Kerala
സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ സഭയില്‍നിന്ന് പുറത്താക്കി

കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസ സഭയില്‍നിന്ന് പുറത്താക്കി. മെയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സിലാണ് തീരുമാനമറിയിച്ചത്. രേഖാമൂലമാണ് ഇക്കാര്യം അറിയിച്ചത്.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പീഡന പരാതിയിലും തുടര്‍ന്നുണ്ടായ കന്യാസ്ത്രീ സമരത്തിലും പങ്കെടുത്തതും ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നിയമപ്രകാരമുള്ള സഭാ വസ്ത്രം ധരിക്കാതെ സഭാനിയമങ്ങളില്‍നിന്ന് വ്യതിചലിച്ച് സഞ്ചരിച്ചു എന്നീ കുറ്റങ്ങളാണ് ലൂസി കളപ്പുരയ്ക്കലിനെതിരെ ചുമത്തിയിരുന്നത്. ഇക്കാര്യങ്ങള്‍ ചെയ്തതില്‍ നിന്നും സഭയെ തൃപ്തിപ്പെടുത്തുന്ന വിശദീകരണം നല്‍കുന്നതില്‍ സിസ്റ്റര്‍ പരാജയപ്പെട്ടെന്നും പുറത്താക്കല്‍ നോട്ടീസില്‍ പറയുന്നു. ദിവസം മഠം ഒഴിഞ്ഞു പോകാനും നിര്‍ദേശമുണ്ട്.
അതേ സമയം പുറത്താക്കലിനെതിരെ നിയമപരമായ പോരാട്ടം നടത്തുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ പറഞ്ഞു.
മെയ് 11 ന് ഡല്‍ഹിയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സിലില്‍ എല്ലാവരും ലൂസി കളപ്പുരയ്ക്കലിനെതിരെ ഐക്യകണ്‌ഠേന വോട്ട് ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.