Connect with us

Articles

സ്വാതന്ത്ര്യവും ഭയാനകമായ പാരതന്ത്ര്യവും

Published

|

Last Updated

“സ്വാതന്ത്ര്യം തന്നെ ജീവിതം
സ്വാതന്ത്ര്യം തന്നെ അമൃതം
പാരതന്ത്ര്യം മാനികള്‍ക്ക്
മൃതിയേക്കാള്‍ ഭയാനകം””

എന്ന് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ഹൃദയം തുറന്ന് എഴുതിയ വരികള്‍ ഈ സ്വാതന്ത്ര്യ ദിനത്തില്‍ ഓര്‍ത്തുപോകുകയാണ്. സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടാല്‍ അഭിമാനികളായ ജനങ്ങള്‍ക്ക് ജീവിക്കാനേ കഴിയുകയില്ല. അങ്ങനെ ആരെങ്കിലും ജീവിക്കാന്‍ ഒരുമ്പെട്ടാല്‍ തന്നെ അത് മരണത്തേക്കാള്‍ കഠിനമായ ഒന്നുമായിരിക്കും.

സ്വാതന്ത്ര്യത്തെപ്പറ്റി വളരെ ധീരമായി, ഉള്ളുതുറന്ന് സംസാരിച്ച സ്വദേശാഭിമാനി നാടുകടത്തപ്പെടുകയും കടുത്ത യാതനകള്‍ക്ക് വിധേയമാക്കപ്പെടുകയും ചെയ്തു. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ത്യാഗപൂര്‍വമായ ഈ യത്‌നങ്ങള്‍ ഇന്നും നമ്മുടെ രാജ്യത്ത് അനുസ്യൂതം തുടരേണ്ട സ്ഥിതിയാണ് സ്വാതന്ത്ര്യത്തിന്റെ ഈ 72ാം വര്‍ഷത്തിലും ഇവിടെ നിലനില്‍ക്കുന്നത്.

സ്വാതന്ത്ര്യത്തെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ നമ്മുടെ ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്നത് പ്രത്യേകം ശ്രദ്ധേയമായ ഒന്നാണ്:-
“”ഇന്ത്യയിലെ ജനങ്ങളായ ഞങ്ങള്‍, ഇന്ത്യയെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി സംഘടിപ്പിക്കുന്നതിനും, അതിലെ പൗരന്‍മാര്‍ക്കെല്ലാം സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും, ചിന്തക്കും ആശയപ്രകാശനത്തിനും ഉത്തമ വിശ്വാസത്തിനും മതവിശ്വാസത്തിനും ആരാധനക്കുമുള്ള സ്വാതന്ത്ര്യവും, സ്ഥിതിസമത്വം, അവസരസമത്വം എന്നിവയും നേടിക്കൊടുക്കുന്നതിനും അവര്‍ എല്ലാവര്‍ക്കും ഇടയില്‍ വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അവിഭാജ്യതയും ഉറപ്പ് നല്‍കിക്കൊണ്ട് സാഹോദര്യം വളര്‍ത്തുന്നതിനും ഇന്ന്, 1949 നവംബര്‍ 26ാം തീയതി ഞങ്ങളുടെ ഭരണഘടനാ നിര്‍മാണ സഭയില്‍ സഗൗരവം തീരുമാനിച്ചിട്ടുള്ളതനുസരിച്ച് ഇതിനാല്‍ ഈ ഭരണഘടന അംഗീകരിച്ചുകൊള്ളുകയും അത് നിയമമാക്കിത്തീര്‍ത്ത് ഞങ്ങള്‍ തന്നെ നല്‍കിക്കൊള്ളുകയും ചെയ്യുന്നു.””

