Kerala
എല്ലാം കാരുണ്യവാന്റെ കൃപ: മുജീബ് സഖാഫി ഓർത്തെടുക്കുകയാണ് ദുരന്ത നിമിഷങ്ങൾ

മലപ്പുറം: പോത്തുകൽ കവളപ്പാറയിലെ സ്രാമ്പിക്കൽ മുജീബ് സഖാഫി സൃഷ്ടാവിനോട് നന്ദി പറയുകയാണ്. മലയോര മേഖലയിൽ വലിയ ദുരന്തമെത്തിയപ്പോൾ രക്ഷക്കായി തന്റെ വീട്ടിൽ അഭയം തേടിയ ഒരു പിഞ്ചു പൈതൽ അടക്കം ഒമ്പത് പേരുടെ ജീവൻ കാത്തതിന്. എന്നാൽ തന്റെ സുഹൃത്തുകളുടെയും അയൽവാസികളുടെയും ജീവിതം ദുരന്തം കൊണ്ടു പോയതിന്റെ സങ്കടവും ഇദ്ദേഹത്തിനുണ്ട്.
ഇതിനെ കുറിച്ച് അദ്ദേഹത്തിനോട് ചോദിച്ചാൽ ഒരു കാര്യം മാത്രമേ പറയാനുള്ളു “എല്ലാം കാരുണ്യവാന്റെ കൃപ”.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി 7.55 ഓടെയാണ് മലയോട് ചേർന്ന് കിടക്കുന്ന ആ പ്രദേശം കുറഞ്ഞ സമയം കൊണ്ട് ഇല്ലാതായത്. ഇക്കാര്യം മുജീബ് സഖാഫി വിശദീകരിക്കുന്നതിങ്ങനെ. വ്യാഴാഴ്ച വൈകീട്ടോടെ കനത്ത മഴയെ തുടർന്ന് വീടിന് സമീപത്തെ തോട്ടിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നു തുടങ്ങി. ഇത് കണ്ട് വീടിന് താഴെ ഭാഗത്തായി താമസിക്കുന്ന ജ്യേഷ്ഠൻ സിറാജുദ്ദീനും ഭാര്യ സജിനയും ഉമ്മ പാത്തുമ്മയും മുജീബിന്റെ വീട്ടിലേക്ക് അഭയം തേടിയെത്തി. സംഭവം നടക്കുമ്പോൾ മുജീബിന്റെ ഭാര്യ സുല്ലുവും പെൺമക്കളായ റസാന, അസ്‌ന സന, ഹന്ന ഫാത്വിമ എന്നിവർ വീട്ടിലുണ്ടായിരുന്നു. സംഭവം നടക്കുന്നതിന് തൊട്ട് മുന്നോടിയായി സമീപത്തെ പള്ളിയിലേക്ക് ഇശാഅ് നിസ്‌കാരത്തിനായി 7.30 ഓടെ മുജീബ് പോയി. രാത്രി 7.55 ഓടെയാണ് ഉരുൾപൊട്ടി മൂന്ന് മിനുട്ടിനകം പ്രദേശമാകെ മണ്ണും മരങ്ങളും കല്ലും നിറഞ്ഞ് മൂടപ്പെട്ടത്. ഇതോടെ വീടിന് പിറകു വശം മുഴുവനായി മണ്ണും ചെളിയും നിറഞ്ഞ് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയിലായി.
ഈ സമയം മുജീബ് സഖാഫി ഒഴിച്ച് ബാക്കി ഒമ്പത് പേരും വീട്ടിനുള്ളിൽ കുടുങ്ങി. കുറച്ച് നേരത്തിനകം മുൻവശത്തെ വാതിൽ ശക്തിയായി തള്ളി തുറക്കാൻ വീട്ടിനകത്ത് കുടുങ്ങിയവർ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. ടെറസിന് മുകളിലേക്കുള്ള വാതിൽ വഴി പുറത്ത് കടക്കാൻ ശ്രമം നടത്തിയെങ്കിലും തെങ്ങും മരങ്ങളും വീണ് അടഞ്ഞതിനാൽ ആ ശ്രമവും പരാജയപ്പെട്ടു. ഇനി എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് സമീപവാസികളും നാട്ടുകാരും ചേർന്ന് ഓടിയെത്തി ചെളി വന്ന് നിറഞ്ഞ് അടഞ്ഞ വീടിന്റെ മുൻവശത്തെ വാതിൽ തള്ളി തുറന്ന് ഇവരെ പുറത്തെത്തിച്ചത്.
ഈ സമയം മുജീബ് സഖാഫി പള്ളിയിൽനിന്ന് എത്തിയിരുന്നില്ല. തുടർന്ന് സ്ഥലത്തെത്തിയപ്പോഴാണ് ഇദ്ദേഹം കാര്യങ്ങൾ അറിഞ്ഞത്. പിന്നീട് വീട്ടിലെ എല്ലാവരുടെയും സുരക്ഷിതത്വം ഉറപ്പ് വരുത്തി രക്ഷാപ്രവർത്തനങ്ങളിലേക്ക് നീങ്ങി. ഇപ്പോൾ ക്യാമ്പിൽ എല്ലാവരുടെയും ദു:ഖമകറ്റാനും പ്രയാസങ്ങൾ പരിഹരിക്കാനും ഓടി നടക്കുകയാണ് സുന്നി സംഘടനാ പ്രവർത്തകൻ കൂടിയായ ഇദ്ദേഹം.