Connect with us

Kerala

'നമ്മള്‍ ഈ ജനതയെ സഹായിക്കണം'; പ്രസംഗത്തിനിടെ വിങ്ങിപ്പൊട്ടി പി വി അന്‍വര്‍ എം എല്‍ എ - വീഡിയോ

Published

|

Last Updated

നിലമ്പൂര്‍: പ്രളയം തകര്‍ത്തെറിഞ്ഞ നിലമ്പൂരിന്റെ ദുരിതത്തില്‍ വിങ്ങിപ്പൊട്ടി പി വി അന്‍വര്‍ എം എല്‍ എ. പോത്തുകല്ലില്‍ നടന്ന സര്‍വകക്ഷി യോഗത്തിനിടെ നിലമ്പൂരിന്റെ വേദനയില്‍ വിതുമ്പിയ അന്‍വര്‍ പ്രസംഗം പാതിവഴിയില്‍ അവസാനിപ്പിക്കുകയായിരുന്നു.

ജീവിതം മുഴുവന്‍ സമ്പാദിച്ചുണ്ടാക്കിയത് ഒരു രാത്രികൊണ്ട് നഷ്ടപ്പെട്ട ജനങ്ങളോട് എം എല്‍ എ എന്ന നിലയില്‍ എന്ത് ചെയ്ത് തരും എന്ന് പറയാനാവാതെ വീര്‍പ്പുമുട്ടുകയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു മൈക്കിനു മുന്നില്‍ അന്‍വര്‍ വിതുമ്പിയത്. ഈ ജനങ്ങളെ നാം സഹായിക്കേണ്ടതുണ്ട്. നമ്മളോരോരുത്തരും കഴിവിനനുസരിച്ച് സഹായിക്കണം. അന്‍വര്‍ പറഞ്ഞു. തുടക്കമെന്ന നിലയില്‍ പത്ത് ലക്ഷം സംഭാവനയും നല്‍കിയാണ് പി വി അന്‍വര്‍ പ്രസംഗം അവസാനിപ്പിച്ചത്.

ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് അറിയില്ല. സര്‍ക്കാര്‍ സഹായങ്ങള്‍ക്ക് കാത്തു നില്‍ക്കാതെ അടിയന്തരമായി നമുക്ക് ചെയ്യാനാവുന്നതെല്ലാം നിലമ്പൂരിനായി നാം ചെയ്യണം. അണ്ണാറക്കണ്ണനും തന്നാലായത് എന്ന് പറയുന്നത് പോലെ ഒരാള്‍ നൂറുരൂപയെങ്കിലും സംഭാവന ചെയ്യുക. ഏകദേശം 3000 കോടിയുടെ നഷ്ടമാണ് നിലമ്പൂരില്‍ ഉണ്ടായിരിക്കുന്നത്. ആളുകള്‍ക്ക് മുന്നില്‍ കരച്ചിലടക്കിപ്പിടിക്കാന്‍ അന്‍വര്‍ പാടുപെട്ടു.

കോടികളുടെ നാശനഷ്ടം സംഭവിച്ച നിലമ്പൂരിനായി എന്തെങ്കിലുമൊന്ന് ചെയ്തു കൊടുക്കാന്‍ ജനങ്ങളുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ധനസഹായം പ്രഖ്യാപിച്ചും സഹായം അഭ്യര്‍ത്ഥിച്ചും നിങ്ങളോടൊപ്പം ഒരു സഹോദരനായി ഉണ്ടാകുമെന്ന് വാക്കു കൂടി നല്‍കി അന്‍വര്‍ പ്രസംഗം നിര്‍ത്തി.

വീഡിയോ കാണാം:

Latest