Kerala
മദ്യപിച്ചല്ല കാറോടിച്ചതെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍; നരഹത്യാകുറ്റം നിലനില്‍ക്കുമെന്ന് സര്‍ക്കാര്‍

കൊച്ചി: സിറാജ് തിരുവനന്തപുരം യൂനിറ്റ് മേധാവി കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ അമിത വേഗതയിലാണ് കാറോടിച്ചതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പ്രതിക്കെതിരെ നരഹത്യ വകുപ്പ് നിലനില്‍ക്കും. അപകടം ഉണ്ടാകാന്‍ സാധ്യതയുള്ളകാര്യം അയാള്‍ക്കറിയാമായിരുന്നുവെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. അതേ സമയം
മദ്യപിച്ചല്ല കാര്‍ ഓടിച്ചതെന്നു ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍ വ്യക്തമാക്കി. രക്തപരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ ആയിട്ടില്ല. കസ്റ്റഡിയില്‍ ചോദ്യം ചെയ്യണ്ട സാഹചര്യം നിലനില്‍ക്കുന്നില്ല. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണ്. ജാമ്യം റദ്ദാക്കുന്നത് അത്യപൂര്‍വ സാഹചര്യം ഉള്ളപ്പോള്‍ മാത്രമാണെന്ന് ശ്രീറാം ഹൈക്കോടതിയില്‍ പറഞ്ഞു.
തനിക്കെതിരെ നടക്കുന്നത് മാധ്യമ വിചാരണ എന്ന് ശ്രീറാം കോടതിയില്‍ പറഞ്ഞു. കാറിന്റെ ഇടത് ഭാഗമാണ് തകര്‍ന്നത് കൂടെ സഞ്ചരിച്ച യാത്രക്കാരിക്ക് പരുക്കേറ്റിട്ടില്ല. ഇക്കാര്യം പാലീസ് പരിശോധിക്കണം. വാഹനം ഓടിച്ചത് ശ്രീറാം അല്ല എന്നാണോ പറയുന്നതെന്ന് ചോദിച്ച കോടതിയോട് അത് അന്വേഷണ സംഘം വ്യക്തമാക്കട്ടെ എന്ന് ശ്രീറാം മറുപടി നല്‍കി.