Connect with us

Kerala

കൈത്താങ്ങുമായി കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി; ആ മനസ്സ് വലുതെന്ന് പിണറായി

Published

|

Last Updated

തിരുവനന്തപുരം: പ്രകൃതിക്ഷോഭം വിതച്ച കൊടും ദുരിതത്തില്‍ നിന്നും കരകയറാന്‍ കേരളത്തിന് കൈത്താങ്ങുമായി കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ്. തന്റെ വരുമാനത്തിന്റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയാണ് ഇലിസ് കേരളത്തിന് പിന്തുണ പ്രഖ്യാപിച്ചത്. കേരളത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ടുള്ള ഇവരുടെ വീഡിയോ സന്ദേശം മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ് ബുക്കിലൂടെ പങ്കുവെച്ചു. ദുരന്തകാലത്ത് നമുക്കൊപ്പം നില്‍ക്കാന്‍ തോന്നിയ ഇലിസിന്റെ മനസ്സ് വലുതാണെന്നും ആ നല്ല മനസ്സിന് സംസ്ഥാനത്തിന്റെ ആദരമര്‍പ്പിക്കുന്നതായും വീഡിയോക്കൊപ്പം നല്‍കിയ കുറിപ്പില്‍ മുഖ്യമന്ത്രി പറഞ്ഞു.

ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം…

ഇലിസ് സര്‍ക്കോണ എന്ന പേര് മലയാളികള്‍ക്ക് അധികം പരിചയം കാണില്ല. കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട, നമ്മുടെ എല്ലാം നൊമ്പരമായി മാറിയ ലാത്വിയന്‍ യുവതിയുടെ സഹോദരിയാണ് ഇലിസ്. നമ്മള്‍ ഒരു വിഷമഘട്ടത്തിലൂടെ നീങ്ങുമ്പോള്‍ കേരളത്തിന് പിന്തുണ അറിയിച്ചുള്ള ഇലിസയുടെ സന്ദേശം എത്തിയിരിക്കുന്നു. അയര്‍ലന്‍ഡില്‍ നിന്നും തന്റെ വരുമാനത്തിന്റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ ശേഷമാണ് ഇലിസ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സന്ദേശമയച്ചത്. ഈ വിഷമമേറിയ അവസ്ഥയില്‍ കേരളീയര്‍ക്കൊപ്പമെന്നാണ് ഇലിസയുടെ സന്ദേശം. ഇപ്പോഴത്തെ ദുരന്തത്തെ മറികടക്കാനുള്ള കരുത്തുണ്ടാകട്ടെ എന്ന ആശംസയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു തുകയും ഇലിസ പങ്കുവെക്കുന്നു.

സമാനതകള്‍ ഇല്ലാത്തതാണ് ഈ അനുഭവം. ഈ ദുരന്തകാലത്ത് നമുക്കൊപ്പം നില്‍ക്കാന്‍ തോന്നുന്ന ഇലിസയുടെ മനസ് വലുതാണ്. ഇലിസയുടെ സന്ദേശം മലയാളികള്‍ക്കാകെ ആത്മവിശ്വാസം നല്‍കും. ആ നല്ല മനസിന് സംസ്ഥാനത്തിന്റെ ആദരവ്.

Latest