Connect with us

Ongoing News

കനത്തമഴ തുടരുന്നു; ഇതുവരെ മരണം 47, ഒമ്പത്‌ ജില്ലകളിൽ റെഡ് അലർട്ട് - LIVE BLOG

Published

|

Last Updated

ദുരന്ത ഭൂമി:മലപ്പുറം നിലമ്പൂർ കവളപ്പാറയിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശം

കോഴിക്കോട്/മലപ്പുറം/വയനാട്: സംസ്ഥാനത്തെ വീണ്ടും ദുരന്തത്തിലേക്ക് തള്ളിവിട്ട് മഹാ പ്രളയത്തിന്റെ തനിയാവർത്തനം. ജനങ്ങളെ ദുരിതക്കയത്തിലാക്കിയ പ്രളയത്തിൽ മലബാർ ജില്ലകൾ ഒറ്റപ്പെടുന്നു. വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ഇതുവരെ 47 പേരാണ് മരിച്ചത്. പത്തിലേറെ പേരുടെ മരണത്തിനിടയാക്കിയ നിലമ്പൂർ കവളപ്പാറയിലുൾപ്പെടെ 25 സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. നിരവധി പേരെ കാണാനില്ല. കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടി ഒരു കുടുംബത്തിലെ മൂന്ന് പേരുൾപ്പെടെ നാല് പേർ മരിച്ചു. മോശം കാലാവസ്ഥയും മണ്ണിടിച്ചിലും രക്ഷാ പ്രവർത്തനം ദുഷ്‌കരമാക്കുന്നു. റെയിൽ, റോഡ്, വ്യോമഗതാഗതം തടസ്സപ്പെട്ടു.
മലപ്പുറം നിലമ്പൂർ കവളപ്പാറയിൽ ഉരുൾപൊട്ടലിൽ വൻ ദുരന്തമുണ്ടായി. ഇവിടെ അമ്പതോളം വീടുകൾ മണ്ണിനടിയിൽപ്പെട്ടതായി സംശയിക്കുന്നു. പത്ത് പേരുടെ മൃതദേഹം മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. രാത്രിയിൽ രക്ഷാപ്രവർത്തനം നിർത്തിവെച്ചു. വയനാട് മേപ്പാടി പുത്തുമലയിൽ ഉരുൾപൊട്ടലിൽ നിരവധി പേർ മരിച്ചു. എട്ട് പേരുടെ മൃതദേഹം കണ്ടെടുത്തു. രക്ഷാ പ്രവർത്തനത്തിന് സൈന്യം രംഗത്തിറങ്ങി. പാങ്ങോട് മിലിറ്ററി സ്റ്റേഷനിൽ നിന്ന് സൈനികരെ ആലപ്പുഴ, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളിൽ വിന്യസിച്ചു. മൂന്ന് കോളം സൈനികരാണ് രക്ഷാപ്രവർത്തനത്തിനായി രംഗത്തുള്ളത്. ഒരു ഓഫീസർ, മൂന്ന് ജൂനിയർ കമ്മീഷൻഡ് ഓഫീസർമാർ, 55 സൈനികർ എന്നിവർ ഉൾപ്പെടുന്നതാണ് ഒരു കോളം. രണ്ട് കോളം സൈനികരെ തയ്യാറാക്കി നിർത്തിയിരിക്കുന്നു. മലബാർ മേഖലയിലും രക്ഷാപ്രവർത്തനത്തിന് സൈന്യം സജീവമാണ്. മത്സ്യത്തൊഴിലാളികളും രംഗത്തുണ്ട്.

പുഴകളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. ചില അണക്കെട്ടുകൾ തുറന്നു. മഴ കനക്കുകയാണെങ്കിൽ കൂടുതൽ അണക്കെട്ടുകൾ തുറക്കും. നദികളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.

ഒമ്പത്‌ ജില്ലകളിൽ റെഡ് അലർട്ട്

ഒമ്പത് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

738 ക്യാമ്പുകള്‍ തുറന്നു

സംസ്ഥാനത്താകെ 738 ദുരിതാശ്വാസ ക്യാമ്പുകളിലായി 15,748 കുടുംബങ്ങളിലെ 64,013 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ദുരന്തനിവാരണ സേനയും ഫയർഫോഴ്‌സും പോലീസും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. ഇന്നലെ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ചീഫ് സെക്രട്ടറിയും ഡി ജി പിയും യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. രക്ഷാപ്രവർത്തനത്തിനായി വ്യോമസേനയും എത്തി. എന്നാൽ, മോശം കാലാവസ്ഥ കാരണം പല സ്ഥലത്തും വ്യോമസേനയുടെ സേവനം ലഭ്യമാക്കാൻ കഴിഞ്ഞിട്ടില്ല. ഒറ്റപ്പെട്ടു പോയവരെ രക്ഷിക്കാൻ എയർ ലിഫ്റ്റിംഗ് നടത്തണമെന്ന് സംസ്ഥാന സർക്കാർ വ്യോമസേനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് കനത്ത മഴക്ക് കാരണമായതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. പന്ത്രണ്ടിന് വീണ്ടും ന്യൂനമർദം രൂപപ്പെടും. ഇതുകാരണം 14, 15, 16 തീയതികളിൽ മഴ കനക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ട്രെയിൻ സർവീസുകൾ
നിർത്തിവെച്ചു

ട്രെയിൻ ഗതാഗതവും താറുമാറായി. ആലപ്പുഴ വഴിയുള്ള സർവീസുകൾ നിർത്തിവെച്ചു. രണ്ട് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. ദീർഘദൂര ട്രെയിനുകൾ കോട്ടയം വഴി തിരിച്ചു വിട്ടു. എറണാകുളം- പാലക്കാട് റൂട്ടിലും ട്രെയിൻ ഗതാഗതം സ്തംഭിച്ചു. ട്രെയിൻ സർവീസ് വെട്ടിച്ചുരുക്കിയ സാഹചര്യത്തിൽ കെ എസ് ആർ ടി സി അധിക സർവീസുകൾ നടത്തി. നിരവധി ട്രെയിനുകൾ റദ്ദാക്കി.

---- facebook comment plugin here -----

Latest