Articles
മിണ്ടരുത്, രാജ്യദ്രോഹിയാകും

ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ നിയമ കമ്മീഷന്റെ (1834) ശിപാര്‍ശ പ്രകാരം മെക്കാളെ പ്രഭുവിന്റെ നേതൃത്വത്തില്‍ ഡ്രാഫ്റ്റ് ചെയ്ത് 1860ല്‍ നിയമമായി പ്രാബല്യത്തില്‍ വന്നതാണ് ഇന്ത്യന്‍ പീനല്‍ കോഡ് (ഐ പി സി). ശേഷം ഇന്നുവരെ കണ്ടമാനം ഭേദഗതികള്‍ക്കൊന്നും വിധേയമാകാത്ത സാമാന്യം കെട്ടുറപ്പുള്ള ശിക്ഷാ നിയമമാണിത്. ബ്രിട്ടീഷ് രാജിന് വിഘ്‌നം സംഭവിക്കാതിരിക്കാന്‍ വേണ്ട ചില വകുപ്പുകള്‍ ഐ പി സിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ വൈദേശിക ഭരണകൂടം ബദ്ധശ്രദ്ധരായിരുന്നു.
ജനാധിപത്യം പുഷ്ടിപ്പെടാതിരുന്ന കൊളോണിയല്‍ വാഴ്ചക്കാലത്ത് ചുട്ടെടുത്ത വകുപ്പുകള്‍ ആധുനിക പുരോഗമന ജനാധിപത്യ സമൂഹത്തില്‍ അപ്പടി നിലനിര്‍ത്തണമെന്ന് വാദിക്കുന്നത് ഫാസിസ്റ്റ് യുക്തിയല്ലാതെ മറ്റൊന്നല്ല. ക്ഷേമരാഷ്ട്രം എന്ന ദേശസങ്കല്‍പ്പത്തിലേക്ക് ഇപ്പോഴും മനസ്സ് സഞ്ചരിക്കാത്ത, പോലീസ് സ്റ്റേറ്റിന്റെ അധികാര പ്രയോഗങ്ങള്‍ തുടര്‍ന്നു കാണണമെന്ന് അഭിലഷിക്കുന്നവര്‍ക്കല്ലാതെ ജനാധിപത്യ വിരുദ്ധമായ കരിനിയമങ്ങളെ പിന്തുണക്കാനാകില്ല.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹക്കുറ്റം എക്കാലത്തും വിവാദ വിഷയമാണ്. അധിനിവേശ ഭരണകൂടത്തോടുള്ള വിയോജിപ്പുകള്‍ക്ക് കടിഞ്ഞാണിടാന്‍ രൂപപ്പെടുത്തിയ ഈ വകുപ്പിന്റെ ചൂടറിഞ്ഞവരാണ് ദേശീയ പ്രസ്ഥാനത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നവരില്‍ പലരും. മഹാത്മാ ഗാന്ധി, ബാല ഗംഗാധര തിലക്, ആനി ബസന്റ് തുടങ്ങിയവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. എന്നാല്‍ ബ്രിട്ടന്റെ കോളനികളായിരുന്ന രാജ്യങ്ങളില്‍ പലതും സമീപ കാലത്തായി രാജ്യദ്രോഹക്കുറ്റ നിയമം എടുത്തു കളഞ്ഞിട്ടുണ്ട്. കൊളോണിയല്‍ മാസ്റ്റര്‍ ബ്രിട്ടന്‍ തന്നെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന കാര്യം മുന്‍നിര്‍ത്തി 2010ല്‍ എടുത്തുകളഞ്ഞ വിവാദ വകുപ്പ് വൈദേശികാധിപത്യം തുറന്നു വെച്ച പാരതന്ത്ര്യച്ചങ്ങലകളില്‍ ഞെരിഞ്ഞമര്‍ന്ന ഒരു ജനതക്ക് അഭികാമ്യമായിത്തീരുന്നത് എങ്ങനെയാണ്.
