വിമാനം പക്ഷിക്കൂട്ടത്തില്‍ ഇടിച്ചു; ചോളവയലില്‍ ഇടിച്ചിറക്കി പൈലറ്റ് രക്ഷിച്ചത് 233 ജീവനുകള്‍

Posted on: August 15, 2019 4:20 pm | Last updated: August 16, 2019 at 1:47 pm

മോസ്‌കോ: 233 യാത്രക്കാരുമായി റഷ്യന്‍ വിമാനം ചോളവയലില്‍ ഇടിച്ചിറക്കി. 23 യാത്രക്കാര്‍ക്ക് പരുക്കേറ്റതൊഴിച്ചാല്‍ ഒഴിവായത് വന്‍ ദുരന്തം. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലാണ് വിമാനദുരന്തം തലനാരിഴക്ക് ഒഴിവായത്. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

പെനിന്‍സുലയിലെ ക്രിമിയയിലേക്ക് പോകുകയായിരുന്ന യൂറല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് 321 വിമാനം ടേക് ഓഫ് ചെയ്ത ഉടന്‍ തന്നെ പക്ഷിക്കൂട്ടത്തില്‍ ഇടിക്കുകയായിരുന്നു. ഇതോടെ വിമാനത്തിന് നിയന്ത്രണം നഷ്ടപ്പെട്ടു. എന്‍ജിന്‍ പ്രവര്‍ത്തന രഹിതമാകുകയും ചെയ്തു. ഇതോടയൊണ് പൈലറ്റ് വിമാനം ചോളപ്പാടത്ത് ഇടിച്ചിറക്കിയത്. ഈ സമയം വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറും പ്രവര്‍ത്തിച്ചിരുന്നില്ല.

തികച്ചും അത്ഭുതകരമായാണ് വിമാനം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് യാത്രക്കാര്‍ പറഞ്ഞു. പൈലറ്റിനെ ഹിറോയായാണ് റഷ്യന്‍ മാധ്യമങ്ങള്‍ പുകഴ്ത്തുന്നത്.

2009ല്‍ യുഎസ് എയര്‍വേസ് വിമാനം സമാനമായ രീതിയില്‍ നദിയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയിരുന്നു.