അടിയന്തരസഹായങ്ങള്‍ക്ക് ഇനി വിളിക്കേണ്ടത് 112 ലേക്ക്

Posted on: August 15, 2019 8:09 pm | Last updated: August 15, 2019 at 8:09 pm


തിരുവനന്തപുരം: അടിയന്തിരസഹായം ലഭ്യമാക്കുന്നതിന് രാജ്യവ്യാപകമായി ഒറ്റനമ്പര്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തിന്റെ സേവനം ഇന്ന് മുതല്‍ കേരളത്തിലും. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 112 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിച്ചാല്‍ എത്രയും പെട്ടെന്ന് സഹായം ലഭ്യമാക്കാന്‍ കഴിയുന്ന രീതിയിലാണ് ഇതിന്റെ കണ്‍ട്രോള്‍ റൂം തയ്യാറാക്കിയിരിക്കുന്നത്.

വിവിധതരം സഹായ അഭ്യര്‍ഥനകള്‍ക്ക് വ്യത്യസ്ത ടെലിഫോണ്‍ നമ്പറുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. പുതിയ സംവിധാനത്തില്‍ ഇത്തരം എല്ലാ ആവശ്യങ്ങള്‍ക്കും 112 എന്ന ടോള്‍ഫ്രീ നമ്പര്‍ ഡയല്‍ ചെയ്താല്‍ മതിയാകും. ഫയര്‍ ഫോഴ്‌സിന്റെ സേവനങ്ങള്‍ക്കുള്ള 101, ആരോഗ്യസംബന്ധമായ സേവനങ്ങള്‍ക്കുള്ള 108, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സഹായം ലഭിക്കുന്നതിനായുള്ള 181 എന്നീ നമ്പരുകളും വൈകാതെ പുതിയ സംവിധാനത്തില്‍ ഉള്‍പ്പെടുത്തും.

പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കമാന്‍ഡ് സെന്ററില്‍ ലഭിക്കുന്ന സന്ദേശങ്ങള്‍ ക്രോഡീകരിക്കുന്നത് സാങ്കേതിക പരിജ്ഞാനവും ഭാഷാപ്രാവീണ്യവുമുള്ള പോലീസുദ്യോഗസ്ഥരാണ്.
സഹായം തേടി വിളിക്കുന്നത് എവിടെ നിന്നാണെന്ന് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കമാന്‍ഡ് സെന്ററിന് മനസ്സിലാക്കാനാകും. ജില്ലകളിലെ കണ്‍ട്രോള്‍ സെന്ററുകള്‍ മുഖേന കണ്‍ട്രോള്‍ റൂം വാഹനങ്ങളെ ഈ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഉടനടി തന്നെ പോലീസ് സഹായം ലഭ്യമാക്കാനും കഴിയും.

112 ഇന്ത്യ എന്ന മൊബൈല്‍ ആപ്പ് ഉപയോഗിച്ചും കമാന്‍ഡ് സെന്ററിന്റെ സേവനം ഉപയോഗപ്പെടുത്താം. ഈ ആപ്പിലെ പാനിക്ക് ബട്ടന്‍ അമര്‍ത്തിയാല്‍ പോലീസ് ആസ്ഥാനത്തെ കമാന്‍ഡ് സെന്ററില്‍ സന്ദേശം ലഭിക്കും. അവിടെനിന്ന് തിരിച്ച് ഈ നമ്പറിലേക്ക് വിളിച്ച് ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യും. പദ്ധതിയുടെ നോഡല്‍ ഏജന്‍സി സി-ഡാക്ക് ആണ്.