Alappuzha
സഹജീവി സ്‌നേഹത്തിന് പുതിയ മാതൃക; കടയിലെ മുഴുവന്‍ വസ്ത്രങ്ങളും നല്‍കി അബ്ദുല്ല

ഹരിപ്പാട്: സഹജീവി സ്‌നേഹത്തിന് പുത്തന്‍ മാതൃക തീര്‍ത്ത് എറണാകുളത്തെ വസ്ത്രവ്യാപാരി നൗഷാദിന് പിന്നാലെ ആലപ്പുഴയിലെ അബ്ദുല്ലയും. തൃക്കുന്നപ്പുഴ സ്വദേശി അണ്ടോളി അബ്ദുല്ല എന്ന വസ്ത്രവ്യാപാരി തന്റെ കടയിലെ മുഴുവന്‍ വസ്ത്രങ്ങളും ദുരിതബാധിതര്‍ക്ക് നല്‍കിയാണ് മാതൃകയായത്.
സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകള്‍ പ്രളയവും മണ്ണിടിച്ചിലും കാരണം ദുരിതം അനുഭവിക്കുമ്പോള്‍ അവരെ ചേര്‍ത്ത് നിര്‍ത്തി ദുരിദാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വ്യത്യസ്തനാകുകയാണ് അണ്ടോളില്‍ ബ്യുട്ടീക് ഉടമ അബ്ദുള്ളാകുഞ്ഞ്. വ്യാപാരി വ്യവസായി ഏകോപന സമിതി തൃക്കുന്നപ്പുഴ യൂണിറ്റ് പ്രസിഡന്റ് കൂടിയായ ഇദ്ദേഹം തന്റെ കടയിലെ പത്ത് ലക്ഷത്തിലധികം വില വരുന്ന വസ്ത്രങ്ങളാണ്
ദുരിത ബാധിത പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്നതിനായി സൗജന്യമായി നല്‍കിയത്.
മലബാര്‍ മേഖലകളില്‍ പ്രളയ ദുരിതം അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാവുന്നതിന് വേണ്ടി ഇദ്ദേഹം സംഭാവന ചെയ്ത വസ്ത്രങ്ങള്‍ സ്വതന്ത്ര തൊഴിലാളി യൂണിയന്‍ (എസ് ടി യു) ജില്ലാ കമ്മിറ്റി ഏറ്റുവാങ്ങി. വസ്ത്രങ്ങള്‍ വയനാട്, നിലമ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ പ്രളയ ബാധിതര്ക്ക് വിതരണം ചെയ്യുന്നതിനായി സംഘം ഇന്ന് യാത്ര തിരിക്കും. കഴിഞ്ഞ പ്രളയ കാലത്തും അബ്ദുല്ല നിരവധി സഹായങ്ങള്‍ നല്‍കിയിരുന്നു.