Connect with us

Kerala

ശ്രീറാമിന് പ്രത്യേക സംഭവം ഓര്‍ത്തെടുക്കാന്‍ കഴിയാത്ത അസുഖമെന്ന്; പ്രതിയെ രക്ഷിക്കാന്‍ പുതിയ തന്ത്രം

Published

|

Last Updated

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ പുതിയ തന്ത്രം. ഏതെങ്കിലുമൊരു പ്രത്യേക സംഭവത്തെ കുറിച്ച് പൂര്‍ണമായും ഓര്‍ത്തെടുക്കാനാകാത്ത റെട്രൊഗ്രേഡ് അംനേഷ്യ എന്ന അസുഖത്തിന്റെ പിടിയിലാണ് ശ്രീറാമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ഏതെങ്കിലും വലിയ ആഘാതത്തിന് പിന്നാലെ വരാവുന്ന മാനസിക അവസ്ഥയാണിതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പ്രത്യേക സംഭവം പാടേ മറന്നുപോകാനും ടെന്‍ഷന്‍ ഒഴിയുമ്പോള്‍ ചിലപ്പോള്‍ പതിയെ ഓര്‍ത്തെടുക്കാനും കഴിഞ്ഞേക്കും.

അതേസമയം, ശ്രീറാമിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അപകടത്തില്‍ കഴുത്തിന് പരുക്കേറ്റിട്ടുണ്ട്. തലകറക്കവും തലവേദനയും അനുഭവപ്പെടുന്നുണ്ട്. റിമാന്‍ഡിലായിരിക്കെ സര്‍ജിക്കല്‍ ഐ സി യുവില്‍ പ്രവേശിപ്പിച്ച ശ്രീറാം വെങ്കിട്ടരാമനെ പിന്നീട് ട്രോമ ഐ സി യുവിലേക്കു മാറ്റിയിരുന്നു. നിലവില്‍ ന്യൂറോ സര്‍ജറി നിരീക്ഷണ വാര്‍ഡിലാണ് ശ്രീറാം കഴിയുന്നത്.

ബഷീറിനെ വാഹനമിടിച്ചു കൊന്ന കേസില്‍ റിമാന്‍ഡിലായിട്ടും ശ്രീറാം സ്വകാര്യ ആശുപത്രിയില്‍ തന്നെ തുടര്‍ന്നതും പൂജപ്പുര ജയിലിലേക്ക് അയച്ച ശ്രീറാമിനെ അതേ രാത്രി തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതും വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അപകടം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ശ്രീറാമിന്റെ രക്തപരിശോധന നടത്താന്‍ നടപടി സ്വീകരിക്കാതിരുന്നതില്‍ പോലീസിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ശ്രീറാം തെളിവും കൊണ്ട് ഇങ്ങോട്ട് വരുമായിരുന്നു എന്നാണോ കരുതിയതെന്നും കോടതി ചോദിച്ചു.

---- facebook comment plugin here -----

Latest