നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസ് സിബിഐ അന്വേഷിക്കും

Posted on: August 14, 2019 1:13 pm | Last updated: August 14, 2019 at 7:04 pm

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസ് സിബിഐ അന്വേഷിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചത്. കേസ് സിബിഐക്ക് വിടണമെന്ന് കൊല്ലപ്പെട്ട രാജ്കുമാറിന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെ കേസിലെ മുഖ്യപ്രതി നെടുങ്കണ്ടം മുന്‍ എസ്‌ഐ സാബുവിന് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചത് വലിയ വിമര്‍ശത്തിന് കാരണമായിരുന്നു.

പ്രോസിക്യൂഷന്റെ വീഴ്ചയാണ് ജാമ്യം ലഭിക്കാന്‍ കാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു. അതേ സമയം കേസിലെ നാലാം പ്രതി സിവില്‍ പോലീസ് ഓഫീസര്‍ സജീവ് ആന്റണിക്ക് ഹൈക്കോടതി ഇന്ന് ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ രാജ്കുമാര്‍ പോലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദനത്തിനിരയാവുകയും പിന്നീട് മരിക്കുകയും ചെയ്തുവെന്നാണ് കേസ്.