ആമുഖത്തില്‍ പ്രകടിപ്പിച്ച ആശയങ്ങള്‍ ഭരണഘടനാ നിര്‍മാണ സഭയുടെ ആദ്യ സമ്മേളനത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു അവതരിപ്പിച്ചതും പിന്നീട് സഭ ഏകകണ്‌ഠ്യേന അംഗീകരിച്ചതുമായ ലക്ഷ്യ പ്രഖ്യാപന പ്രമേയത്തില്‍ അടങ്ങിയിരുന്നതുമായിരുന്നു. നെഹ്‌റുവിന്റെ പ്രമേയം തന്നെ മഹാത്മാ ഗാന്ധി പലവുരു പറഞ്ഞ കാര്യങ്ങളില്‍ നിന്ന് രൂപമെടുത്തതുമായിരുന്നു. 1931ല്‍ ഇന്ത്യയുടെ ദേശീയ പ്രസ്ഥാനത്തിന്റെ പ്രതിനിധിയും വക്താവുമായി രണ്ടാം വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ലണ്ടനിലേക്ക് പോകുംവഴി കപ്പലില്‍ വെച്ച് ഗാന്ധിജിയോട് ഒരു പത്രപ്രതിനിധി ചോദിക്കുകയുണ്ടായി, വിചാരിച്ചതു പോലെ കാര്യങ്ങള്‍ നീങ്ങിയാല്‍ ഏതു തരത്തിലുള്ള ഒരു ഭരണഘടനയും കൊണ്ടാണ് അദ്ദേഹം തിരികെ വരികയെന്ന്. ഗാന്ധിജിയുടെ മറുപടി ഇവിടെ പകര്‍ത്തുന്നത് ഉചിതമായിരിക്കും.

“”ഇന്ത്യയെ എല്ലാ അടിമത്വത്തില്‍ നിന്നും മേല്‍ക്കോയ്മയില്‍ നിന്നും വിമുക്തമാക്കുന്നതും ഇനി വേണ്ടിവന്നാല്‍ പാപം ചെയ്യാന്‍ പോലുമുള്ള അവകാശം ഉറപ്പാക്കുന്നതുമായ ഒരു ഭരണഘടനക്കു വേണ്ടിയാണ് ഞാന്‍ ശ്രമിക്കുന്നത്. ദരിദ്രരില്‍ ദരിദ്രരായവര്‍ക്കു പോലും ഇത് തങ്ങളുടെ സ്വന്തം രാജ്യമാണെന്നും, അതിന്റെ ഭാഗധേയത്തില്‍ തങ്ങള്‍ക്ക് കാര്യമായ പങ്കുണ്ടെന്നും കരുതാന്‍ കഴിയുന്ന ഒരു ഇന്ത്യക്കു വേണ്ടി; ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന തരക്കാരെന്നോ താഴ്ന്ന തരക്കാരെന്നോ വ്യത്യാസമില്ലാത്ത ഒരു ഇന്ത്യക്കു വേണ്ടി; എല്ലാ സമുദായക്കാരും പരിപൂര്‍ണ സൗഹാര്‍ദത്തോടെ ഇണങ്ങിക്കഴിയുന്ന ഒരു ഇന്ത്യക്കു വേണ്ടിയാണ് ഞാന്‍ യത്‌നിക്കുക.”

സ്വാതന്ത്ര്യം എന്ന പദം ഭരണഘടനയുടെ ആമുഖത്തില്‍ ഉപയോഗിക്കപ്പെട്ടിരിക്കുന്നത് ക്രിയാത്മക രൂപത്തിലാണ്. വ്യക്തിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്വാതന്ത്ര്യത്തിന്‍ മേല്‍ ഏകപക്ഷീയമായി ഏര്‍പ്പെടുത്തുന്ന വിലക്കുകള്‍ ഒഴിവാക്കുക മാത്രമല്ല അതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. വ്യക്തിയുടെ പരിപൂര്‍ണമായ വളര്‍ച്ചക്കും വികാസത്തിനും ആവശ്യമായ പോഷകാംശങ്ങള്‍ പ്രദാനം ചെയ്യുന്നതിനുള്ള സ്ഥിതി വിശേഷങ്ങള്‍ സൃഷ്ടിക്കുന്നതും കൂടി അതില്‍ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു. സമൂഹം വ്യക്തികളുടെ സംഘടന ആയതിനാല്‍ സാമൂഹിക പുരോഗതി വ്യക്തിയുടെ പുരോഗതിയെ ആശ്രയിച്ചിരിക്കും. അതുകൊണ്ട് സാമൂഹിക പരിതസ്ഥിതികള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസൃതമായി വ്യക്തിയുടെ വിചിന്തനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും അങ്ങേയറ്റം സ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്നത് സമൂഹത്തിന്റെ താത്പര്യത്തിന് അത്യന്തം ആവശ്യമാണ്.

