Kerala
കൈയെത്തും ദൂരത്ത് നിന്ന് മകൻ നഷ്ടമായതിന്റെ ഞെട്ടലിൽ ദമ്പതികൾ

കൽപ്പറ്റ: കൈയെത്തും ദൂരത്ത് നിന്ന് മകൻ നഷ്ട്ടമായതിന്റെ ഞെട്ടലിൽ നിന്ന് ഷൗക്കത്ത്- മുനീറ ദമ്പതികൾ ഇതുവരെയും മോചിതരായിട്ടില്ല. പുത്തുമല ദുരന്തത്തിൽ ഇവർക്ക് നഷ്ട്ടമായത് ഏക മകനെയാണ്. ദുരന്തം നടന്ന പ്രദേശത്ത് കാന്റീൻ നടത്തി ഉപജീവനം നടത്തിവരികയായിരുന്നു ദമ്പതികൾ. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ അപ്രതീക്ഷിതമായി എത്തിയ ഉരുൾപ്പൊട്ടലിൽ കാന്റീനിൽ തന്നെ മറ്റൊരു റൂമിലെ തൊട്ടിലിൽ കിടന്നുറങ്ങുകയായിരുന്നു മുഹമദ് അഫ്തഹ് എന്ന മുന്നര വയസുകാരനും ഉൾപ്പെടുകയായിരുന്നു.
ഭീകരമായ ശബ്ദം കേട്ട് ദമ്പതികൾ നോക്കിയപ്പോൾ കല്ലും മരവും മണ്ണം കാന്റീനിന് നേരെ വരുന്ന കാഴ്ചയാണ് കണ്ടത്. ഉടനെ മുനീറ കുട്ടിയെ എടുക്കാൻ പോയെങ്കിലും അപ്പോഴേക്കും ഇവരെയും മകനേയും അടക്കം എടുത്തെറിയപ്പെടുകയായിരുന്നു. പിന്നീട് ആളുകളെത്തി മുനീറയെ രക്ഷപ്പെടുത്തിയെങ്കിലും മകനെ ലഭിച്ചില്ല. ഇന്നലെ നടത്തിയ തിരച്ചിലാണ് കുട്ടിയുടെ മയ്യിത്ത് ലഭിച്ചത്. മയ്യിത്ത് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മേലെ നെല്ലിമുണ്ട ഖബറിസ്ഥാനിൽ ഖബറടക്കി.