പാക് നീക്കം അവിവേകം

Posted on: August 9, 2019 5:29 pm | Last updated: August 9, 2019 at 5:29 pm

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും മേഖലയെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത ഇന്ത്യന്‍ നടപടിക്കെതിരെ പാക്കിസ്ഥാന്‍ പ്രകോപനപരമായ നിലപാടുകളാണ് സ്വീകരിച്ചു വരുന്നത്. ഇന്ത്യയുമായുള്ള വ്യാപാരം മരവിപ്പിക്കാനും പരസ്പരം സഹകരിച്ചുള്ള നടപടികള്‍ പുനഃപരിശോധിക്കാനും നയതന്ത്രബന്ധം തരംതാഴ്ത്താനും തീരുമാനിച്ചിരിക്കുകയാണ് പാക് ഭരണകൂടം. ജമ്മു കശ്മീരിലെയും നിയന്ത്രണ രേഖയിലെയും സാഹചര്യം വിലയിരുത്താന്‍ ബുധനാഴ്ച വൈകീട്ട് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ സുരക്ഷാ സമിതി യോഗമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കുന്ന തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ഇന്ത്യന്‍ നടപടിക്കെതിരെ ഐക്യരാഷ്ട്രസഭയെ സമീപിക്കാനും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പുനഃപരിശോധിക്കാനും തീരുമാനമുണ്ട്. പാക് സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 14 കശ്മീര്‍ ജനതക്കുള്ള ഐക്യദാര്‍ഢ്യ ദിനമായും ആഗസ്റ്റ് 15 കരിദിനമായും ആചരിക്കുമെന്ന് പാക് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററില്‍ കുറിക്കുന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയെ പുറത്താക്കുകയും ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണറെ മടക്കി വിളിക്കുകയും ചെയ്തിട്ടുണ്ട്.

മോദി സര്‍ക്കാറിന്റെ മനുഷ്യാവകാശലംഘനങ്ങളും വംശീയ ഭരണ രീതികളും തുറന്നു കാട്ടാന്‍ എല്ലാ നയതന്ത്ര സാധ്യതകളും ഉപയോഗിക്കാനും പാക് യോഗം തീരുമാനിച്ചു.
ഇന്ത്യ സര്‍വീസിന് ഉപയോഗപ്പെടുത്തുന്ന പാക്കിസ്ഥാന്‍ വഴിയുള്ള വ്യോമ പാതകളിലൊന്ന് അടക്കുകയും ചെയ്തിട്ടുണ്ട്. ഈ വ്യോമ പാതയിലൂടെ ഇന്ത്യന്‍ വിമാനങ്ങള്‍ അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലേക്കായി അമ്പതോളം സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഈ വിമാനങ്ങള്‍ ഇനി വഴിതിരിച്ചു വിടേണ്ടി വരും. ഇതുമൂലം യാത്രാ സമയം ദീര്‍ഘിക്കുകയും ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് നഷ്ടം സഹിക്കേണ്ടി വരികയും ചെയ്യും. ഫെബ്രുവരി 26ന് ഇന്ത്യ നടത്തിയ ബാലാക്കോട്ട് വ്യോമാക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാന്‍ വ്യോമാതിര്‍ഥി അടച്ചപ്പോള്‍ എയര്‍ ഇന്ത്യക്ക് 491 കോടിയും സ്വകാര്യ വിമാന കമ്പനികളായ സ്‌പൈസ് ജെറ്റിന് 30.73 കോടിയും ഇന്‍ഡിഗോക്ക് 25.1 കോടിയും ഗോ എയറിന് 2.1 കോടിയും നഷ്ടം നേരിട്ടിരുന്നു. കഴിഞ്ഞ മാസമാണ് വീണ്ടും ഈ പാത പൂര്‍ണ നിലയില്‍ തുറന്നത്.

കശ്മീരിന്റെ പ്രത്യേക അവകാശങ്ങളും സംസ്ഥാന പദവിയും എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി ജനാധിപത്യ വിരുദ്ധവും ഭരണഘടനാ ലംഘനവുമാണെങ്കില്‍ തന്നെയും ഇക്കാര്യത്തില്‍ പാക്കിസ്ഥാന്റെ ഇടപെടല്‍ അംഗീകരിക്കാനാകില്ല. രാഷ്ട്രങ്ങള്‍ പാലിക്കേണ്ട മര്യാദകള്‍ക്കും നയതന്ത്രജ്ഞതക്കും വിരുദ്ധമാണ് അവരുടെ ഇപ്പോഴത്തെ നിലപാടുകള്‍. ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും കടക്കലാണ് മോദി സര്‍ക്കാര്‍ കത്തിവെച്ചിരിക്കുന്നതെങ്കിലും കശ്മീരിന്റെ കാര്യം തീരുമാനിക്കേണ്ടത് ഇന്ത്യ തന്നെയാണ്. കശ്മീരിനെ ഇന്ത്യ യുദ്ധത്തിലൂടെ പിടിച്ചടക്കിയതല്ല. 1947ല്‍ രാജ്യം സ്വതന്ത്രമാകുന്ന കാലത്ത് കശ്മീര്‍ ഭരണം ഹരിസിംഗ് രാജാവിന്റെ കൈകളിലായിരുന്നു. നാട്ടുരാജ്യമെന്ന നിലക്ക് അവര്‍ക്ക് ഭൂമിശാസ്ത്രപരമായോ നിയമപരമായോ ഇന്ത്യയിലോ പാക്കിസ്ഥാനിലോ ലയിക്കാന്‍ ബ്രിട്ടീഷ് ഭരണകൂടം അനുമതി നല്‍കി. തുടക്കത്തില്‍ സ്വതന്ത്രമായി നില്‍ക്കാനായിരുന്നു രാജാവിന്റെ തീരുമാനം. പിന്നീട് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ നുഴഞ്ഞുകയറ്റം വര്‍ധിച്ചതോടെ ഉടലെടുത്ത ആഭ്യന്തര പ്രശ്‌നങ്ങൾ തരണം ചെയ്യാന്‍ രാജാവ് ഇന്ത്യന്‍ സൈന്യത്തിന്റെ സഹായം തേടി. അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും കേന്ദ്ര ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേലും ഹരിസിംഗ് രാജാവും തമ്മില്‍ കശ്മീരിന് ചില പ്രത്യേകാവകാശങ്ങള്‍ അനുവദിക്കാനുള്ള വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ഉണ്ടാക്കിയ ധാരണയുടെ ഫലമായി കശ്മീര്‍ ഇന്ത്യയോട് ചേര്‍ക്കുകയാണുണ്ടായത്.