നിയമവിധേയമായി സ്ഥാപിക്കപ്പെട്ട ഭരണകൂടത്തിനെതിരെ കലാപമിളക്കിവിടുന്നതും ക്രമസമാധാനത്തിന് ഭംഗം വരുത്തുന്നതുമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹക്കുറ്റം. ജനാധിപത്യത്തിന്റെ സേഫ്റ്റി വാല്‍വായ വിയോജന സ്വാതന്ത്ര്യം നിഷേധിക്കുന്നതും സോദ്ദേശ്യത്തോടെയുള്ളതും ആരോഗ്യകരവുമായ വിമര്‍ശനങ്ങളെ റദ്ദ് ചെയ്യുന്നതുമായ ഒന്നല്ല മൗലികമായി ഈ വകുപ്പ്. അവ്വിധമാണ് കാലമിത്രയും ജുഡീഷ്യറിയില്‍ നിയമം വ്യാഖ്യാനിക്കപ്പെട്ടതും. അതാതു കാലത്ത് സര്‍ക്കാര്‍ തലപ്പത്തിരിക്കുന്നവരെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹം ക്ഷണിച്ചു വരുത്തുന്ന കുറ്റമല്ലെന്ന് 2007ലെ ജാവേദ് ഹബീബ് കേസിലടക്കം സുപ്രീം കോടതി വ്യക്തമാക്കിയതുമാണ്. അഭിപ്രായ പ്രകടനം പ്രകോപനപരമായതുകൊണ്ടു മാത്രം രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ കഴിയില്ല, അത് ക്രമസമാധാന തകര്‍ച്ചക്ക് വഴിയൊരുക്കുന്നതാകണമെന്നും പരമോന്നത നീതിപീഠം തീര്‍പ്പുകല്‍പ്പിച്ചിട്ടുണ്ട്.
എന്നാല്‍ ഭരണകൂട നടപടികള്‍ പലപ്പോഴും സ്വേച്ഛാപരമാണ്. വിമര്‍ശകരെയും രാഷ്ട്രീയ പ്രതിയോഗികളെയും വേട്ടയാടാനുള്ള ഉപകരണമായി “രാജ്യദ്രോഹം” മാറി. ഒരുപക്ഷേ, ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് 124 എ വകുപ്പാകാം. അഭിപ്രായ സ്വാതന്ത്ര്യവുമായി ബാലന്‍സ് ചെയ്തു പോകേണ്ട നിയമം അവധാനതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. പക്ഷേ, അത്തരമൊരു ജാഗ്രതയും നീതിബോധവും പ്രകടമാകാറില്ല പലയിടങ്ങളിലും. മോദി സര്‍ക്കാറിന്റെ അധികാരാരോഹണം മുതല്‍ വിശേഷിച്ചും.
ഏകശിലാത്മകമായ തങ്ങളുടെ ആശയ പരിസരത്തിന് പുറത്തുള്ളവരെ “ദേശവിരുദ്ധര്‍” എന്നു വിളിക്കുന്ന അതേ ലാഘവത്തോടെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതില്‍ ഭരണകൂടം മത്സരിച്ചു. പ്രമുഖരും അപ്രമുഖരുമായ ഒരുപിടി മനുഷ്യരുടെ ജീവിത സ്വാസ്ഥ്യം കെടുത്തുന്നതായി മാറി ഈ “ഡ്രാകോണിയന്‍ ആക്ട്” എന്നു തന്നെ പറയാം.
അസാമിലെ പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച പ്രമുഖ അസാം സാഹിത്യകാരനും സാമൂഹിക ശാസ്ത്രജ്ഞനുമായ ഡോ. ഹിരണ്‍ ഗോ ഹൈന്‍, വിവരാവകാശ പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ അഖില്‍ ഗോഗോയ് തുടങ്ങിയവര്‍ ഈയിടെ മാത്രം രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടവരാണ്.
ജുഡീഷ്യറിയിലെ കാലതാമസം സാമാന്യവത്കരിക്കപ്പെടുകയും അതൊരു പീഡനമായി തുടരുകയും ചെയ്യുന്ന രാജ്യത്ത് കുറ്റാരോപണമുയരുന്നത് ദേശസുരക്ഷയുമായി ബന്ധപ്പെട്ടാണെങ്കില്‍ പിന്നെ സങ്കീര്‍ണമായ നിയമ നടപടികളാണ് കാത്തിരിക്കുന്നത്. കുറ്റവിചാരണ തന്നെ ശിക്ഷയാകുന്നതിന്റെ ഭീകരതയിവിടെ ദര്‍ശിക്കാം. അങ്ങനെയെങ്കില്‍ രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ടവര്‍ കുറ്റവിമുക്തരായാലും ചകിതരും ആത്മവിശ്വാസം നഷ്ടപ്പെട്ടവരുമായി മാറിയിട്ടുണ്ടാകും. വിമര്‍ശനവും വിയോജിപ്പും ഉന്നയിക്കാന്‍ കഴിയാത്ത വിധം കണ്ടുനില്‍ക്കുന്ന പൗരസമൂഹവും നിസ്സഹായരായിത്തീരും. അത്തരം നിസ്സഹായതയും നിര്‍വികാരവും സമൂഹഗാത്രത്തെ പതിയെയാണെങ്കിലും പൊതിയുന്നുണ്ടെന്നത് യാഥാര്‍ഥ്യമാണ്. ഡമോക്ലസിന്റെ വാള്‍ കണക്കെ രാജ്യദ്രോഹം തലക്കു മുകളില്‍ തൂങ്ങി നില്‍ക്കുമ്പോള്‍ ഒരുവിധം മുഷ്ടികളൊന്നും ഉയരാനിടയില്ല. രാജ്യത്ത് രാജ്യദ്രോഹം ചുമത്തിയ കേസുകളുടെ വിവരങ്ങള്‍ പരിശോധിച്ചാല്‍ ഈയൊരു ബോധ്യത്തിലേക്ക് നാമെത്തും.
നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പ്രസിദ്ധീകരിച്ചത് പ്രകാരം 2014 നും 2016നും ഇടയില്‍ രാജ്യദ്രോഹക്കുറ്റം ചാര്‍ത്തി 179 പേരെ അറസ്റ്റു ചെയ്തു. എന്നാല്‍ ഒന്നില്‍ പോലും കുറ്റപത്രം യഥാസമയം സമര്‍പ്പിക്കപ്പെട്ടില്ല. 2016ല്‍ മാത്രം 34 പേര്‍ക്കെതിരെ കുറ്റം ചുമത്തിയതില്‍ ഒരാള്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ജനാധിപത്യത്തിന്റെ കരുത്ത് ഉണര്‍ന്നിരിക്കുന്ന രാഷ്ട്രീയ സമൂഹമാണെങ്കില്‍ ആ ഉണര്‍വിനെയാണിവിടെ ഭയപ്പെടുത്തി അടിമകളാക്കാന്‍ ഭരണകൂടം നിയമങ്ങളെ ദുരുപയോഗം ചെയ്യുന്നത്.
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ കൈകാര്യം ചെയ്യാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ മതിയായ മറ്റു വകുപ്പുകളുണ്ട്. 121, 121 എ വകുപ്പുകള്‍ അവ്വിധം പ്രധാനമാണ്. മാത്രമല്ല നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള യു എ പി എ ആക്ടും(1967) നമ്മുടെ നാട്ടില്‍ പ്രാബല്യത്തിലുണ്ട്. ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന യു എ പി എക്കാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്.
ദേശവിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാം എന്നതാണ് ഭേദഗതിയുടെ പ്രത്യേകതയായി എടുത്തു പറയുന്നത്. ഭീകര സംഘടനകളുമായി ബന്ധപ്പെട്ട വ്യക്തികളെ കൈകാര്യം ചെയ്യാന്‍ പാരന്റ് ആക്ടില്‍ തന്നെ പഴുതുണ്ടാകുമ്പോള്‍ ഭേദഗതികൊണ്ടുള്ള അധിക നേട്ടം എന്താണെന്ന ചോദ്യമുയരുന്നുണ്ട്.
ഭീകരബന്ധം ആരോപിക്കപ്പെടുന്ന മുറക്ക് കുറ്റവാളിയുടെ കുപ്പായമണിയിക്കുന്ന ഭേദഗതിയാണിതെന്ന ആക്ഷേപം പല കോണുകളില്‍ നിന്നും കേള്‍ക്കാം. എക്‌സിക്യൂട്ടീവിന്റെ അമിതാധികാര പ്രയോഗം വഴി കുറ്റാരോപിതന് “സിവില്‍ ഡത്ത്” വിധിക്കുന്ന ഭരണഘടനാവിരുദ്ധവും ആധുനിക ജനാധിപത്യ കാഴ്ചപ്പാടുകളെ അപ്രസക്തമാക്കുന്നതുമായ നിയമ ഭേദഗതി തന്നെയാണിത്.
രാജ്യത്തെ ജയിലുകളില്‍ വിചാരണത്തടവുകാരായി കഴിയുന്നവരില്‍ വലിയ വിഭാഗം ദളിതുകളും മുസ്‌ലിംകളുമാണ്. അതുപോലെ കരിനിയമങ്ങളുടെ ഇരകളും അവര്‍ തന്നെയാണെന്ന് കണക്കുകള്‍ തെര്യപ്പെടുത്തുന്നു. വിമര്‍ശകരുടെ വായയടപ്പിക്കുന്നതും അധസ്ഥിത ന്യൂനപക്ഷങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്നതുമായ തത്വദീക്ഷയില്ലാത്ത നിയമങ്ങള്‍ മതനിരപേക്ഷ ഇന്ത്യയെ ഒരു തുറന്ന തടവറയാക്കി മാറ്റുകയാണിപ്പോള്‍. ബഹുസ്വര ജനാധിപത്യത്തിന്റെ മാറ്റൊലികള്‍ അന്തരീക്ഷത്തില്‍ ഉറക്കെ മുഴങ്ങേണ്ട ദശാസന്ധിയില്‍ ദുര്‍ബലരായും ഐക്യപ്പെടാന്‍ കഴിയാതെയും രാജ്യത്തെ പ്രതിപക്ഷം നിയമനിര്‍മാണ സഭയില്‍ ഒളിച്ചു കളിക്കുമ്പോള്‍ ഇന്ത്യയുടെ ഭാവി പ്രവചനാതീതമായിത്തീരുകയാണ്.