ഫറോക്ക് പാലത്തിന്റെ ബലം പരിശോധിക്കും; ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കുന്നതില്‍ തീരുമാനം അതിനു ശേഷം

Posted on: August 11, 2019 7:31 pm | Last updated: August 12, 2019 at 10:29 am

കോഴിക്കോട്: ഫറോക്ക് പാലത്തിന്റെ ബലപരിശോധനക്കു ശേഷം മാത്രമെ ഷൊര്‍ണൂര്‍-കോഴിക്കോട് പാതയില്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂവെന്ന് റെയില്‍വേ അധികൃതര്‍. തിങ്കളാഴ്ച രാവിലെയാണ് പാലത്തിന്റെ ബല പരിശോധന നടത്തുക.
കനത്ത മഴയില്‍ ചാലിയാറിലെ വെള്ളം പാലത്തിലെ അപകട നിലക്ക് മുകളിലേക്ക് ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സംഘം പാതയില്‍ പരിശോധന നടത്തിയിരുന്നു. ഇതിനു ശേഷമാണ് പാലത്തിന്റെ ബലപരിശോധന നടത്താന്‍ തീരുമാനിച്ചത്.

പരിശോധനയില്‍ വലിയ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയില്ലെങ്കില്‍ തിങ്കളാഴ്ച ഉച്ചയോടെ പാലത്തിലൂടെ വേഗത കുറച്ച് ട്രെയിന്‍ കടന്നുപോകാന്‍ അനുവദിച്ചേക്കും. ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചതിനെ തുടര്‍ന്നുള്ള യാത്രാ പ്രതിസന്ധി പരിഹരിക്കാന്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എറണാകുളത്തേക്ക് ഓരോ മണിക്കൂര്‍ ഇടവിട്ട് കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് നടത്തുന്നുണ്ട്.