Malappuram
വീണ്ടുമൊരു നന്മമരം; വീട് നഷ്ടപ്പെട്ട 20 കുടുംബങ്ങള്‍ക്ക് സ്ഥലം വിട്ടുനല്‍കി നാസര്‍ മാനു - വീഡിയോ

മലപ്പുറം: “മരിച്ചാല്‍ ഈ സമ്പത്തുമായി നമ്മള്‍ പോകൂല. ഉള്ള സമ്പാദ്യത്തില്‍ നിന്ന് സഹായങ്ങള്‍ നല്‍കി നമ്മുടെ നാടിനെ നമ്മള്‍ രക്ഷപ്പെടുത്തണം.” മലപ്പുറം പാങ്ങ് സ്വദേശി നാസര്‍ മാനുവിന്റെ നന്മനിറഞ്ഞ വാക്കുകളാണിത്.
നിലമ്പൂരിലെയും വയനാട്ടിലെയും ഉരുള്‍പ്പൊട്ടലില്‍ വീട് നഷ്ടപ്പെട്ട ഇരുപത് കുടുംബങ്ങള്‍ക്ക് വീട് വക്കാനുള്ള സ്ഥലം നല്‍കാമെന്ന വാഗ്ദാനം നല്‍കി പ്രളയകാലത്ത് പൂത്തുലഞ്ഞ നന്മമരങ്ങളുടെ കൂട്ടത്തിലെ പുതിയ അംഗമായിരിക്കുകയാണ് നാസര്‍ മാനുവെന്ന മനുഷ്യ സ്‌നേഹിയും.
പ്രളയ ബാധിത പ്രദേശങ്ങളില്‍ നേരിട്ട് സഹായങ്ങളെത്തിക്കുന്നതിനിടെ കണ്ട ദയനീയ കാഴ്ചകളാണ് നാസറിനെ വീടിനു സ്ഥലം നല്‍കാന്‍ പ്രേരിപ്പിച്ചത്. പാണ്ടിക്കാടും കുറ്റിപ്പുറത്തുമായി 10 വീതം വീടുകള്‍ നിര്‍മിക്കാനുള്ള സ്ഥലം നല്‍കാമെന്നേറ്റത് ഫേസ്ബുക്കിലൂടെയായിരുന്നു. ലൈവ് വീഡിയോ ചെയ്തതോടെ നിരവധി പേരാണ് മാനുവിന്റെ നന്മയെ പ്രശംസ കൊണ്ട് മൂടിയത്.
“നമുക്കാര്‍ക്കും ഇത്തരമൊരു അവസ്ഥ വരാതിരിക്കട്ടെ. നിലമ്പൂരിലെ എല്ലാവരും ഒറ്റക്കെട്ടായി ഇറങ്ങിയാല്‍ നാട്ടിലെ ഏത് പ്രശ്‌നവും തീരും. സമ്പത്തുള്ള ആളുകള്‍ ഒന്ന് മനസ്സുവച്ചാല്‍ ഒരു പാട് പേര്‍ രക്ഷപ്പെടും. എല്ലാവരും കണ്ടറിഞ്ഞ് സഹായിക്കണം.” ഇതായിരുന്നു നാസറിന്റെ വാക്കുകള്‍.
ഇരുപത് പേര്‍ക്ക് വീടുവച്ച് നല്‍കാനുള്ള സ്ഥലം അവരുടെ പേരില്‍ നല്‍കാമെന്നും വീട് നിര്‍മിക്കാന്‍ സന്നദ്ധ സംഘടനകള്‍ മുന്നോട്ടു വരണമെന്നുമുള്ള അഭ്യര്‍ഥന വൈറലായതോടെ നാസര്‍ നന്മമരമല്ലെന്നും നന്മ നിറഞ്ഞ കാടാണെന്നുമാണ് സോഷ്യല്‍ മീഡിയ വിശേഷിപ്പിച്ചത്.
വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം നിരവധി സുമനസ്സുകള്‍ നാസറിനെ തേടിയെത്തി. അഭിനന്ദനങ്ങള്‍ക്കു പുറമെ തന്റെ വാക്കുകള്‍ കേട്ട് കുറേ പേര്‍ അവരുടെ പേരിലുള്ള സ്ഥലവും വിട്ടു നല്‍കാമെന്നറിയിച്ചതോടെ നന്ദി അറിയിച്ച് നാസര്‍ വീണ്ടും ലൈവിലെത്തി. തന്റെ ഉമ്മയുടെയും ഉപ്പയുടെയും വക സഹായം നല്‍കുന്നത് ഇന്ത്യയുടെ സ്വാതന്ത്യദിനത്തില്‍ ആയതിന്റെ സന്തോഷത്തോടെ ആയിരുന്നു രണ്ടാമത്തെ വീഡിയോ. പെരിന്തല്‍മണ്ണ എം ഇ എസ് ഹോസ്പിറ്റലിന് സമീപമുള്ള ഒരു ഏക്കര്‍ സ്ഥലം അര്‍ഹരായ പാവങ്ങള്‍ക്ക് നല്‍കുമെന്ന് ഉറപ്പും നല്‍കി. കവളപ്പാറയിലെ ദുരന്തമുഖത്ത് നിന്നും രക്ഷപ്പെട്ടവരെത്തിയാല്‍ വലിയ ഉപകാരമാവുമെന്നും നാസര്‍ പറയുന്നു.
നല്‍കിയ സ്ഥലത്ത് ഫ്‌ളാറ്റ് നിര്‍മിച്ചു നല്‍കാന്‍ സന്നദ്ധ സംഘടനകള്‍ മുന്നോട്ടുവന്നാല്‍ സ്ഥലം അവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കും. തന്റെ മാതാപിതാക്കളുടെ പേരിലുള്ള സ്ഥലം നല്‍കുന്നുവെന്നറിഞ്ഞപ്പോള്‍ ഉമ്മയും സന്തോഷത്തിലാണ്. മാതാപിതാക്കള്‍ക്കായി ഏവരും പ്രാര്‍ഥിക്കണമെന്നും നാസര്‍ അഭ്യര്‍ഥിച്ചു.
ദുരിതാശ്വാസത്തിനായി തന്റെ കടയിലെ വസ്ത്രങ്ങള്‍ നല്‍കിയ കൊച്ചിയിലെ വ്യാപാരി നൗഷാദ് പണവുമായി സമീപിച്ചവരോട് ഇതും കൂടി ആ പാവങ്ങള്‍ക്ക് എത്തിച്ച് കൊടുക്കൂ എന്ന് പറഞ്ഞത് എന്നെ വളരെ വേദനിപ്പിച്ചുവെന്ന് നാസര്‍ പറയുന്നു.
ഉപയോഗിക്കാതെ എത്രയോ ഭൂമിയാണ് കെട്ടിക്കിടക്കുന്നത്. അതെല്ലാം പാവങ്ങള്‍ക്കു നല്‍കണം. കിണറ്റിലെ വെള്ളം ഉപയോഗിക്കാതിരുന്നാല്‍ അത് നശിച്ചു പോകും. നമ്മള്‍ മരിച്ച് പോകുമ്പോള്‍ ഇവിടുന്ന് ഒന്നും കൊണ്ടു പോകാനില്ല. നാസറിന്റെ വാക്കുകള്‍ ഏവര്‍ക്കും വഴികാട്ടിയാവുകയാണ്.