National
കശ്മീരില്‍ വികസനത്തിന്റെ പുതുയുഗപ്പിറവി: മോദി

ന്യൂഡല്‍ഹി: കശ്മീരില്‍ പുതുയുഗത്തിനു തുടക്കമിട്ടെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. കശ്മീരിനു പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന അനുച്ഛേദം 370 റദ്ദാക്കിയതുമായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
പൊതു-സ്വകാര്യ മേഖലകളില്‍ കശ്മീരിലെ ആളുകള്‍ക്ക് തൊഴിലുറപ്പാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി തുല്യത ഉറപ്പു വരുത്തും. സംസ്ഥാനത്ത് സ്വകാര്യ നിക്ഷേപം വരുമെന്നും ജമ്മു കശ്മീരിന്റെ കേന്ദ്രഭരണ പദവി താല്‍കാലികം മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജമ്മുകശ്മീരില്‍ ഉടന്‍ തിരഞ്ഞെടുപ്പ് നടക്കും. കശ്മീരിന്റെ ജനപ്രതിനിധികള്‍ അവിടെ നിന്നു തന്നെയാകും. അംബേദ്കറിന്റെയും പട്ടേലിന്റെയും സ്വപ്‌നമാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. പ്രത്യേക പദവി ഭീകരതക്കും അഴിമതിക്കും കാരണമായി. പാകിസ്ഥാനു വേണ്ടി ചിലര്‍ 370 ദുരുപയോഗം ചെയ്യുകയായിരുന്നു. ജമ്മുകാശ്മീര്‍ ഭരിക്കാന്‍ പോകുന്നത് യുവജനങ്ങളാണ്. ഇതൊരു പുതുയുഗപ്പിറവിയാണ്. യുവാക്കളുടെ രാഷ്ട്രീയപ്രവേശം കശ്മീരിനെ പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ സഹായിക്കും. ചരിത്രപരമായ തീരുമാനമാണിത്.
ലോകത്തിലെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമാകാനുള്ള സാധ്യത കശ്മീരിനുണ്ട്. പുതിയ കായിക പരിശീലന കേന്ദ്രങ്ങളും സ്റ്റേഡിയങ്ങളും വരുമെന്നും മോദി പറഞ്ഞു.