National
റിസര്‍വ് ബേങ്ക് റിപ്പോ നിരക്ക് വീണ്ടും കുറച്ചു; വായ്പ പലിശ നിരക്കില്‍ ഇളവുണ്ടായേക്കും

മുംബൈ: റിസര്‍വ് ബേങ്ക് റിപ്പോ നിരക്ക് വീണ്ടും കുറച്ചു. 5.40 ശതമാനമാണ് പുതിയ നിരക്ക്. ജൂണ്‍ ആദ്യവാരം നിരക്ക് 5.75 ശതമാനമാക്കിയിരുന്നു. ഇതിന് പിറകെയാണ് വീണ്ടും 0.35 ശതമാനം കുറവ് വരുത്തിയത്. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അധ്യക്ഷനായ ആറംഗ ധനനയ സമിതിയുടെ യോഗത്തിലാണ് തീരുമാനം. ഒമ്പതു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. വാണിജ്യ ബേങ്കുകള്‍ ആര്‍ബിഐയില്‍നിന്നെടുക്കുന്ന ഹൃസ്വകാല വായ്പകള്‍ക്ക് ഈടാക്കുന്ന പലിശയാണ് റിപ്പോ നിരക്ക്.
നാല് പേര്‍ 0.35% കുറയ്ക്കുന്നതിനോട് അനുകൂലിച്ചപ്പോള്‍ രണ്ടു പേര്‍ 0.25% കുറച്ചാല്‍ മതിയെന്ന് അഭിപ്രായപ്പെട്ടു. ഈ വര്‍ഷം നാലാം തവണയാണ് റിപ്പോ നിരക്കില്‍ കുറവു വരുത്തുന്നത്. ഫെബ്രുവരിയിലും ഏപ്രിലിലും ആര്‍ബിഐ നിരക്കു കുറച്ചിരുന്നു.റിപ്പോ നിരക്കില്‍ കുറവു വന്നതോടെ വായ്പാ പലിശ നിരക്കുകളില്‍ കുറവു വരുമെന്നാണ് കരുതുന്നത്.
---- facebook comment plugin here -----