കശ്മീരിനെ ചൊല്ലി പിന്നീട് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ 1947, 1965ലുമായി രണ്ട് തവണ യുദ്ധമുണ്ടായെങ്കിലും രണ്ടിലും പാക് സൈന്യം പരാജയപ്പെടുകയാണുണ്ടായത്. ഇതില്‍ നിരാശപൂണ്ട പാക് ഭരണകൂടവും സൈന്യവും കശ്മീരിലേക്ക് തീവ്രവാദികളെ റിക്രൂട്ട് ചെയ്തും അതിര്‍ത്തി നുഴഞ്ഞു കയറിയും സംഘര്‍ഷ ഭരിതമാക്കുകയായിരുന്നു. കശ്മീരില്‍ പാക്കിസ്ഥാന്‍ നടത്തുന്ന തീക്കളി ഇതിനിടെ പാക് വ്യോമസേനയിലെ ഉദ്യോഗസ്ഥനും പിന്നീട് താലിബാന്‍ നേതാവുമായി മാറിയ അദ്‌നാന്‍ റശീദ് തുറന്നു കാണിച്ചിട്ടുണ്ട്. മുജാഹിദീന്‍ എന്ന പേരില്‍ പരിശീലനം നല്‍കി കശ്മീരിലും അഫ്ഗാനിലും യുദ്ധത്തിനു യുവാക്കളെ വിടുകയും പിന്നീടവരെ ഭീകരരെന്ന് ആരോപിച്ച് കൊല്ലുകയുമാണ് പാക്കിസ്ഥാന്‍ ചെയ്യുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി.

അതേസമയം, ഇന്ത്യയോട് ചേരുമ്പോള്‍ കശ്മീരിന് നല്‍കിയ എല്ലാ ഉറപ്പുകളും ലംഘിച്ചു കൊണ്ട് സംസ്ഥാനത്തിന്റെ പ്രത്യേകാവകാശങ്ങള്‍ നീക്കം ചെയ്യുകയും സംസ്ഥാന പദവി എടുത്തു കളയുകയും ചെയ്ത ഇന്ത്യന്‍ നിലപാടും തീര്‍ത്തും വിവേകരഹിതവും വഞ്ചനാപരവുമാണ്. കശ്മീരിന്റെ മണ്ണല്ല, ജനതയെ ആയിരുന്നു ഇന്ത്യന്‍ ഭരണാധികാരികള്‍ ആദ്യം കൈവശപ്പെടുത്തേണ്ടിയിരുന്നത്. അക്കാര്യത്തില്‍ കാലങ്ങളായി രാജ്യം ഭരിക്കുന്ന സര്‍ക്കാറുകള്‍ പൂര്‍ണ പരാജയമാണ്. ഒരു സംസ്ഥാനമെന്ന നിലയില്‍ ജമ്മു കശ്മീര്‍ രൂപപ്പെട്ടുവന്നപ്പോള്‍, ജനങ്ങള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും വ്യവസായങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും യൂനിവേഴ്‌സിറ്റികളും മതിയായ അളവില്‍ സ്ഥാപിക്കാനും സര്‍ക്കാറുകള്‍ക്കായില്ല. കശ്മീര്‍ യുവാക്കള്‍ക്ക് വിശേഷിച്ചും മുസ്‌ലിംകള്‍ക്ക് റെയില്‍വേ, കേന്ദ്ര സര്‍ക്കാര്‍ സര്‍വീസ് തുടങ്ങിയ മേഖലകളില്‍ നിയമന കാര്യത്തില്‍ വിവേചനം നേരിടേണ്ടതായും വന്നു. താഴ്‌വരയിലെ യുവാക്കള്‍ എന്നും സംശയ ദൃഷ്ടിയോടെ വീക്ഷിക്കപ്പെട്ടു. കശ്മീരി ജനങ്ങളുടെ ഇടയില്‍ പൊതുവിലും യുവാക്കള്‍ക്കിടയില്‍ വിശേഷിച്ചും അതൃപ്തി വളര്‍ന്നു വരുന്നതില്‍ സര്‍ക്കാറിന്റെ ഈ വീഴ്ചക്ക് വലിയ പങ്കുണ്ട്. പുതിയ സംഭവ വികാസങ്ങള്‍ അത് രൂക്ഷമാക്കിയേക്കും.