രണ്ടര ലക്ഷത്തിലധികം പേര്‍ ഇപ്പോഴും ക്യാമ്പുകളില്‍; കാണാതായ 58 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

Posted on: August 12, 2019 9:21 am | Last updated: August 12, 2019 at 12:23 pm

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് വീട് വിട്ട് ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഇനിയും മടങ്ങാനായില്ല. 2.61 ലക്ഷം പേരാണ് ഇപ്പോള്‍ സംസ്ഥാനത്തെ വിവിധ ക്യാമ്പുകളില്‍ കഴിയുന്നത്.

വെള്ളപ്പൊക്കത്തിലും പേമാരിയിലും ഇതുവരെ 72 പേര്‍ മരണപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. 58 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതില്‍ 50 പേര്‍ക്കായി കവളപ്പാറയിലും 7 പേര്‍ക്കായി വയനാട്ടിലുംതിരരച്ചില്‍ തുടരുകയാണ്.
നിലവില്‍ സംസ്ഥാനത്താകെ 1639 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2966 വീടുകള്‍ ഭാഗീകമായും 286 വീടുകള്‍ പൂര്‍ണമായും പ്രളയത്തില്‍ തകര്‍ന്നു. പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ നേരിട്ടത് മലപ്പുറം ജില്ലയിലാണ്. 23 പേരാണ് പ്രളയത്തില്‍ മലപ്പുറം ജില്ലയില്‍ മരിച്ചത്.

50 പേരെ ഇനിയും കണ്ടെത്താനുണ്ട്. മലപ്പുറത്താണ് 232 ക്യാംപുകളിലായി 15197 കുടുംബങ്ങളിലെ 55720 പേര്‍ ദുരിതബാധിതരായി കഴിയുന്നു. 456 വീടുകള്‍ ഭാഗീകമായും 65 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. രണ്ട് പേര്‍ പരിക്കേറ്റ് ചികിത്സയിലുണ്ട്.

കോഴിക്കോട്ട് 317 ക്യാമ്പുകളിലായി 18024 കുടുംബങ്ങളിലെ 58317 പേര്‍ കഴിയുന്നു. 154 പേര്‍ ഭാഗീകമായും 3 വീടുകള്‍ പൂര്‍ണമായും പ്രളയത്തില്‍ തകര്‍ന്നു. 17 പേര്‍ മരണപ്പെട്ടു. വയനാട്ടില്‍ 214 ക്യാമ്പുകളിലായി 10379 കുടുംബങ്ങളിലെ 37395 പേര്‍ കഴിയുന്നു. 30 വീടുകള്‍ ഭാഗീകമായും ഒരു വീട് പൂര്‍ണമായും ദുരന്തത്തില്‍ തകര്‍ന്നു. കാണാതായ ഏഴ് പേരെ ഇനിയും കണ്ടെത്താനായിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 12 പേര്‍ മരിച്ചിട്ടുണ്ട്.