റൗള കാണാന്‍ സ്വരുക്കൂട്ടിയ പണം ദുരിതാശ്വാസത്തിന് നല്‍കി ശിദു മോന്‍; മുത്ത് നബിക്ക് അതാണ് ഇഷ്ടം

Posted on: August 14, 2019 6:03 pm | Last updated: August 17, 2019 at 12:35 pm

കൊണ്ടോട്ടി: പ്രളയദുരിതത്തില്‍ അകപ്പെട്ടവരുടെ വേദനകളെ കുറിച്ചും അവരുടെ മണ്ണും കിടപ്പാടവും നഷ്ടപ്പെട്ടതിനെ പറ്റിയും പറഞ്ഞപ്പോള്‍ ആറര വയസ്സുകാരന്‍ ശിദു മോന്‍ ഉമ്മയോട് ചോദിച്ചു: നമ്മളെന്താണ് ചെയ്യാ ഉമ്മച്ച്യേ…?

മൂന്ന് വയസ്സ് തൊട്ട് മുത്ത് നബിയെ കാണാന്‍ പോകണമെന്ന ആഗ്രഹത്തോടെ സ്വരുക്കൂട്ടിയ തന്റെ കുടുക്കയിലെ സമ്പാദ്യം മുഴുവന്‍ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കി മാതൃകയായിരിക്കുകയാണ് വിളയില്‍ കണ്ണാംപുറത്ത് സ്വദേശി ശരീഫിന്റെയും ആബിദയുടെയും മകന്‍ ദര്‍വേശ് മുഹമ്മദെന്ന കൊച്ചു മിടുക്കന്‍.

പ്രവാചകന്‍ മുഹമ്മദ് നബി (സ) അന്ത്യ വിശ്രമം കൊള്ളുന്ന മദീനയെ കുറിച്ചും അവിടുത്തെ മാഹാത്മ്യത്തെ കുറിച്ചും വിശുദ്ധ ഖുര്‍ആന്‍ പഠന കേന്ദ്രമായ വിളയില്‍ അല്‍ കുര്‍ത്തുബ കിഡ്‌സ് ഗാര്‍ഡനിലെ സഹ്‌റത്തുല്‍ ഖുര്‍ആന്‍ അധ്യാപികമാരായ സമീറ, ഫാത്വിമ സഹല, മുഫീദ എന്നിവരാണ് ശിദു മോന് പറഞ്ഞു കൊടുത്തത്. അന്ന് മുതല്‍ മോഹിച്ചതാണ് മദീനയിലെത്താന്‍. അധ്യാപിക പറഞ്ഞതനുസരിച്ചായിരുന്നു ദര്‍വേശ് നാണയ തുട്ടുകള്‍ കുടുക്കയില്‍ നിക്ഷേപിച്ചു തുടങ്ങിയത്.

റൗള കാണാനുള്ള മോഹവുമായി, മറ്റൊരാവശ്യത്തിനും ഉപയോഗിക്കാതെ സ്‌നേഹനിധിയായി സൂക്ഷിച്ച കുഞ്ഞുമനസ്സിലെ വലിയ സമ്പാദ്യം നല്ല കാര്യത്തിന് നല്‍കിയതിന്റെ സന്തോഷത്തിലാണ് മാതാവ് ആബിദയും പിതാവ് ശരീഫും. ദുരിതാശ്വാസ നിധിയെക്കുറിച്ച്‌ പറഞ്ഞപ്പോള്‍ തന്നെ മകന് നൂറു സമ്മതമായിരുന്നു. മുത്ത് നബിക്ക് അതാണ് കൂടുതല്‍ ഇഷ്ടമെന്ന് അവന്‍ ഉറപ്പിച്ചിരിക്കണം. മൂന്നരക്കൊല്ലത്തെ നീക്കിവെപ്പാണ് നിറഞ്ഞ മനസ്സോടെ ദുരിതമനുഭവിക്കുന്നവര്‍ക്കായി ദാനം ചെയ്യുന്നത് ആബിദ ഫേസ്ബുക്കില്‍ സന്തോഷം പങ്കുവച്ചു.

മാതാവ് ആബിദയുടെ ഫേസ്ബുക്ക് പോസ്റ്റ്:

അല്‍ഹംദുലില്ലാഹ്, ജീവിതത്തില്‍ ഏറ്റവും കൂടുതലായി സന്തോഷിച്ച ദിവസത്തിലൊന്നായിരുന്നു ഇന്ന്. വയസ്സ് മൂന്നു തൊട്ട് മുത്ത്‌നബിയെ കാണാന്‍ പോകണം എന്ന ആഗ്രഹത്തോടെ ലഭിക്കുന്ന ഒരോ നാണയതുട്ടും കുടുക്കയില്‍ നിറക്കുമായിരുന്നു എന്റെ മോന്‍. വിശുദ്ധ ഖുര്‍ആന്‍ ഓതാന്‍ പഠിപ്പിക്കാന്‍ വിട്ട സ്ഥാപനത്തിലെ ടീച്ചര്‍ പറഞ്ഞതു പ്രകാരമാണ് മുത്തു നബിയുടെ റൗള കാണണമെന്ന പൂതി പെരുത്തത്. അതിനുള്ള വഴിയും ടീച്ചര്‍ തന്നെ പറഞ്ഞു. കുടുക്കയില്‍ പൈസ നിറച്ചു വെക്കാന്‍. അതു പ്രകാരം അന്നു തൊട്ട് നിറച്ചു വെച്ചതാണ്.

ഇന്ന് പ്രളയ ദുരിതത്തിലകപ്പെട്ടവരെ കുറിച്ചും അവരുടെ മണ്ണും കിടപ്പാടം വരെയും നഷ്ടപ്പെട്ടതിനെ കുറിച്ചും പറഞ്ഞു കൊടുത്തപ്പോള്‍ ‘നമ്മെളെന്താ ചെയ്യ മ്മച്ച്യേ?! ‘എന്നവന്റെ ചോദ്യത്തില്‍ നിന്നാണ് കുടുക്ക പൊട്ടിക്കുന്ന ആശയം ഞാന്‍ പറഞ്ഞത്. കേട്ട ഉടനെ അവന് നൂറു സമ്മതമായിരുന്നു. മുത്ത് നബിക്ക് അതാണ് കൂടുതല്‍ ഇഷ്ടം എന്നും അവന്‍ ഉറപ്പിച്ചിരിക്കണം. അവന്റെ കുഞ്ഞുമനസിലെ വലിയ സമ്പാദ്യമാണ് ഈ തുക. മൂന്നര കൊല്ലത്തെ നീക്കിവെപ്പ്. നിറഞ്ഞ മനസ്സോടെ അവനിത് ദുരിതമനുഭവിക്കുന്നവര്‍ക്കായി ദാനം ചെയ്യുകയാണ്.

മൊത്തം ആയിരത്തി ഇരുന്നൂറ്റി ഇരുപത്തിനാല് രൂപയുണ്ട്.

മോന്റെ പ്രയാസ ങ്ങളെല്ലാം നീ മാറ്റി കൊടുക്കണേ റബ്ബേ,
തിരുനബിയുടെ ചാരത്ത് എത്തിക്കണേ അല്ലാഹ്..