Connect with us

Kozhikode

രക്ഷകനായി ഷാനെത്തി; ജിഷ്മയുടെ കല്യാണം മുടങ്ങില്ല

Published

|

Last Updated

കോഴിക്കോട്: മഴ താണ്ഡവമാടിയ രാത്രിയില്‍ ചാത്തമംഗലം പഞ്ചായത്തിലെ ചെത്തുകടവ് പുഴയോരത്തെ ഒരു കുടുംബം വഴിയാധാരമായി. രാജശേഖരന്‍-കോമള ദമ്പതികളുടെ കൂരയില്‍ മഴ ദുരന്തപ്പെയ്ത്തായി മാറിയപ്പോള്‍ മകള്‍ ജിഷ്മയുടെ വിവാഹത്തിന് വേണ്ടി കരുതിവെച്ചതെല്ലാം നഷ്ടമായി. സെപ്തംബര്‍ എട്ടിന് വിവാഹത്തിന് തയ്യാറെടുക്കുമ്പോഴായിരുന്നു മഴക്കെടുതി അവരുടെ സ്വപ്നം തകര്‍ത്തെറിഞ്ഞത്. എന്നാല്‍, സമ്പാദ്യവും കിടപ്പാടവും നഷ്ടപ്പെട്ട കുടുംബത്തിന് രക്ഷക്കെത്തി ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് വീണ്ടും മാതൃകയാവുകയാണ് കോഴിക്കോട് സ്വദേശി പി ഷാന്‍.

മാധ്യമങ്ങളിലൂടെ വിവരം അറിഞ്ഞെത്തിയ ഷാന്‍ ജിഷ്മയുടെ വിവാഹം നടത്തിക്കൊടുക്കുവാന്‍ തയ്യാറാവുകയായിരുന്നു. പത്ത് പവന്‍ സ്വര്‍ണവും വിവാഹച്ചെലവുമായിരുന്നു ഷാന്‍ അവരുടെ കണ്ണീരൊപ്പാന്‍ നല്‍കാമെന്ന് ഏറ്റത്. വീടിന്റെ അവസ്ഥ നേരില്‍ കണ്ടതോടെ ആ വാഗ്ദാനം വലുതാക്കി. പുതിയൊരു വീടും വെച്ച് നല്‍കും. അതുപക്ഷേ, കല്യാണം കഴിഞ്ഞിട്ടാണെന്ന് മാത്രം.

കഴിഞ്ഞ വര്‍ഷവും പ്രളയത്തിന് ശേഷം ഷാനിന്റെ നേതൃത്വത്തില്‍ പത്ത് വീടുകള്‍ നിര്‍മിച്ചു നല്‍കിയിരുന്നു. അടുത്തിടെ, കോഴിക്കോട് മലാപ്പറമ്പില്‍ അപകടത്തില്‍ ഓര്‍മ നഷ്ടപ്പെട്ട അച്ഛനെ ഉണര്‍ത്താന്‍ പഠിച്ച് എ പ്ലസ് നേടിയ ആര്യക്ക് ഷാന്‍ വീട് വെച്ചു നല്‍കാന്‍ തീരുമാനിച്ചിരുന്നു. മേപ്പാടിയില്‍ തോട്ടം തൊഴിലാളികള്‍ക്ക് പത്ത് വീടും നല്‍കാനും ഇവര്‍ തയ്യാറെടുക്കുകയാണ്.

പ്രളയകാലത്ത് ധാരാളം വസ്ത്രങ്ങളും ഭക്ഷണങ്ങളും ശേഖരിച്ച് ക്യാമ്പുകളിലെത്തിക്കും. അത് ചിലപ്പോള്‍ പാഴായിപ്പോകുന്ന കാഴ്ചയുണ്ട്. അതേ സമയം, വീട് നഷ്ടപ്പെട്ടവര്‍ക്ക് അവരുടെ ജീവിതം തന്നെ മടുത്തു കാണും. അത് തിരികെ കൊടുക്കാനാണ് തന്റെ എളിയ ശ്രമമെന്ന് മാതൃസ്നേഹ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കൂടിയായ ഷാന്‍ പറയുന്നു.

എല്ലാം നഷ്ടപ്പെട്ടെന്നു കരുതിയ വേളയില്‍ രക്ഷിതാവായെത്തിയവര്‍ക്ക് രാജശേഖരനും കോമളയും നന്ദി അറിയിക്കുമ്പോള്‍ നിശ്ചയിച്ചുറപ്പിച്ച ദിവസം തന്നെ വിവാഹം നടക്കുമെന്ന സ്വപ്‌ന സാക്ഷാത്കാരത്തിന്റെ സന്തോഷത്തിലാണ് ഇവര്‍ക്കൊപ്പം മകള്‍ ജിഷ്മയും.

Latest