ഒമ്പത് ജില്ലകളിലെ വിവിധ താലൂക്കുകളില്‍ വെള്ളിയാഴ്ച വിദ്യാഭ്യാസ അവധി

Posted on: August 15, 2019 7:11 pm | Last updated: September 20, 2019 at 8:04 pm

കോഴിക്കോട്: ഒമ്പത് ജില്ലകളിലെ വിവിധ താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച കലക്ടര്‍മാര്‍ അവധി നല്‍കി. വയനാട്, പത്തനംതിട്ട, കോട്ടയം, മലപ്പുറം, തൃശ്ശൂർ, ആലപ്പുഴ, കോഴിക്കോട്, എറണാകുളം, കണ്ണൂർ ജില്ലകളിലെ ചില താലൂക്കുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. വയനാട്‌ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ്‌ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക്‌ മാത്രമാണ് അവധി പ്രഖ്യാപിച്ചത്.

പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ പ്രൊഫഷനല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ പി ബി നൂഹ് അറിയിച്ചു. പത്തനംതിട്ട ജില്ലയിലെ മറ്റ് താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ആലപ്പുഴ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും കുട്ടനാട് താലൂക്കിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ കോട്ടയം, വൈക്കം, ചങ്ങനാശേരി എന്നീ താലൂക്കുകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷനല്‍ കോളജുകള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമായിരിക്കും. മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും.

മലപ്പുറം ജില്ലയില്‍ ഏറനാട്, നിലമ്പൂര്‍, കൊണ്ടോട്ടി താലൂക്കുകളിലെ പ്രൊഫഷനല്‍ കോളജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അവധി പ്രഖ്യാപിച്ചു. മറ്റ് താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

തൃശ്ശൂര്‍, കോഴിക്കോട്, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് മാത്രമാണ് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും.