന്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയത്. ക്യാമ്പിലുള്ളവരെ സഹായിക്കുകയാണ് ഓമനക്കുട്ടന്‍ ചെയ്തതെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ക്യാമ്പ് അംഗമായ ഓമനക്കുട്ടന്‍ അരി വാങ്ങി വന്നപ്പോള്‍ ഓട്ടോ കൂലി കൊടുക്കാനുള്ള പണം ഉണ്ടായിരുന്നില്ലെന്നും അതിന് വേണ്ടി ക്യാമ്പ് അംഗങ്ങളില്‍ നിന്ന് കുറച്ച് പണം വാങ്ങാന്‍ അദ്ദേഹം നിര്‍ബന്ധിതമായെന്നും അന്വേഷണത്തില്‍ ബോധ്യമായി. ഇതേതുടര്‍ന്ന് ഓമനക്കുട്ടന് എതിരെ നല്‍കിയ പരാതി പിന്‍വലിക്കുമെന്ന് റെവന്യൂ വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്. ഓമനക്കുട്ടന്‍ കള്ളനല്ലെന്നും ഓമനക്കുട്ടന് ഇതുമൂലമുണ്ടായ വിഷമത്തില്‍ ഖേദിക്കുന്നുവെന്നും റെവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി വേണു വ്യക്തമാക്കി.