Gulf
പ്രിയപ്പെട്ട ശിഷ്യന്‍ ബഷീറിനെ ഓര്‍ക്കുമ്പോള്‍......

സുബ്ഹി നിസ്‌കാര സമയത്താണ് തിരുവനന്തപുരം സിറാജ് ബ്യൂറോ ചീഫ് അപകടത്തില്‍ മരണപ്പെട്ടെന്ന് സുഹൃത്ത് അറിയിക്കുന്നത്. ഓടിച്ചിരുന്ന ബൈക്ക് റോഡരികില്‍ ഒതുക്കിയപ്പോഴാണ് അമിത വേഗതയില്‍ വന്ന ഒരു കാര്‍ ബൈക്കിലിടിച്ചു അപകടം വരുത്തിയതെന്നും സുഹൃത്ത് പറഞ്ഞു. വാഹനാപകടങ്ങള്‍ക്ക് ഒട്ടും കുറവില്ലാത്ത കേരളത്തില്‍ ഇത് അതിലൊന്നായി കരുതിയിരിക്കുമ്പോഴാണ് മരണപ്പെട്ട വ്യക്തിയുടെ വിവരങ്ങള്‍ അറിയുന്നത്. ശരിക്കും ഞെട്ടി. മനസ്സിന് വല്ലാത്ത വേദന അനുഭവപ്പെട്ടു. സുബ്ഹി നിസ്‌കാര ശേഷം പതിവുള്ള ഉറക്കമെല്ലാം പമ്പ കടന്നു. എന്റെ പ്രിയപ്പെട്ട ശിഷ്യന്‍ കെ എം ബഷീറാണ് അപകടത്തില്‍ വിടപറഞ്ഞതെന്ന് വിശ്വസിക്കാനായില്ല.
1997 ല്‍ മര്‍ക്കസ് ബോര്‍ഡിംഗില്‍ അധ്യാപകനായ സമയത്താണ് മറ്റു വിദ്യാര്‍ഥികള്‍ ബഷീര്‍ തങ്ങളെന്ന് ബഹുമാനത്തോടെ വിളിക്കുന്ന ബഷീറിനെ അറിയാനായത്. ബഷീര്‍ സാദാത്ത് കുടുംബത്തില്‍ പെട്ടതാണോ എന്നന്വേഷിച്ചപ്പോഴാണ് നമ്മുടെ പ്രസ്ഥാനത്തിനും പണ്ഡിതന്മാര്‍ക്കും ആത്മീയ വെളിച്ചം പകര്‍ന്നിരുന്ന മര്‍ഹും വടകര മുഹമ്മദ് ഹാജിയുടെ ഇളയ മകനാണെന്ന് അറിയുന്നത്. സാദാത്ത് കുടുംബത്തിലല്ലെങ്കിലും വടകര മുഹമ്മദ് ഹാജിയുടെ മകന്‍ എന്ന നിലക്കാണ് ബഷീറിനെ സഹപാഠികള്‍ “തങ്ങള്‍” ചേര്‍ത്ത് വിളിക്കുന്നത്.
കുട്ടിത്തം മാറാത്ത ആ ചെറിയ മുഖത്ത് എപ്പോഴും ഒരു ചെറു പുഞ്ചിരിയുണ്ടാവും. അധ്യാപകര്‍ എന്ന നിലക്ക് ചിലപ്പോള്‍ സ്വരം കടുപ്പിച്ചു സംസാരിക്കേണ്ട സാഹചര്യം ഉണ്ടാകുമ്പോഴും ബഷീറിന്റെ മുഖത്തു പുഞ്ചിരിതന്നെ. തല ഒരു ഭാഗത്തേക്ക് അല്‍പം ചെരിച്ചു മര്‍ക്കസ് ബോര്‍ഡിംഗിന്റെ വരാന്തയിലൂടെ നടന്നു പോകുന്ന ബഷീറിന്റെ ചിത്രം ഇപ്പോഴും ഓര്‍മയില്‍ നിന്നും മാഞ്ഞുപോയിട്ടില്ല.