സ്വാതന്ത്ര്യവും സമത്വവും പരസ്പര പൂരകങ്ങളാണ്. മനുഷ്യ ജീവികളെല്ലാം മാനസികമായും ശാരീരികമായും സമന്‍മാരാണെന്ന് സമത്വം എന്ന പദം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നില്ല. സ്വതന്ത്ര വ്യക്തികള്‍ എന്ന നിലയില്‍ സ്ഥിതി സമത്വവും അവസര സമത്വവും മാത്രമാണ് അതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. പതിനെട്ടാം നൂറ്റാണ്ടിലെ സുപ്രസിദ്ധ ഫ്രഞ്ച് വിപ്ലവകാരികളായ വോള്‍ട്ടെയറും, മൊണ്ടോസ്‌കിയും മറ്റും വിളമ്പരം ചെയ്തിട്ടുള്ളതുപോലെ, മനുഷ്യരെല്ലാം സ്വതന്ത്രരായി ജനിക്കുകയും അവകാശങ്ങളില്‍ സമത്വവും സ്വാതന്ത്ര്യവും അര്‍ഹിക്കുന്നവരായി തുടരുകയും ചെയ്യുന്നു. സാമൂഹികമായ സ്ഥിതി വ്യത്യാസങ്ങള്‍ എല്ലാം തന്നെ അവരെക്കൊണ്ട് പൊതു ജനങ്ങള്‍ക്ക് ലഭിക്കുന്ന പ്രയോജനത്തിന്റെ അടിസ്ഥാനത്തില്‍ ഉണ്ടായിട്ടുള്ളതാണ്.

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ലോകത്തെങ്ങുമുള്ള ഭരണഘടനകളുടെ ആമുഖങ്ങളില്‍ കൂടി കണ്ണോടിക്കുന്നപക്ഷം ആശയങ്ങളിലും ആദര്‍ശങ്ങളിലും ആശയപ്രകാശനത്തിലും നമ്മളുടേതിനോട് കിടപിടിക്കത്തക്ക ഭരണഘടനകള്‍ അപൂര്‍വമാണ്. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ വിജയം ഉറപ്പ് നല്‍കുന്ന ഒരു പുതിയ സ്വതന്ത്ര രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള പൊതു സംരംഭത്തില്‍ ഏകോപിച്ച് നില്‍ക്കുന്നതിനുള്ള ഇന്ത്യന്‍ ജനതയുടെ ദൃഢനിശ്ചയത്തെ ഭരണഘടനയുടെ ആത്മസത്തയെ, അത് പ്രതിനിധാനം ചെയ്യുന്നു. മനോഹരമായ രൂപത്തില്‍ തയ്യാറാക്കപ്പെട്ടിരിക്കുന്ന ആമുഖത്തിന്റെ ശില്‍പ്പഭംഗിയില്‍ ആവേശം കൊണ്ട ഭരണഘടനാ നിര്‍മാണ സഭയിലെ ഒരംഗം കാവ്യാത്മകമായ ഭാഷയില്‍ ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി: “”ഭരണഘടനയുടെ ഏറ്റവും വിലയേറിയ ഭാഗം ആമുഖമാണ്. ഭരണഘടനയുടെ ആത്മാവാണിത്. ഭരണഘടനയുടെ താക്കോലുമാണിത്.”

നിര്‍ഭാഗ്യവശാല്‍ ഭരണഘടനയുടെ ആത്മാവിനെ തന്നെ രാജ്യത്തെ ഭരണകൂടം തകര്‍ത്ത് കളഞ്ഞിരിക്കുകയാണ്. ഭരണഘടനയുടെ സ്പിരിറ്റ് ഉള്‍ക്കൊള്ളാന്‍ നമുക്ക് കഴിഞ്ഞിട്ടില്ലെന്നര്‍ഥം. ഭരണഘടനയിലെ മൗലിക അവകാശങ്ങള്‍ ജനങ്ങളുടെ സമത്വവും സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കുന്നവയാണ്. ഇന്ത്യന്‍ പ്രദേശത്തിനകത്ത് ഒരാള്‍ക്കും നിയമത്തിന് മുമ്പില്‍ സമത്വമോ, തുല്യമായ നിയമ സംരക്ഷണമോ, രാഷ്ട്രം നിഷേധിച്ച് കൂടാത്തതാകുന്നു (ആര്‍ട്ടിക്കിള്‍ 14). ജാതി, മത, ലിംഗ, ജന്മദേശ കാരണങ്ങളാലോ അവയില്‍ ഏതെങ്കിലും ഒന്നിനെ കാരണമാക്കിയോ രാഷ്ട്രം ഒരു പൗരനോടും വിവേചനം കാട്ടാന്‍ പാടില്ലാത്തതാകുന്നു(ആര്‍ട്ടിക്കിള്‍ 15).

