നിലമ്പൂര്‍ ബസ്സ്റ്റാന്‍ഡില്‍ തീപ്പിടിത്തം; കടകള്‍ കത്തി നശിച്ചു

Posted on: August 6, 2019 12:38 pm | Last updated: August 6, 2019 at 12:38 pm

നിലമ്പൂര്‍: നിലമ്പൂര്‍ ബസ്റ്റാന്‍ഡില്‍ ഇന്ന് രാവിലെ ആറ് മണിയോടെയുണ്ടായ തിപ്പിടിത്തത്തില്‍ രണ്ട് കടകള്‍ കത്തി നശിച്ചു. അഗ്നിശമന സേനയും എമര്‍ജന്‍സി റസ്‌ക്യൂ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചിട്ടുണ്ട്.

ബസുകള്‍ കയറുന്ന ഭാഗത്തെ ഇടതു വശത്തുള്ള ബാഗ് നിര്‍മ്മിക്കുന്ന കടയിലാണ് ആദ്യം തീ പിടിച്ചത്. സമീപത്തെ ചെരുപ്പ് കടയിലേക്കും പിന്നീട് തീ വ്യാപിക്കുകയായിരുന്നു. ബാഗ് കടയിലുണ്ടായിരുന്ന ബാഗുകളും നിര്‍മാണോപകരണങ്ങളുമടക്കം കട പൂര്‍ണമായും കത്തി നശിച്ചു. കടയില്‍ പെരുന്നാളിനോടനുബന്ധിച്ച് സാധാനങ്ങള്‍ വാങ്ങാന്‍ ബാഗില്‍ സൂക്ഷിച്ച പണവും ഭാഗികമായി കത്തിയിട്ടുണ്ട്.

ചെരുപ്പ് കടയിലും പകുതിയിലതികം സാധനങ്ങളും കത്തി നശിച്ചു. ഷോട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

മഞ്ചേരി, മലപ്പുറം, നിലമ്പൂര്‍ യൂനിറ്റ് ഫയര്‍ഫോഴ്‌സുകളാണ് സ്ഥലത്തെത്തിയിരുന്നത്. തീയണക്കുന്നതിനിടെ അഗ്‌നിശമനാ സേനാംഗത്തിന്റെ കയ്യിന് പരിക്കേറ്റതിനെ തുടര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.