Connect with us

Malappuram

ഈ സൈബര്‍ ബുള്ളിംഗ് ഒക്കെ എത്രയോ നിസാരം!; വിമര്‍ശകരോട് പി വി അന്‍വര്‍ എം എല്‍ എ

Published

|

Last Updated

നിലമ്പൂര്‍: കവളപ്പാറയിലെ ദുരന്തവുമായി ബന്ധപ്പെട്ട് പോത്ത്കല്ലില്‍ നടന്ന സര്‍വകക്ഷി യോഗത്തിനിടെ വിങ്ങിപ്പൊട്ടിയത് നാട്യമെന്ന് വിശേഷിപ്പിച്ചവര്‍ക്ക് മറുപടിയുമായി പി വി അന്‍വര്‍ എം എല്‍ എ. തന്റെ ഫേസ്ബുക്ക്‌ പേജിലൂടെയാണ് അന്‍വര്‍ രംഗത്തെത്തിയത്.

കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടിയ രാത്രിയില്‍ അമ്മയേയും സഹോദരിയേയും അവരുടെ ഭര്‍ത്താവിനെയും രണ്ട് മക്കളേയും കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ച് സഹായത്തിനായി കമ്മന്റ് ചെയ്ത ജോ എന്ന യുവാവിന്റെ ദയനീയാവസ്ഥ വിവരിച്ചായിരുന്നു അന്‍വറിന്റെ പോസ്റ്റ്. ജോയുടെ കുടുംബാംഗങ്ങളെല്ലാം അപകടത്തില്‍ പെട്ടിട്ടും നേരിട്ട് അറിയിക്കാന്‍ തോന്നിയില്ല. അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് വഴി സൂചന നല്‍കുകയും ഫോണില്‍ വിളിപ്പിക്കുകയും ചെയ്തു. അമ്മ, കൂടെപ്പിറപ്പ്, അവരുടെ മക്കള്‍, സഹോദരീ ഭര്‍ത്താവ് തുടങ്ങിയവരെയെല്ലാം നഷ്ടപ്പെട്ട ജോയെ പോലുള്ള നിരവധി ആളുകളെ കഴിഞ്ഞ ദിവസങ്ങളില്‍ നേരില്‍ കണ്ട് ആശ്വസിപ്പിച്ചിട്ടുണ്ട്. ജീവിതസമ്പാദ്യവും കിടപ്പാടവും നഷ്ടപ്പെട്ടവരുടെ മുന്നില്‍ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ നിന്നിട്ടുണ്ട്. ഉള്ളില്‍ കരഞ്ഞിട്ടുണ്ട്. അന്‍വര്‍ പറയുന്നു.

പ്രളയത്തില്‍ കുടുംബാംഗങ്ങളെ നഷ്ടമായ ജോയെ പി വി അന്‍വര്‍ എം എല്‍ എ വീട്ടിലെത്തി സന്ദര്‍ശിക്കുന്നു

ഇത്തരം സന്ദര്‍ഭങ്ങളുമായി കൂട്ടിനോക്കിയാല്‍, നിങ്ങളുടെ ഈ സൈബര്‍ ബുള്ളിംഗ് ഒക്കെ എത്രയോ നിസ്സാരം! ആ നിലയ്‌ക്കേ, ഇതിനെയൊക്കെ കാണുന്നുമുള്ളൂ. ഇതിനെയൊക്കെ നാട്യങ്ങളായി കാണുന്ന, വല്ലവരുടെയും പെട്ടി ചുമന്ന് നേതാവായി, എസി റൂമിലിരുന്ന് വായില്‍ തോന്നുന്നത് എഴുതി വിടുന്ന അഭിനവ സതീശന്‍ കഞ്ഞിക്കുഴിമാരോട് ഒന്നും പറയാനില്ലെന്നായിരുന്നു അന്‍വറിന്റെ മറുപടി.