മൗലിക അവകാശങ്ങളില്‍ വെച്ച് ഏറ്റവും മൗലികമായിട്ടുള്ളത് വ്യക്തി സ്വാതന്ത്ര്യമാണ്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 19 മുതല്‍ 22 വരെ ഈ മൗലിക അവകാശത്തിന്റെ വിവിധ വശങ്ങളെ വിശദീകരിക്കുന്നു. ഇതില്‍ 19ാം വകുപ്പാണ് മൗലിക സ്വാതന്ത്ര്യത്തെ വിളംമ്പരം ചെയ്യുന്നത്.
1. പ്രസംഗത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമുള്ള സ്വാതന്ത്ര്യം.
2. ആയുധങ്ങളില്ലാതെ സമാധാനപരമായി യോഗം ചേരുവാനുള്ള അവകാശം.
3. അസോസിയേഷനുകളും സംഘടനകളും രൂപവത്കരിക്കാനുള്ള അവകാശം.
4. ഇന്ത്യന്‍ പ്രദേശത്ത് മുഴുവന്‍ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം.
5. ഇന്ത്യന്‍ പ്രദേശത്ത് എവിടെയും താമസിക്കാനും സ്ഥിരവാസം ഉറപ്പിക്കുവാനുമുള്ള അവകാശം.
6. ഏത് ജോലി ചെയ്യുന്നതിനും ഏത് തൊഴിലും, വ്യാപാര വ്യവസായാതികളും നടത്തുന്നതിനുമുള്ള അവകാശം.
ഈ മൗലിക അവകാശങ്ങള്‍ പലതും നമ്മുടെ രാജ്യത്ത് ഇന്ന് പല കാരണങ്ങളാല്‍ നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഇതിനായുള്ള പൗരാവകാശ പ്രക്ഷോഭങ്ങള്‍ ഇവിടെ നിത്യേന നടക്കുന്നുമുണ്ട്.

ഭരണഘടനയിലെ 22ാം വകുപ്പ് മൂന്ന് അവകാശങ്ങള്‍ ഉറപ്പ് നല്‍കുന്നു. ഒന്നാമത് അറസ്റ്റ് ചെയ്യപ്പെടുന്ന ആളെ അറസ്റ്റിനുള്ള കാരണമറിയിക്കേണ്ടതാണ്. രണ്ടാമത് അയാള്‍ നിശ്ചയിക്കുന്ന ഒരു അഭിഭാഷകനുമായി ആലോചിച്ച് അദ്ദേഹം മുഖേന കേസ് വാദിക്കുന്നതിനുള്ള അവകാശം. മൂന്നാമത് അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വെക്കപ്പെടുന്ന ആളെ 24 മണിക്കൂറിനകം ഏറ്റവും അടുത്ത മജിസ്‌ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കേണ്ടതും അദ്ദേഹത്തിന്റെ അനുമതിയോടെ മാത്രം കസ്റ്റഡിയില്‍ വെക്കാവുന്നതുമാകുന്നു.

