മിനയോട് വിടചൊല്ലി ഹാജിമാര്‍; ഈ വര്‍ഷം ഹജ്ജിനെത്തിയത് 2,489,406 തീര്‍ഥാടകര്‍

Posted on: August 13, 2019 11:26 pm | Last updated: August 13, 2019 at 11:26 pm

മിന: ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓര്‍മകള്‍ പുതുക്കി ഹാജിമാര്‍ മിനാ താഴ്വരയോട് വിടചൊല്ലിയതോടെ ഈ വര്‍ഷത്തെ ഹജ്ജിന് പരിസമാപ്തിയായി. കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി പകുതിയിലേറെ ഹാജിമാര്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെ മിനായില്‍ നിന്നും യാത്ര തിരിച്ചു. ബാക്കിയുള്ളവര്‍ ബുധനാഴ്ച പൂര്‍ണ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയാണ് മടങ്ങുക.

2,489,406 ലക്ഷം തീര്‍ഥാടകര്‍ പങ്കെടുത്ത ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ അനിഷ്ട സംഭവങ്ങളില്ലാതെയാണ് പര്യവസാനിക്കുന്നത്. ആദ്യ ദിനങ്ങളില്‍ ചൂട് കാലാവസ്ഥയായിരുന്നെങ്കിലും അറഫാ ദിനത്തിലെ വൈകുന്നേരത്തോടെ കനത്ത മഴയാണ് ലഭിച്ചത്. വര്‍ണ-ദേശ-ഭാഷാ വൈജാത്യങ്ങളില്ലാതെ നാഥന്റെ മുമ്പില്‍ എല്ലാവരും തുല്യരാണെന്ന സന്ദേശം വീണ്ടും ഓര്‍മിപ്പിച്ചു കൊണ്ടാണ് തീര്‍ഥാടകര്‍ മിനായില്‍ നിന്നും യാത്ര തിരിക്കുന്നത്. അഷ്ടദിക്കുകളില്‍ നിന്നെത്തിയ ജനലക്ഷങ്ങള്‍ പുണ്യ ഭൂമിയില്‍ ഇബ്രാഹീമീ സ്മരണകള്‍ വിളിച്ചോതിക്കൊണ്ട് തീര്‍ത്ത സഹനത്തിന്റെയും സാഹോദര്യത്തിന്റെയും വര്‍ണനാതീതമായ ഓര്‍മകളാണ് ഹാജിമാര്‍ക്ക് പുണ്യ ഭൂമിയില്‍ നിന്നും ലഭിച്ചത്. തീര്‍ഥാടകര്‍ കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ മക്കയിലെത്തി ത്വവാഫുല്‍ വിദാഅ് പൂര്‍ത്തിയാക്കി സ്വദേശങ്ങളിലേക്ക് മടങ്ങിയിരുന്നു

ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ ശനിയാഴ്ച മുതല്‍ മുതല്‍ മടക്കയാത്ര ആരംഭിക്കും. ഈ വര്‍ഷത്തെ ഹജ്ജിനു മുമ്പ് പ്രവാചക നഗരിയായ മദീനാ ശരീഫ് സന്ദര്‍ശിച്ചിട്ടില്ലാത്ത തീര്‍ഥാടകര്‍ വരും ദിവസങ്ങളില്‍ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങും. ഞായറാഴ്ച മുതലാണ് മലയാളി ഹാജിമാരുടെ മടക്കയാത്ര ആരംഭിക്കുക. മദീനയില്‍ വന്നിറങ്ങിയ ആദ്യ തീര്‍ഥാടക സംഘത്തിലെ ഹാജിമാരാണ് ജിദ്ദയില്‍ നിന്നും യാത്ര തിരിക്കുക.

തീര്‍ഥാടകരുടെ മടക്കയാത്രക്കാവശ്യമായ മുഴുവന്‍ സജ്ജീകരണങ്ങളും ജിദ്ദയിലെയും മദീനയിലെയും വിമാനത്താവളത്തില്‍ സഊദി ഹജ്ജ് മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര തീര്‍ഥാടകര്‍ ചൊവ്വാഴ്ച തന്നെ സ്വദേശങ്ങളിലേക്ക് മടക്കയാത്ര ആരംഭിച്ചിരുന്നു. ഹജ്ജില്‍ നിന്നും നേടിയെടുത്ത വിശുദ്ധിയില്‍ പുണ്യ ഭൂമിയോട് വിട പറയുന്ന ഹാജിമാരെ കഅ്ബാലയത്തില്‍ കാണാമായിരുന്നു, ഹജറുല്‍ അസ്വദില്‍ മുത്തുകയും ഹിജ്‌റ് ഇസ്മാഈലില്‍ ചെന്ന് നിസ്‌കരിക്കുകയും കഅ്ബാലായത്തിന്റെ ചുവരുകളില്‍ കൈവെച്ച് കണ്ണീര്‍ വാര്‍ക്കുകയും ചെയ്യുന്ന തീര്‍ഥാടകര്‍ എങ്ങും വികാരനിര്‍ഭരമായ രംഗങ്ങള്‍ തീര്‍ത്തു. ഇനിയും പുണ്യ ഭൂമിയിലെത്താന്‍ ഭാഗ്യം നല്‍കണേ എന്ന പ്രാര്‍ഥനയിലാണ് തീര്‍ഥാടകരുടെ മടക്കയാത്ര.