പി വി അന്‍വര്‍ എം എല്‍ എയുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം:

കവളപ്പാറയില്‍ ഉരുള്‍ പൊട്ടിയതിന്റെ അന്ന് രാത്രിയില്‍,പേജില്‍ ഒരു എന്‍ക്വയറി വന്നിരുന്നു.”ജോ നിലമ്പൂര്‍”എന്ന യുവാവ്.തന്റെ അമ്മയേയും സഹോദരിയേയും അവരുടെ ഭര്‍ത്താവിനെയും രണ്ട് മക്കളേയും കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ലഭ്യമല്ല,സഹായിക്കണം എന്നായിരുന്നു അഭ്യര്‍ത്ഥന.സ്ഥലത്തില്ലെന്നും പ്രദേശത്ത് വെള്ളം പൊങ്ങിയതിനാല്‍ എത്താന്‍ കഴിയുന്നില്ലെന്നും ജോ സൂചിപ്പിച്ചിരുന്നു.ക്യാമ്പ് ഓഫീസിലെ ഹെല്‍പ്പ് ഡെസ്‌ക്കില്‍ നിന്ന് പോത്തുകല്ലിലെ ശ്രീ.സഹീര്‍ പരപ്പനെ ബന്ധപ്പെട്ടു.ഇവരെല്ലാം അപകടത്തില്‍ പെട്ടെന്ന് സഹീര്‍ അല്‍പ്പസമയത്തിനകം വിളിച്ച് അറിയിക്കുകയും ചെയ്തു.നേരിട്ട് അറിയിക്കാന്‍ ബുദ്ധിമുട്ട് തോന്നിയതിനാല്‍,രാവിലെ തന്നെ അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് വഴി സൂചന നല്‍കി,ഫോണില്‍ വിളിപ്പിക്കുകയും ചെയ്തു.ആ കുടുംബത്തിലെ ആരും രക്ഷപെട്ടിട്ടില്ല.കൂടെയുണ്ടായിരുന്ന അമ്മ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് സഹോദരിയുടെ വീട്ടിലേക്ക് പോയത്.

അമ്മ,കൂടെപ്പിറപ്പ്,അവരുടെ മക്കള്‍,സഹോദരീ ഭര്‍ത്താവ്..അവരെ എല്ലാം ജോയ്ക്ക് കവളപ്പാറയില്‍ നഷ്ടപ്പെട്ടു.ഇങ്ങനെ ഉള്ള നിരവധി ആളുകളെ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടിട്ടുണ്ട്.ആശ്വസിപ്പിച്ചിട്ടുണ്ട്.ജീവിതസമ്പാദ്യവും കിടപ്പാടവും നഷ്ടപ്പെട്ടവരുടെ മുന്നില്‍ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ നിന്നിട്ടുണ്ട്. ഉള്ളില്‍ കരഞ്ഞിട്ടുണ്ട്. അതിനെയൊക്കെ നാട്യങ്ങളായി കാണുന്ന, വല്ലവരുടെയും പെട്ടി ചുമന്ന് നേതാവായി,എസി റൂമിലിരുന്ന് വായില്‍ തോന്നുന്നത് എഴുതി വിടുന്ന അഭിനവ സതീശന്‍ കഞ്ഞിക്കുഴിമാരോട് ഒന്നും പറയാനില്ല.പെട്ടി തൂക്കി നേതാക്കള്‍ക്കൊപ്പം നടക്കുന്നതും ജനങ്ങള്‍ക്ക് ഒപ്പം..അവരുടെ വേദനയില്‍ പങ്ക് ചേര്‍ന്ന്..ചേര്‍ത്ത് നിര്‍ത്തുന്നതും..അവര്‍ക്ക് ആശ്വാസം നല്‍കുന്നതും, രണ്ടും രണ്ട് തന്നെയാണ്. ഇതൊക്കെ ഏറ്റ് പിടിക്കുന്ന മാധ്യമങ്ങളോടും തെല്ലും മമതയില്ല.

ഇന്ന് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ജോയെ വീട്ടില്‍ എത്തി സന്ദര്‍ശിച്ചിരുന്നു. കഴിയാവുന്ന രീതിയില്‍ ഒക്കെ ആശ്വസിപ്പിച്ചു.എന്നും കൂടെ ഉണ്ടാകുമെന്ന ഉറപ്പും നല്‍കി.ഇപ്പോള്‍,നേരിടേണ്ടി വരുന്ന ഇത്തരം സന്ദര്‍ഭങ്ങളുമായി കൂട്ടിനോക്കിയാല്‍,നിങ്ങളുടെ ഈ സൈബര്‍ ബുള്ളിംഗ് ഒക്കെ എത്രയോ നിസ്സാരം! ആ നിലയ്‌ക്കേ,ഇതിനെയൊക്കെ കാണുന്നുമുള്ളൂ.

---- facebook comment plugin here -----

Latest