എന്നാല്‍ 22ാം വകുപ്പ് ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ സാര്‍വത്രികമായി ബാധകമാക്കുന്നതിന് രണ്ട് ഒഴിവുകളുണ്ട്. താഴെപ്പറയുന്നവരെ സംബന്ധിച്ചാണ് അവ:
1. ഏതെങ്കിലും ഒരാള്‍ തത്കാലം വിദേശിയായ ഒരു ശത്രുവായിരിക്കുക.
2. നിരോധന തടങ്കലിന് വ്യവസ്ഥ ചെയ്യുന്ന ഏത് നിയമം അനുസരിച്ചും അറസ്റ്റ് ചെയ്യപ്പെടുകയോ തടങ്കലില്‍ വെക്കപ്പെടുകയോ ചെയ്യുന്ന ആള്‍.
നിരോധന തടങ്കലിനെ സംബന്ധിച്ച് ഡോ. അംബേദ്കര്‍ ഇപ്രകാരം പറഞ്ഞിട്ടുണ്ട്:
“രാജ്യത്തിന്റെ പൊതു സമാധാനത്തെയോ, രാജ്യത്തെ പ്രതിരോധ സര്‍വീസുകളെയോ തകരാറിലാക്കുന്ന ഒരാളെ സര്‍ക്കാറിന് തടങ്കലില്‍ വെക്കാതെ ഗത്യന്തരമില്ലെന്ന് സമ്മേതിക്കേണ്ടതുണ്ട്. അങ്ങനെ വരുമ്പോള്‍ വ്യക്തിസ്വാതന്ത്ര്യത്തിന്റെ അടിയന്തര ആവശ്യം രാഷ്ട്രത്തിന്റെ താത്പര്യങ്ങള്‍ക്കുപരിയായി കണക്കാക്കാമെന്നും ഞാന്‍ കരുതുന്നില്ല”. ഡോ. അംബേദ്കറുടെ ഈ വിശദീകരണം ഭരണഘടനാ നിര്‍മാണ സഭയിലെ ഗണ്യമായ ഒരു വിഭാഗത്തെ തൃപ്തിപ്പെടുത്തിയില്ല. അവര്‍ ഈ വ്യവസ്ഥയെ വളരെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.
ഒന്നാമത്തെ നിരോധന തടങ്കല്‍ നിയമം 1950ല്‍ പാര്‍ലിമെന്റ് പാസ്സാക്കി. താമസിയാതെ തന്നെ അതിന്റെ സാധ്യത കമ്യൂണിസ്റ്റ് നേതാവ് എ കെ ഗോപാലനും മദ്രാസ് സംസ്ഥാനവും തമ്മിലുണ്ടായ കേസില്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു.

നിരോധന തടങ്കല്‍ നിയമം ഒരു ഡസനോളം പ്രാവശ്യം ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും ഒടുവിലത്തേതാണ് യു എ പി എ ഭേദഗതി നിയമം. നിരോധന തടങ്കല്‍ നിയമങ്ങളെ സംബന്ധിച്ച് എന്തെല്ലാം നീതീകരണങ്ങള്‍ ഉണ്ടായാലും നമ്മുടെ നിയമ സംഹിതയില്‍ നിരോധന തടങ്കല്‍ നിയമമോ അതിന്റെ വകഭേദമോ സ്ഥാനം പിടിക്കുന്നത് പൗരവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്. അത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുഖശ്രീക്ക് കളങ്കമായിത്തന്നെ നിലകൊള്ളുകയും ചെയ്യും.
മൗലിക അവകാശങ്ങളുടെ നിഷേധത്തിനായി രാജ്യത്തെ എക്‌സിക്യൂട്ടീവ് പുതിയ പുതിയ കരിനിയമങ്ങള്‍ നേരത്തെ തന്നെ പടച്ചുണ്ടാക്കിയിരുന്നു. 1950ലെ ആദ്യത്തെ കരുതല്‍ തടങ്കല്‍ നിയമത്തിനും ശേഷം മെയിന്റനന്‍സ് ഓഫ് ഇന്റേണല്‍ സെക്യൂരിറ്റി ആക്റ്റ് (1971), ദേശീയ സുരക്ഷിതത്വ നിയമം (1980), പോട്ടാ(2012) തുടങ്ങിയ അനേകം കരുതല്‍ തടങ്കല്‍ നിയമങ്ങള്‍ പാസ്സാക്കപ്പെട്ടിട്ടുണ്ട്.

നിലവിലുള്ള മോദി സര്‍ക്കാര്‍ പാസ്സാക്കിയ എന്‍ ഐ എ ഭേദഗതി, യു എ പി എ ഭേദഗതി തുടങ്ങിയ കരുതല്‍ തടങ്കല്‍ നിയമങ്ങളെ സംബന്ധിച്ച് വ്യാപകമായ ചര്‍ച്ച ഇപ്പോള്‍ നടന്നുവരികയാണല്ലോ. യു എ പി എ ഭേദഗതി അനുസരിച്ച് ഭീകര സംഘടനകളിലെ ആളുകളെ മാത്രമല്ല, ആരെയും ഏതുസമയത്തും അറസ്റ്റ് ചെയ്ത് ജാമ്യം നിഷേധിച്ച് കല്‍ത്തുറുങ്കിലടക്കാന്‍ സാധിക്കും.

