Kerala
കാലവര്‍ഷം: വിവിധ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടം; കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട്

കോഴിക്കോട്: കാലവര്‍ഷം വീണ്ടും ശക്തിയാര്‍ജിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടുത്ത ദുരിതം. വെള്ളപ്പൊക്ക ഭീഷണിയടക്കമുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് നിരവധി കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ശക്തമായ കാറ്റിലും മഴയിലും പല സ്ഥലങ്ങളിലും മരങ്ങള്‍ കടപുഴകി വീണു. പലയിടത്തും ഉരുള്‍പൊട്ടല്‍ ഭീതി നിലനില്‍ക്കുകയാണ്.
ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ അവധി നല്‍കിയിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അവധി പ്രഖ്യപിച്ചത്. കോഴിക്കോട്, മലപ്പുറം ഇടുക്കി ജില്ലകളില്‍ അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി. ഇവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്തമായ മഴയിലും കാറ്റിലും കോഴിക്കോടിന്റെ പല ഭാഗങ്ങളിലും നാശനഷ്ടമുണ്ടായി. അമ്പായത്തോടിലെ 32 കുടുംബങ്ങളിലായുള്ള 132 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ചാലിയാറില്‍ ജലനിരപ്പുയര്‍ന്നത് മലയോര മേഖലകളില്‍ വെള്ളപ്പൊക്കത്തിന് കാരണമായി. വടകര, താമരശ്ശേരി താലൂക്കുകളില്‍ വന്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വയനാട്ടില്‍ മേപ്പാടിയിലെ പുത്തുമലയില്‍ മണ്ണിടിഞ്ഞ് രണ്ടു വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. കല്‍പ്പറ്റ പുത്തൂര്‍വയലില്‍ മരം വീണ് വീട് നിലംപൊത്തി. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് കുറ്റ്യാടിയിലൂടെ വയനാട് ചുരത്തിലേക്കുള്ള ഗതാഗതം നിലച്ചു. വയനാട്ടില്‍ ഒമ്പത് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.
നിലമ്പൂര്‍ ടൗണ്‍ വെള്ളത്തിനടിയിലായി. കരുളായി മുണ്ടാകടവ് കോളനിയില്‍ ഉരുള്‍പൊട്ടലുണ്ടായി. എറണാകുളം കുട്ടന്‍പുഴ പഞ്ചായത്തിലെ നിരവധി ആദിവാസി കോളനികള്‍ വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് ഒറ്റപ്പെട്ട അവസ്ഥയിലാണ്. കണ്ണൂര്‍, അടക്കാത്തോട്, നെല്ലിയോട് പ്രദേശങ്ങളിലും ഉരുള്‍പൊട്ടലുണ്ടായി. ആലപ്പുഴയില്‍ മരം വീണതിനെ തുടര്‍ന്ന് തീരദേശ പാതയില്‍ ട്രെയിന്‍ സര്‍വീസുകള്‍ അഞ്ച് മണിക്കൂറോളം തടസ്സപ്പെട്ടു.