ദുരിതപ്പെയ്ത്ത്: നിലമ്പൂരും മൂന്നാറും വയനാട്ടിലും വെള്ളപ്പൊക്കം – LIVE BLOG

Posted on: August 8, 2019 10:50 am | Last updated: August 8, 2019 at 8:59 pm

ബുധനാഴ്ച രാത്രിയും ഇന്ന് പകലുമായി പെയ്ത കനത്ത മഴയിലും കാറ്റിലും നിലമ്പൂരിലും മൂന്നാറിലും വയനാട്ടിലും വെള്ളപ്പൊക്കം. വിവിധയിടങ്ങളിലായി എട്ട് പേര്‍ മരിച്ചതായാണ് വിവരം. ദേശീയ പാതകളടക്കം പ്രധാന റോഡുകളില്‍ വെള്ളം കയറിയതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ട്രൈനുകള്‍ മണിക്കൂറുകള്‍ വൈകി. നാല് ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലയില്‍ എട്ട് സ്ഥലങ്ങളില്‍ ഉരുള്‍പ്പൊട്ടി. മുതിരപ്പുഴയാര്‍ കരകവിഞ്ഞൊഴുകി. മണ്ണിടിച്ചില്‍ ഭീഷണിയെത്തുടര്‍ന്ന് മൂന്നാര്‍ – ഉഡുമല്‍പേട്ട് അന്തര്‍ സംസ്ഥാന പാതയിലെ ഗതാഗതം നിലച്ചു. ജില്ലയില്‍ ആഗസ്റ്റ് 15 വരെ വിനോദ സഞ്ചാരം നിരോധിച്ചു. കന്നിമലയാറ്റില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് പെരിയപുരയിലെ താല്‍കാലിക പാലം ഒലിച്ചു പോയി.
കല്ലാര്‍കുട്ടി, പാംബ്ല, മലങ്കര, മണിയാര്‍, കുണ്ടല, മലങ്കര, പെരിങ്ങല്‍കുത്ത്, മംഗളം കാഞ്ഞിരപ്പുഴ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നതിനാല്‍ ജാഗ്രതാ നിര്‍ദേശമുണ്ട്.

കനത്ത മഴയില്‍ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ടൗണും പരിസര പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇവിടങ്ങളില്‍ താമസിച്ചിരുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ടൗണിലെ പ്രധാന റോഡില്‍ രണ്ടാള്‍ പൊക്കത്തില്‍ വെള്ളം നിറഞ്ഞിട്ടുണ്ട്. ടൗണിലെ വ്യാപാര സ്ഥാപനങ്ങളും പരിസരങ്ങളിലെ വീടുകളുമെല്ലാം വെള്ളത്തില്‍ മുങ്ങി.

എടക്കര ഭാഗത്ത് ഇപ്പോഴും മഴ തുടരുന്നുണ്ട്. എടക്കര ടൗണിന് സമീപത്ത് വയലുകളിലും തോടുകളിലും വെള്ളം കരകവിഞ്ഞ് പല വീടുകളിലേക്കും എത്തിയിട്ടുണ്ട്.

ബുധനാഴ്ച രാത്രി മുതല്‍ പെയ്ത ശക്തമായ മഴയില്‍ വനമേഖലയില്‍ പല ഭാഗത്തും ഉരുള്‍പൊട്ടലുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ടൗണിലും മറ്റും വലിയ തോതില്‍ വെള്ളമുയര്‍ന്നത്. വെള്ളം കുറയുമെന്നു കരുതി വീടിന്റെ രണ്ടാം നിലയിലും മറ്റും കഴിയുന്നവരെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റാന്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

കരുളായിയില്‍ ഉരുള്‍പൊട്ടിയത് കാരണം റോഡുകള്‍ വെള്ളത്തിനടിയിലായി. ചാലിയാറും, കരിമ്പുഴയും, പുന്നപുഴയും കരകവിഞ്ഞ് ഒഴുകുകയാണ്. ഗൂഡല്ലൂര്‍ നിലമ്പൂര്‍ റോഡില്‍ ഗതാഗതം പൂര്‍ണ്ണമായി നിലച്ചു. ആളുകളോടെ ടൗണുകളിലേക്ക് എത്തരുന്നതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇആര്‍എഫും ചേര്‍ന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. പല പ്രദേശങ്ങളിലും ഇനിയും വെള്ളം ഉയരാന്‍ സാധ്യതയുണ്ടെന്ന് പോലീസ്‌ അറിയിച്ചു.

കരുളായി മുണ്ടക്കടവില്‍ ഉരുള്‍പൊട്ടി. ആളപായമില്ല. ആഡ്യന്‍പാറ വനമേഖലയില്‍ ഉരുള്‍പൊട്ടിയതായി സൂചനയുണ്ട്. കാഞ്ഞിരപ്പുഴയില്‍ മലവെള്ളപാച്ചിലുണ്ടായി. നമ്പൂരിപ്പൊട്ടി കാലിക്കടവില്‍ ഒമ്പതു കുടുംബങ്ങളെ നമ്പൂരിപ്പൊട്ടി ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റി. മതില്‍ മൂല, പെരുമ്പത്തൂര്‍ ഭാഗങ്ങള്‍ ഒറ്റപ്പെട്ടു. വടപുറം ടൗണ്‍ പള്ളിയില്‍ വെള്ളം കയറി. ചാലിയാറില്‍ ജലനിരപ്പ് അപകടകരമായ അവസ്ഥയിലേക്ക് ഉയരുകയാണ്.

