National
ടി എം സി എം എല്‍ എ സോവന്‍ ചാറ്റര്‍ജി ബി ജെ പിയില്‍

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എം എല്‍ എയും കൊല്‍ക്കത്ത മുന്‍ മേയറുമായ സോവന്‍ ചാറ്റര്‍ജി ബി ജെ പിയില്‍ ചേര്‍ന്നു. ബി ജെ പി ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ്, മുന്‍ കേന്ദ്ര മന്ത്രി മുകുള്‍ റോയ് എന്നിവരുടെ സാന്നിധ്യത്തില്‍ സോവന്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. തന്റെ വിശ്വസ്തന്‍ ബൈസാഖി ബാനര്‍ജിയോടൊത്താണ് ബി ജെ പി അംഗത്വം സ്വീകരിക്കാന്‍ അദ്ദേഹം ന്യൂഡല്‍ഹിയിലെത്തിയത്.
സമീപകാലത്തായി പലതവണ രാജ്യ തലസ്ഥാനം സന്ദര്‍ശിച്ച സോവന്‍ ബി ജെ പിയുടെ ഉന്നത നേതാക്കളുമായി ചര്‍ച്ച നടത്തിവരികയായിരുന്നു. സോവനെ ടി എം സിയില്‍ നിലനിര്‍ത്താന്‍ പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജി കിണഞ്ഞു ശ്രമിച്ചിരുന്നെങ്കിലും വിഫലമായി. മമതയുടെ പ്രതിനിധിയായി ബംഗാള്‍ വിദ്യാഭ്യാസ വകുപ്പു മന്ത്രി പാര്‍ഥ ചാറ്റര്‍ജിയും ഒന്നിലധികം പ്രാവശ്യം സോവനെ കണ്ടിരുന്നെങ്കിലും മഞ്ഞുരുക്കാനായില്ല.
കടുത്ത അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് കഴിഞ്ഞ നിരവധി മാസങ്ങളായി ടി എം സിയുമായി പൂര്‍ണമായി അകന്നു നിന്നിരുന്ന സോവന്‍ മമത ആവശ്യപ്പെട്ടതു പ്രകാരം കഴിഞ്ഞ വര്‍ഷം നവംബറില്‍ കൊല്‍ക്കത്ത മേയര്‍ സ്ഥാനമൊഴിഞ്ഞിരുന്നു.