National
ഇന്ത്യയുടെ പ്രഥമ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്; ജനറല്‍ ബിപിന്‍ റാവത്തിന് സാധ്യത

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രഥമ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി (സി ഡി എസ്) ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത് നിയമിതനായേക്കും. രാജ്യത്തിന്റെ 26ാം ചീഫ് ഓഫ് ആര്‍മി സ്റ്റാഫായ റാവത്ത് 2019 ഡിസംബറില്‍ വിരമിക്കാനിരിക്കുകയാണ്. ഏറ്റവും മുതിര്‍ന്ന മിലിട്ടറി കമാന്‍ഡര്‍ എന്ന നിലയില്‍ അദ്ദേഹത്തെ തന്നെ പുതിയ പദവിയില്‍ നിയോഗിക്കുമെന്നാണ് ബന്ധപ്പെട്ട അധികൃതരുടെ വിലയിരുത്തല്‍. രാജ്യത്തിന്റെ 73ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ നടന്ന ചടങ്ങില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് പുതിയ പദവി പ്രഖ്യാപിച്ചത്.
മൂന്ന് സൈനിക വിഭാഗങ്ങളുടെയും ഏകോപനത്തിന് ഒരു മേധാവിയെ നിയമിക്കാനാണ് തീരുമാനം. സനയുടെ നവീകരണമടക്കമുള്ള ഉത്തരവാദിത്തങ്ങളാണ് കര, നാവിക, വ്യോമ സൈന്യത്തിന്റെ സംയുക്ത മേധാവി നിര്‍വഹിക്കുക.ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിനെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ച് സര്‍ക്കാറിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിന് ഉന്നതതല നിര്‍വഹണ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ചിലര്‍ പറഞ്ഞു. പ്രതിരോധ സെക്രട്ടറി ഉള്‍പ്പെട്ട സമിതി മൂന്നു മാസങ്ങള്‍ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.