നമ്മുടെ രാജ്യത്തെ സ്വാതന്ത്ര്യത്തോടനുബന്ധിച്ച് തന്നെ ഭരണഘടന അംഗീകരിച്ചതാണ് ജമ്മു കശ്മീരിനുള്ള പ്രത്യേക അവകാശങ്ങളായ ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35(എ) എന്നിവ. സ്വാതന്ത്ര്യ സമ്പാദനത്തോടെ നിലവില്‍ വന്നിട്ടുള്ള സംസ്ഥാനമാണ് ജമ്മു കശ്മീര്‍. ആര്‍ട്ടിക്കിള്‍ 370, 35(എ) എന്നിവ റദ്ദ് ചെയ്തത് ജമ്മു കശ്മീര്‍ ജനതയുടെ സ്വാതന്ത്ര്യവും മൗലിക അവകാശങ്ങളും ഇല്ലാതാക്കലാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഭരണഘടനയുടെ രണ്ടാം ഭാഗത്തിലുള്ള യൂനിയനും സംസ്ഥാനങ്ങളും എന്ന അധ്യായത്തില്‍ ജമ്മു കശ്മീര്‍ എന്ന സംസ്ഥാനത്തെ സംബന്ധിച്ച് വിശദമാക്കിയിട്ടുണ്ട്. ഈ സംസ്ഥാനത്തിന്റെ വിഭജനം ഭരണഘടനാ ഭേദഗതിയില്‍ കൂടിയേ നടത്താന്‍ കഴിയുകയുള്ളൂ. പക്ഷേ, ഇതിന്റെ വിഭജന കാര്യത്തിലും ഭരണഘടന തന്നെ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്.
ഭരണഘടന ഉറപ്പ് നല്‍കിയിട്ടുള്ള സ്ഥിതി സമത്വം, അവസര സമത്വം എന്നിവയെ കുറിച്ചൊന്നും ചര്‍ച്ച ചെയ്യുന്നില്ല. രാജ്യത്തെ സമ്പത്തില്‍ 60 ശതമാനവും നിര്‍ഭാഗ്യവശാല്‍ ഒരു ശതമാനം വരുന്ന പ്രമാണി വര്‍ഗത്തിന്റെ കൈകളില്‍ എത്തപ്പെട്ട ഒരു രാജ്യമാണ് നമ്മുടെത്. രാജ്യത്തെ ഒരു ചെറിയ ന്യൂനപക്ഷത്തിന്റെ പക്കല്‍ സമ്പത്ത് കുന്നുകൂടുമ്പോള്‍ കോര്‍പറേറ്റുകളുടെ ചൂഷണത്തിന് വിധേയമാകുന്ന മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ കടുത്ത ജീവിത പ്രയാസങ്ങളിലേക്കും കൊടും പട്ടിണിയിലേക്കും തള്ളിവിടപ്പെടുന്ന ഒരു രാജ്യമായി നിര്‍ഭാഗ്യവശാല്‍ സ്വാതന്ത്ര്യത്തിന്റെ ഈ 72ാം വാര്‍ഷിക ദിനത്തില്‍ പോലും നമ്മുടെ രാജ്യം മാറിയിരിക്കുകയാണ്.

രാജ്യത്തെ രൂക്ഷമായ ജനകീയ പ്രശ്‌നങ്ങള്‍ തത്കാലം നമുക്ക് വിസ്മരിക്കാം. പക്ഷേ, ജനകോടികളുടെ ത്യാഗപൂര്‍വമായ സമരങ്ങളില്‍ക്കൂടി നാം നേടിയെടുത്ത രാജ്യത്തിന്റെ മഹത്തായ സ്വാതന്ത്ര്യവും നമ്മുടെ മൗലിക അവകാശങ്ങളും ഉപേക്ഷിക്കാന്‍ നമുക്കെങ്ങനെ സാധിക്കും? എന്തായാലും നഷ്ടപ്പെട്ട സ്വാതന്ത്ര്യവും പൗരാവകാശങ്ങളും പുനഃസ്ഥാപിക്കാനുള്ള ശക്തമായ പ്രസ്ഥാനവുമായി മുന്നോട്ടു പോകുമെന്ന് പ്രതിജ്ഞ ചെയ്യാനുള്ള സമയമാണ് രാജ്യത്തിന്റെ ഈ 72ാം സ്വാതന്ത്ര്യ ദിനം.

(ലേഖകന്റെ ഫോണ്‍ : 9847132428)

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

---- facebook comment plugin here -----

Latest