മൈലാടിയില്‍ 15ഉം മൈലാടി പൊട്ടിയില്‍ മൂന്നും വീടുകളില്‍ വെള്ളംകയറി. നിലമ്പൂര്‍ കെ എന്‍ ജി റോഡില്‍ ജനതപ്പടി, വെളിയംതോട്, ജ്യോതിപ്പടി എന്നിവിടങ്ങളില്‍ റോഡില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ഈ പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം നിലച്ചു.

ചുങ്കത്തറ പൂച്ചക്കുത്ത് 18 വീടുകളില്‍ വെള്ളം കയറി. ചുങ്കത്തറ ഗവ എല്‍ പി സ്‌ക്കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ചുങ്കത്തറ കാലിക്കടവില്‍ ഒമ്പത് വീടുകള്‍ വെള്ളത്തില്‍ മുങ്ങി. ഇവിടെ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. വഴിക്കടവ് വനാന്തര്‍ഭാഗത്തെ പുഞ്ചകൊല്ലി, അളക്കല്‍ ആദിവാസി കോളനിയില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് തടസ്സമായി കോരന്‍ പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ വ്യക്തമാക്കി. റോഡുകള്‍ പലതും ഗതാഗതയോഗ്യമല്ലാതായിട്ടുണ്ട്.

നിലമ്പൂരിലെ കരുളായി പ്രദേശത്ത് കുടുങ്ങി കിടക്കുന്നവരെ രക്ഷപെടുത്താന്‍
എയര്‍ ലിഫ്റ്റിംഗ് ആവശ്യമായി വന്നിട്ടുണ്ട്.രക്ഷാപ്രവര്‍ത്തനത്തിന് ആര്‍മിയുടെയും എയര്‍ ഫോഴ്‌സിന്റെയും സഹായം തേടാന്‍ ജില്ലാ കലക്ടറോട് എം എല്‍ എ പി വി അന്‍വര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

നിലമ്പൂരിലെ സ്ഥിതിഗതികൾ,നിലവിലും രൂക്ഷമായി തുടരുന്ന അവസ്ഥയാണ്.കഴിഞ്ഞ തവണത്തെ പ്രളയത്തിനേക്കാൾ ഉയർന്ന തോതിലുള്ള വെള്ളപൊക്കമാണ് നിലമ്പൂരിൽ അനുഭവപ്പെടുന്നത്‌.കരുളായി വനമേഖലയിൽ ഉണ്ടായ ഉരുൾപ്പൊട്ടൽ മൂലമാണ് ജലനിരപ്പ്‌ ക്രമാതീതമായി ഉയരുന്നതെന്നാണ് നിഗമനം.കരുളായി തേക്കിൻ കുന്ന് മേഖലയിലെ നാൽപ്പതോളം വീടുകൾ പൂർണ്ണമായി തന്നെ മുങ്ങിയിട്ടുണ്ട്‌.ചാലിയാറും,അതിന്റെ കൈവഴികളും അസാധാരണമായ തരത്തിൽ കവിഞ്ഞ്‌ ഒഴുകുന്നുണ്ട്‌.നദിയുടെ തീരത്ത്‌ താമസിക്കുന്നവർ എത്രയും വേഗം സുരക്ഷിത സ്ഥാനത്തേക്ക്‌ മാറേണ്ടതാണ്.

സി.എൻ.ജി റോഡിൽ ജനതപ്പടി,ജ്യോതിപ്പടി,കീർത്തിപ്പടി,വെളിയന്തോട്‌ എന്നിവിടങ്ങളിൽ റോഡിൽ ജലനിരപ്പ്‌ ഉയർന്നിട്ടുണ്ട്‌.നിലമ്പൂരിലേക്കും പുറത്തേക്കുമുള്ള വാഹന ഗതാഗതം ഏതാണ്ട്‌ പൂർണ്ണമായി തടസ്സപ്പെട്ടിട്ടുണ്ട്‌.സി.എൻ.ജി റോഡിന്റെ സമീപത്ത്‌ താമസിക്കുന്നവരെ പൂർണ്ണമായി സുരക്ഷിതസ്ഥാനത്തേക്ക്‌ ഒഴിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ച്‌ വരുന്നു. റവന്യൂ വകുപ്പ്‌ ഉദ്യോഗസ്ഥർ, ഫയർ ആൻഡ്‌ റസ്ക്യൂ,പോലീസ്‌,നാട്ടുകാർ എന്നിവർ സംയുക്ത രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ട്‌ വരുന്നു.മലയോര മേഖലയായ കരുളായി,പാലേങ്കര,മരുത എന്നിവിടങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്.മുപ്പിനി,മുട്ടികടവ്‌ എന്നീ പാലങ്ങൾ കരകവിഞ്ഞ്‌,മുങ്ങിപോയിട്ടുണ്ട്‌.നിലമ്പൂർ,വഴിക്കടവ്‌,കരുളായി പഞ്ചായത്തുകളിലായി 4 ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്‌.ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പുകൾ തുറക്കാനുള്ള നടപടികൾ സ്വീകരിക്കും.അപകടസാധ്യത കൂടിയ പ്രദേശങ്ങളിലെ ജനങ്ങൾ അടിയന്തരമായി ക്യാമ്പുകളിലേക്കോ,മറ്റ്‌ സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറേണ്ടതാണ്. ജനപ്രതിനിധികളും പൊതുപ്രവർത്തകരും,മുഴുവൻ സമയവും ദുരന്തമുഖത്ത്‌ ജനങ്ങൾക്കൊപ്പം തന്നെയുണ്ട്‌.

മമ്പാട് ചാലിയാര്‍ പുഴക്ക് കുറുകെയുള്ള പുള്ളിപ്പാടത്തെ ബന്ധിപ്പിക്കുന്ന തൂക്കൂപാലം തകര്‍ന്നു വീണു.