നൂറുകണക്കിന് വിദ്യാര്‍ഥികളില്‍ മനസ്സില്‍ എപ്പോഴും ഓര്‍മ വരുന്ന ഒരു മുഖമാണ് ബഷീറിന്റെത്. മര്‍ഹും വടകര മുഹമ്മദ് ഹാജിയുടെ മകന്‍ എന്ന നിലക്ക് ബോര്‍ഡിംഗിലെ അധ്യാപകരും ഓഫീസ് സ്റ്റാഫുകളും വാര്‍ഡര്‍മാരും കാന്റീന്‍ ജീവനക്കാരുമെല്ലാം ബഹുമാനത്തോടെയും വാത്സല്യത്തോടെയുമാണ് ബഷീറിനെ സമീപിച്ചിരുന്നത്. മറ്റു സഹപാഠികളും അങ്ങനെ തന്നെ. ക്ലാസുകളില്‍ ശ്രദ്ധിക്കുകയും അച്ചടക്കവും അനുസരണവും ശീലമാക്കുകയും ചെയ്ത ബഷീര്‍ ബോര്‍ഡിംഗിലെയും മര്‍കസ് ബോയ്സ് ഹൈസ്‌കൂളിലെയും അധ്യാപകരുടെ പ്രിയപ്പെട്ട വിദ്യാര്‍ഥിയാണ്. അധ്യാപകര്‍ക്കോ ബോര്‍ഡിംഗ് വാര്‍ഡന്മാര്‍ക്കോ മറ്റു സഹപാഠികള്‍ക്കോ ബഷീറിനെ കുറിച്ച് ഒരു പരാതിയും പറയാനുണ്ടായിരുന്നില്ല.
മര്‍കസില്‍ നിന്നും എസ് എസ് എല്‍ സി കഴിഞ്ഞതിനു ശേഷം ബഷീറിനെ ഒരു പ്രാവശ്യം മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു. അതും ഏകദേശം പത്ത് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്. അന്ന് ബഷീര്‍ സിറാജിലായിരുന്നു വര്‍ക്ക് ചെയ്തിരുന്നതെന്നാണ് അറിയാനായത്. പിന്നീട് വാര്‍ത്തകളോട് ജനങ്ങള്‍ക്കുള്ള അവകാശങ്ങളെ ധാര്‍മികതയുടെയും നീതി ബോധത്തോടെയും വകവെച്ചു കൊടുക്കുകയും കേരളത്തിന്റെ തലസ്ഥാന നഗരിയില്‍ മൂല്യം ചോര്‍ന്നു പോകാതെ പുതിയൊരു മീഡിയാ സംസ്‌കാരം വളര്‍ത്തിക്കൊണ്ടു വരികയും ചെയ്യുന്നതില്‍ ബഷീര്‍ ഒരു റോള്‍ മോഡലായെന്നത് വസ്തുതയാണ്.
പക്ഷെ, ഇപ്പോള്‍ ബഷീറിന്റെ മരണ വര്‍ത്തയാണ് കേള്‍ക്കാനാവുന്നത്. ആ വാര്‍ത്തയോട് മനസ്സ് പെട്ടെന്ന് സമരസപ്പെടുന്നില്ല. അല്ലാഹുവിന്റെ അലംഘനീയ തീരുമാനങ്ങളില്‍ സമാധാനവും ക്ഷമയുമാണ് വിശ്വാസികള്‍ കൈക്കൊള്ളേണ്ടത്. പ്രിയപ്പെട്ട ബഷീറിന് പടച്ചറബ്ബ് പൊറുത്തു കൊടുക്കട്ടെ. ജന്നത്തുല്‍ ഫിര്‍ദൗസില്‍ സത്ജനങ്ങളോടൊപ്പം ബഷീറിനെയും അല്ലാഹു ഒരുമിച്ചുകൂട്ടട്ടെ. ആമീന്‍
– അബ്ദുന്നാസിര്‍ അന്‍വരി ക്ലാരി, ജിദ്ദ