ഇന്ത്യക്ക് വികസ്വര രാഷ്ട്ര പദവി നല്‍കുന്നത് എന്തടിസ്ഥാനത്തില്‍; ഡബ്ല്യു ടി ഒയോട് ട്രംപ്

Posted on: August 14, 2019 7:50 pm | Last updated: August 14, 2019 at 10:21 pm

വാഷിംഗ്ടണ്‍: ഇന്ത്യയെയും ചൈനയെയും ഇനിമുതല്‍ വികസ്വര രാഷ്ട്രങ്ങളായി കണക്കാക്കാനാകില്ലെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരു രാഷ്ട്രങ്ങള്‍ക്കും ഏതു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് വികസ്വര രാഷ്ട്ര പദവി നല്‍കുന്നതെന്ന് ലോക വ്യാപാര സംഘടനടയോട് അദ്ദേഹം ചോദിച്ചു. ഇന്ത്യയും ചൈനയുമായുള്ള അമേരിക്കയുടെ വ്യാപാര തര്‍ക്കങ്ങള്‍ കൂടുതല്‍ വഷളായ സാഹചര്യത്തിലാണ് ട്രംപ് രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയത്.

അമേരിക്കയെ പ്രതികൂലമായി ബാധിക്കുന്ന രീതിയില്‍ വികസ്വര രാഷ്ട്ര പദവി നിലനിര്‍ത്തി ഇന്ത്യയും ചൈനയും നേട്ടമുണ്ടാക്കുകയാണെന്ന് ട്രംപ് ആരോപിച്ചു. വിഷയത്തില്‍ ലോക വ്യാപാര സംഘടനയില്‍ നിന്ന് ഉചിതമായ പരിഗണന അമേരിക്കക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തില്‍ നേട്ടമുണ്ടാക്കാന്‍ ഇന്ത്യയെയും ചൈനയെയും ഇനിയും അനുവദിക്കില്ല. യു എസിന്റെ ഉത്പന്നങ്ങള്‍ക്ക് വന്‍ നികുതി ചുമത്തുന്ന ഇന്ത്യയെ ‘താരിഫ് കിംഗ്’ എന്നാണ് ട്രംപ് വിമര്‍ശിച്ചത്. ഏതെങ്കിലും വികസിത സാമ്പത്തിക ശക്തി അമേരിക്കയുടെ സമ്പത്തില്‍ നിന്നും അനര്‍ഹമായ നിലയില്‍ ലാഭം നേടുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ യു എസ് വ്യാപാര പ്രതിനിധികള്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.