ബഷീറിന്റെ കൊലപാതകം; ശ്രീറാം വെങ്കിട്ടരാമനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി സാക്ഷികള്‍

സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തും
Posted on: August 16, 2019 10:55 pm | Last updated: August 17, 2019 at 9:59 am

തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സാക്ഷികള്‍. കാറിടിച്ച് ബഷീര്‍ അപകടത്തില്‍പ്പെട്ട ഉടന്‍ സംഭവസ്ഥലത്ത് എത്തിയ മാധ്യമപ്രവര്‍ത്തകനായ ധനസുമോദിന്റെ മൊഴി ഇന്നലെ പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. സംഭവ സമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച നിലയിലായിരുന്നുവെന്ന് ധനസുമോദ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായ അസി. കമ്മീഷണര്‍ ഷീന്‍ തറയിലിന് മൊഴി നല്‍കി.

അപകടം നടന്ന് അല്‍പ്പ സമയത്തിനകം തന്നെ സംഭവ സ്ഥലത്തു നിന്ന് വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന കാര്‍ മാറ്റിയത് സംശയത്തിന് ഇട നല്‍കിയെന്നും ഈ സമയത്ത് താന്‍ കാറിന്റേയും ഇടിയുടെ ആഘാതത്തില്‍ മതിലില്‍ ചേര്‍ന്നു നില്‍ക്കുന്ന ബഷീറിന്റെ ബൈക്കിന്റെ ഫോട്ടോയും തന്റെ മൊബൈലില്‍ പകര്‍ത്തിയെന്നും ധനസുമോദ് അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കി. അപകടം നടന്നതിന് ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നുവെന്ന് മെഡിക്കല്‍ കോളജില്‍ ആദ്യ പരിശോധന നടത്തിയ ഡോക്ടറും മൊഴി നല്‍കി. അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കിയ സാക്ഷികളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്താനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗമായ ധനസുമോദാണ് ഫേസ്ബുക്കിലൂടെ അപകട വിവരം ആദ്യമായി പൊതുസമൂഹത്തെ അറിയിക്കുന്നത്. സംഭവം നടന്ന സമയം അതുവഴി സൈക്കിളില്‍ വരുകയായിരുന്ന ധനുസുമോദ് സംഭവ സ്ഥലത്ത് പോലീസ് വാഹനങ്ങള്‍ കണ്ടാണ് സൈക്കിള്‍ നിര്‍ത്തി സംഭവസ്ഥലത്തേക്ക് വന്നത്. ആ സമയം ബഷീറിന്റെ മൃതദേഹം റോഡില്‍ കിടത്തിയ നിലയിലായിരുന്നു. വെങ്കിട്ടരാമനാണ് ബഷീറിന്റെ മൃതദേഹത്തിന് അരികില്‍ നിന്നിരുന്നത്.

പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കിയ ശ്രീറാം ഒഴികെയുള്ള എല്ലാപേരും ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നെന്ന മൊഴിയാണ് നല്‍കിയിട്ടുള്ളത്. ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന വഫ ഫിറോസ്, ദൃക്‌സാക്ഷികളായ ബെന്‍സന്‍, ജോബി, ഷഫീക്ക്, മണിക്കുട്ടന്‍ എന്നിവരെല്ലാം ഇത്തരത്തിലുള്ള മൊഴിയാണ് നല്‍കിയിട്ടുള്ളതും. നിലവില്‍ രേഖപ്പെടുത്തിയിട്ടുള്ള സാക്ഷിമൊഴികള്‍ ശ്രീറാം വെങ്കിട്ടരാമന് എതിരായി ഉപയോഗിക്കാനാകുമോയെന്ന് പോലീസ് പരിശോധിക്കും.

അപകടം നടന്നയുടന്‍ പോലീസിനോട് ഡോ. റാം എന്ന പേരു പറഞ്ഞ ശ്രീറാം വെങ്കിട്ടരാമന്‍ തൊട്ടുപിന്നാലെ തന്റെ തിരിച്ചറിയല്‍ കാര്‍ഡ് പോലീസിനെ കാണിച്ചു. ഇതിനു ശേഷം പൊലീസ് ഭയഭക്തി ബഹുമാനത്തോടെയാണ് ശ്രീറാമിനോട് പെരുമാറിയതെന്ന മൊഴികളും പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. ശ്രീറാം വെങ്കിട്ടരാമനോട് പോലീസ് വിധേയ ഭാവം വെച്ചു പുലര്‍ത്തിയതോടെ കേസ് അട്ടിമറിക്കാന്‍ ഒത്തുകളിച്ചെന്ന ആക്ഷേപമാണ് ഉയരുന്നത്. സംഭവത്തിന് ദൃക്‌സാക്ഷിയായ ബെന്‍സന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ നല്‍കിയ മൊഴിയില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

തന്റെ കണ്‍മുന്നിലാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ബഷീറിനെ ഇടിച്ച് വീഴ്ത്തിയത്. അമിതവേഗത്തില്‍ കാറോടിച്ച ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് ബെന്‍സന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. അപകട സ്ഥലത്തെത്തിയ പൊലീസ് ആദ്യം ശ്രീറാമിനോട് ദേഷ്യപ്പെട്ടെങ്കിലും പിന്നീട് തന്റെ ഐ എ എസ് വിലാസം വ്യക്തമാക്കിയതോടെയാണ് സാഹചര്യം മാറിയെന്നും ഇതോടെയാണ് ശ്രീറാം െ്രെഡവിങ് സീറ്റില്‍ നിന്ന് ഇറങ്ങുന്നത് കണ്ടിട്ടും ആരാണ് വാഹനമോടിച്ചതെന്ന് അറിയില്ലെന്ന് പൊലീസ് നിലപാടെടുത്തതെന്നും ബെന്‍സന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിനിടെ അപകടത്തില്‍പെട്ട വാഹനത്തിന്റെ വേഗം അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നതിനായി അന്വേഷണ സംഘം വീണ്ടും മോട്ടോര്‍ വാഹന വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട്. ഇത് പരിശോധിക്കാനുള്ള സംഘം തലസ്ഥാനത്തെത്തി വാഹനം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും.