Articles
താഴ്‌വരയിലേക്കുള്ള സംഘ്പരിവാര്‍ റൂട്ട് മാര്‍ച്ചുകള്‍

ജനാധിപത്യമാണോ ജനാധിപത്യ രീതിയെ മറയാക്കിയുള്ള ഫാസിസമാണോ ഇന്ത്യന്‍ യൂനിയനില്‍ എന്ന ചോദ്യം 2014 മെയില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേവല ഭൂരിപക്ഷം നേടി ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ പ്രസക്തമായി നില്‍ക്കുന്നുണ്ട്. 2019ല്‍ നരേന്ദ്ര മോദി വര്‍ധിച്ച ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ തിരിച്ചെത്തിയതോടെ ആ ചോദ്യം കൂടുതല്‍ മൂര്‍ത്തമായി രാജ്യത്തെ ജനങ്ങളുടെ മുന്നിലെത്തിയിരിക്കുന്നു. രാജ്യത്തെക്കുറിച്ചും അവിടെയുണ്ടാകേണ്ട ഭരണ രീതിയെക്കുറിച്ചും രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍ എസ് എസ്) സങ്കല്‍പ്പിച്ചിരിക്കുന്നത് പ്രവൃത്തിപഥത്തിലെത്തിക്കാനുള്ള നടപടികള്‍ നിയമ വഴിയിലൂടെ കൂടി ആരംഭിച്ചിരിക്കുന്നു. വര്‍ഗീയ സംഘര്‍ഷങ്ങളിലൂടെയും വ്യാജ ഏറ്റുമുട്ടലുകളിലൂടെയും ആള്‍ക്കൂട്ട ആക്രമണങ്ങളിലൂടെയും മറ്റും ജനതയെ ഭീതിയുടെ നിഴലില്‍ നിര്‍ത്തി, അധികാരമുറപ്പിക്കുന്ന പതിവ് തുടരുമ്പോള്‍ തന്നെയാണ് നിയമങ്ങളില്‍ മാറ്റം വരുത്തിയും ഭരണഘടനാ വ്യവസ്ഥകളെ അട്ടിമറിച്ചും ആര്‍ എസ് എസ് അജന്‍ഡകളുടെ നടപ്പാക്കലിന് വേഗം കൂട്ടുന്നത്. അതിന്റെ ഏറ്റവും വലിയ തെളിവാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദവും അതിന്റെ അടിസ്ഥാനത്തില്‍ രൂപം നല്‍കിയ 35 എ വകുപ്പും റദ്ദാക്കിക്കൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം.
ഇന്ത്യന്‍ യൂനിയനെന്നും പാക്കിസ്ഥാനുമെന്നും വിഭജിച്ച് സ്വാതന്ത്ര്യം നല്‍കാന്‍ ബ്രിട്ടന്‍ തീരുമാനിക്കുമ്പോള്‍ ഒരിടത്തും ചേരാതെ സ്വതന്ത്രമായി നില്‍ക്കാനാണ് കശ്മീര്‍ ഭരിച്ചിരുന്ന രാജാ ഹരിസിംഗ് തീരുമാനിച്ചത്. ആ നിലപാടില്‍ നിന്ന് അദ്ദേഹത്തെ മാറ്റി ജമ്മു കശ്മീരിനെ ഇന്ത്യന്‍ യൂനിയന്റെ ഭാഗമാക്കിയപ്പോള്‍, ജനഹിത പരിശോധന എന്ന വാഗ്ദാനം ഇന്ത്യന്‍ യൂനിയന്‍ മുന്നോട്ടുവെച്ചിരുന്നു. ഹിതപരിശോധന എന്നതൊഴിവാക്കി ജമ്മു കശ്മീരിനെ ഇന്ത്യന്‍ യൂനിയന്റെ അവിഭാജ്യ ഘടകമാക്കി നിലനിര്‍ത്തുന്നതിന് ഭരണ നേതൃത്വം ആലോചിച്ചെടുത്ത തീരുമാനമായിരുന്നു ആ സംസ്ഥാനത്തിന് അനുവദിച്ച പ്രത്യേക പദവി.
ജമ്മു കശ്മീരിന് സ്വന്തമായൊരു ഭരണഘടനയും അതിന്റെ അടിസ്ഥാനത്തിലുള്ള സ്വയംഭരണാധികാരവും വാഗ്ദാനം ചെയ്യപ്പെട്ടു. അതിനാണ് ഭരണഘടനയില്‍ 370ാം വകുപ്പ് ഉള്‍പ്പെടുത്തിയത്. ഇന്ത്യയുടെ ഭരണഘടനാ നിര്‍മാണ സമിതിയുടെ അധ്യക്ഷനായിരുന്ന ബി ആര്‍ അംബേദ്കര്‍, ഏതെങ്കിലുമൊരു സംസ്ഥാനത്തിന് മാത്രമായി സവിശേഷ അധികാരം നല്‍കുന്നതിനെ എതിര്‍ത്തിരുന്നു. പക്ഷേ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും പ്രതിരോധ തന്ത്രങ്ങള്‍ പരിഗണിക്കുമ്പോഴുള്ള പ്രാധാന്യവും പരിഗണിച്ച് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാറെടുത്ത രാഷ്ട്രീയ തീരുമാനമായിരുന്നു ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി. ആ വാദം അംഗീകരിച്ചു കൊണ്ടാണ് 370ാം വകുപ്പ് ഭരണഘടനയുടെ ഭാഗമാകുന്നത്. ഇതിന്റെ തുടര്‍ച്ചയായി 1954ല്‍ 35 എ വകുപ്പും ഭരണഘടനയുടെ ഭാഗമാക്കപ്പെട്ടു. ജമ്മു കശ്മീരിലെ ജനതക്ക് ഇന്ത്യന്‍ യൂനിയനിലും അതിന്റെ ഭരണ സംവിധാനത്തിലും വിശ്വാസമുറപ്പിക്കാന്‍ കൂടി ഉദ്ദേശിച്ചായിരുന്നു ഇതൊക്കെ. പ്രതിരോധം, വിദേശകാര്യം, ആശയ വിനിമയം എന്നിവയില്‍ മാത്രമേ കേന്ദ്ര സര്‍ക്കാറിന് അധികാരമുണ്ടായിരുന്നുള്ളൂ.
ഈ രാഷ്ട്രീയ തീരുമാനത്തെ വര്‍ഗീയമായി വ്യാഖ്യാനിക്കുകയാണ് രാഷ്ട്രീയ സ്വയം സേവക് സംഘും അനുബന്ധ സംഘടനകളും അന്നു മുതല്‍ ചെയ്തത്. മുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള കശ്മീര്‍ കൂടി ഉള്‍ക്കൊള്ളുന്ന പ്രദേശത്തിന് പ്രത്യേക പദവി നല്‍കിയത് രാജ്യത്തെ ഭൂരിപക്ഷ സമുദായത്തോടുള്ള വെല്ലുവിളിയായി അവര്‍ ചിത്രീകരിച്ചു. ജമ്മു കശ്മീരിലെ പ്രശ്‌നങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന് ഫലപ്രദമായി ഇടപെടാന്‍ കഴിയാത്തതിന് കാരണം പ്രത്യേക അധികാര അവകാശങ്ങളാണെന്ന് അവര്‍ വാദിച്ചു. സവിശേഷാവകാശങ്ങള്‍ ആസ്വദിക്കുമ്പോഴും തീവ്രവാദത്തെയും ഭീകരവാദത്തെയും പിന്തുണക്കുകയാണ് കശ്മീരിലെ ജനതയെന്ന് പ്രചരിപ്പിച്ചു. അതിന്റെയൊക്കെ തുടര്‍ച്ചയിലാണ് പ്രത്യേക പദവി എടുത്തുകളയാനുള്ള തീരുമാനം ബി ജെ പി എടുത്തിരിക്കുന്നത്. പ്രത്യേക പദവി മാത്രമല്ല, ജമ്മു കശ്മീര്‍ എന്ന സംസ്ഥാനം പോലും ഇനിയില്ല. ലഡാക്ക് എന്ന കേന്ദ്ര ഭരണ പ്രദേശവും പേരിനൊരു നിയമസഭയുള്ള ജമ്മു കശ്മീരെന്ന കേന്ദ്ര ഭരണ പ്രദേശവുമേയുള്ളൂ. നിയമസഭയുണ്ടെങ്കിലും ജമ്മു കശ്മീരിന്റെ ഭരണം നിയന്ത്രിക്കുക എക്‌സിക്യൂട്ടീവ് അധികാരമുള്ള ലഫ്റ്റനന്റ് ഗവര്‍ണറായിരിക്കും. ആര്‍ എസ് എസ് ആസ്ഥാനത്തു നിന്ന് നിയോഗിക്കുന്ന വ്യക്തിയായിരിക്കും ലഫ്റ്റനന്റ് ഗവര്‍ണറാകുക എന്നതിനാല്‍ രാജ്യതാത്പര്യം എന്ന ഒറ്റവാക്കുകൊണ്ട് ന്യായീകരിക്കാവുന്ന അടിച്ചമര്‍ത്തലാണ് ജമ്മു കശ്മീരിലെ ജനതയെ കാത്തിരിക്കുന്നത്. പ്രത്യേകിച്ച് അവിടുത്തെ മുസ്‌ലിംകളെ.
370ാം വകുപ്പ് പിന്‍വലിക്കാന്‍ തീരുമാനിക്കുമ്പോള്‍ ജമ്മു കശ്മീര്‍ ഏതാണ്ട് അടിയന്തരാവസ്ഥയിലായിരുന്നു. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളൊക്കെ വീട്ടു തടങ്കലില്‍, ജനങ്ങള്‍ തെരുവില്‍ ഇറങ്ങുന്നതിന് നിയന്ത്രണം, യോഗങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും നിയന്ത്രണം, സ്വതന്ത്ര ആശയവിനിമയം തടയുന്ന വിധത്തില്‍ മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് – അങ്ങനെ സായുധ സേനയുടെ അമിതമായ സാന്നിധ്യം കൊണ്ട് നിലവില്‍ തന്നെ തുറന്ന ജയിലായിരുന്ന ജമ്മു കശ്മീരിനെ കൂടുതല്‍ വരിഞ്ഞു മുറുക്കി കേന്ദ്ര സര്‍ക്കാര്‍. പ്രത്യേക പദവി പിന്‍വലിക്കുമ്പോള്‍ അവിടെ ഒരില പോലും അനങ്ങുന്നില്ലെന്ന് ഉറപ്പാക്കി. വരും നാളുകളില്‍ ഏത് വിധത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെടാന്‍ പോകുന്നത് എന്നതിന് മറ്റ് സൂചനകള്‍ ആവശ്യമില്ല.
2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ജമ്മു കശ്മീരിലെ ജനങ്ങളുമായി യാതൊരു രാഷ്ട്രീയ സംവാദത്തിനും ഭരണകൂടം തയ്യാറായിട്ടില്ല. അവരുടെ രാഷ്ട്രീയാവശ്യങ്ങളെ അഭിമുഖീകരിക്കാന്‍ മുന്‍ സര്‍ക്കാറുകളുടെ കാലത്ത് തുടങ്ങിയ സംരംഭങ്ങളൊക്കെ അവസാനിപ്പിക്കുകയും ചെയ്തു. സൈന്യത്തിന്റെ ഭാഷയില്‍ മാത്രമാണ് അവരുമായി ഭരണകൂടം സംസാരിച്ചത്. ഇതിന്റെ തുടര്‍ച്ചയിലുണ്ടായ സംഘര്‍ഷങ്ങളെയും ആക്രമണങ്ങളെയും രാജ്യത്തിനെതിരായ യുദ്ധ പ്രഖ്യാപനമായി വ്യാഖ്യാനിക്കുക സംഘ്പരിവാര്‍ സംഘടനകള്‍ക്ക് എളുപ്പമായിരുന്നു. ഭൂരിപക്ഷ വര്‍ഗീയതയില്‍ അഭിരമിക്കുന്നവരെയോ അതിനോട് അനുഭാവം പുലര്‍ത്തുന്നവരെയോ സംഘ്പരിവാര്‍ പ്രചാരണത്തിന്റെ ഭാഗമാക്കാനും പ്രയാസമുണ്ടായില്ല. ഏറ്റവുമൊടുവില്‍ അസാധാരണമായ സാഹചര്യം ജമ്മു കശ്മീരില്‍ നിലനില്‍ക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കുന്നതിലും അവര്‍ വിജയിച്ചു. അവിടെ വലിയ ആക്രമണത്തിന് ഭീകര സംഘടനകള്‍ തയ്യാറെടുക്കുന്നു, അത്തരം ആക്രമണങ്ങള്‍ക്ക് പാക്കിസ്ഥാന്‍ പിന്തുണ നല്‍കുന്നു എന്നൊക്കെയുള്ള വാര്‍ത്തകള്‍ ഭരണകൂട ഏജന്‍സികള്‍ ആസൂത്രിതമായി ചോര്‍ത്തി നല്‍കിയപ്പോള്‍ അതിന്റെ ആധികാരികതയെക്കുറിച്ച് ചെറു സംശയം പോലും പ്രകടിപ്പിക്കാതെ രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളും ഏറ്റെടുത്തു. അമര്‍നാഥ് യാത്രികരെ ലക്ഷ്യമിട്ട് വലിയ ആക്രമണം നടത്താന്‍ ഭീകരവാദികള്‍ പദ്ധതിയിട്ടെന്നും അതിന് ഉപയോഗിക്കാന്‍ സമാഹരിച്ച ആയുധങ്ങള്‍ കണ്ടെടുത്തുവെന്നുമുള്ള വാര്‍ത്തകളൊക്കെ തൊണ്ടതൊടാതെ വിഴുങ്ങപ്പെട്ടു.
ആക്രമണ സാധ്യത ചൂണ്ടിക്കാട്ടി അമര്‍നാഥ് യാത്രികരോടും വിനോദ സഞ്ചാരികളോടും ഉടന്‍ മടങ്ങാന്‍ ആവശ്യപ്പെട്ടതോടെ ഭീതിയുടെ ആഴം കൂടി. അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരരെ സൈന്യം വധിക്കുക കൂടി ചെയ്തതോടെ ജമ്മു കശ്മീരിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന് എന്ത് തീരുമാനവും എടുക്കാവുന്ന, അതേത് തീരുമാനമായാലും രാജ്യ താത്പര്യത്തിന്റെ പേരില്‍ സ്വീകരിക്കപ്പെടുന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യത്തെ നിയോഗിച്ച് യുദ്ധാന്തരീക്ഷം സൃഷ്ടിച്ചതിന്റെ കാരണവും മറ്റൊന്നല്ല. അമര്‍നാഥ് യാത്രികരെ ആക്രമിക്കാന്‍ ശ്രമങ്ങള്‍ നടന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനങ്ങളെന്ന് പ്രചരിപ്പിക്കുക വഴി ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കാനുള്ള അവസരം കൂടി തുറന്നിട്ടിരിക്കുന്നു ഇവിടെ.
പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ ഭാഗമായി തുടരുമ്പോള്‍ തന്നെ പാര്‍ലിമെന്റിനെ നോക്കുകുത്തിയാക്കി മുന്നോട്ടു പോകുക എന്നതാണ് നരേന്ദ്ര മോദി സര്‍ക്കാറിന്റെ രീതി. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ അവിടെ പാസ്സാക്കിയെടുക്കാന്‍ സാധിക്കില്ല എന്നതുകൊണ്ട്, ചില പ്രധാനപ്പെട്ട ബില്ലുകളെ മണി ബില്ലുകളായി വ്യാഖ്യാനിച്ച് ലോക്‌സഭയില്‍ മാത്രം പാസ്സാക്കി നിയമമാക്കിയത് ഒന്നാം നരേന്ദ്ര മോദി സര്‍ക്കാറിന്റെ കാലത്ത് നമ്മള്‍ കണ്ടതാണ്. ജമ്മു കശ്മീരിന്റെ കാര്യത്തില്‍ രാഷ്ട്രപതിയുടെ ഉത്തരവെന്ന കുറുക്കുവഴി തേടിയിരിക്കുന്നു. 370ാം വകുപ്പ് പിന്‍വലിക്കണമെങ്കില്‍ രാഷ്ട്രപതിയുടെ ഉത്തരവും അതിന് ജമ്മു കശ്മീര്‍ ഭരണഘടനാ നിര്‍മാണ സമിതിയുടെ അംഗീകാരവും വേണമെന്നാണ് വ്യവസ്ഥ. ജമ്മു കശ്മീര്‍ ഭരണഘടനാ നിര്‍മാണസഭ നിലവിലില്ലാത്തതിനാല്‍ ജമ്മു കശ്മീര്‍ നിയമസഭയുടെ അംഗീകാരം തേടിയാല്‍ മതിയെന്ന് തീരുമാനിക്കുകയും അവിടെ നിലവില്‍ നിയമസഭ ഇല്ലാത്തതിനാല്‍ അതിന്റെ അധികാരം കൂടി കൈയാളുന്ന ഗവര്‍ണറുടെ അംഗീകാരം വാങ്ങുകയും ചെയ്താണ് 370ാം വകുപ്പ് റദ്ദാക്കിയത്. ഭരണഘടനാ വ്യവസ്ഥ പരിഗണിക്കാതെയും അവിടുത്തെ ജനങ്ങളുടെ വികാരം കണക്കിലെടുക്കാതെയും വളരെ വേഗത്തിലും എളുപ്പത്തിലും മുന്നോട്ടു പോകുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. ഇത് ഇപ്പോള്‍ ജമ്മു കശ്മീരിന്റെ കാര്യത്തിലാണ്, അതിന്റെ പ്രത്യേക പദവിയുടെ കാര്യത്തിലാണ്. നാളെ മറ്റൊരു വിഷയത്തില്‍ ഏത് സംസ്ഥാനങ്ങളുടെ കാര്യത്തിലും ഏത് ജനതയുടെ കാര്യത്തിലും ഇത് സംഭവിക്കാം.
അടിച്ചമര്‍ത്തി വരുതിയില്‍ നിര്‍ത്തലാണ് തങ്ങളുടെ അജന്‍ഡയെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. അതുവഴി ഹിന്ദു രാഷ്ട്രമെന്ന ആര്‍ എസ് എസ് ലക്ഷ്യം വേഗത്തില്‍ സാധ്യമാക്കുക എന്നും. അതിനെ എതിര്‍ക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ, കൂട്ടായ്മകളുടെ നേതാക്കളെയോ വ്യക്തികളെയോ ഒക്കെ തുറുങ്കിലടച്ച് തീരുമാനങ്ങള്‍ നടപ്പാക്കാന്‍ മടിക്കില്ലെന്ന മുന്നറിയിപ്പ് കൂടിയാണിത്.
മറ്റൊന്ന് നരേന്ദ്ര മോദി നിഷ്പ്രഭനാകുന്നുവെന്നതാണ്. ആര്‍ എസ് എസ്സിന്റെ അടിസ്ഥാന അജന്‍ഡകള്‍ നടപ്പാക്കാനുള്ള ഇച്ഛാശക്തി തനിക്കാണെന്ന് സംഘ്പരിവാരത്തെ അമിത് ഷാ ബോധ്യപ്പെടുത്തുന്നു. അമ്പത്തിയാറിഞ്ച് നെഞ്ചളവ് അവകാശപ്പെടുന്ന നേതാവ് അരങ്ങിന്റെ പാര്‍ശ്വത്തിലേയുള്ളൂ ഇപ്പോള്‍. കേന്ദ്ര സ്ഥാനത്ത് അമിത് ഷായാണ്. ഇനിയങ്ങോട്ട് ജനാധിപത്യമെന്നത് കേവലമൊരു വിശേഷണ പദം മാത്രമാണ്. ഭരണഘടനാ സ്ഥാപനങ്ങളെയൊക്കെ വരുതിയിലാക്കിക്കഴിഞ്ഞ ഭരണകൂടത്തിന്റെ ദയ മാത്രമാണ് ആ പദം. വരും കാലത്ത് ആ പദത്തിന്റെ മറയില്ലാതെ തന്നെ ഫാസിസം ഇന്ത്യന്‍ യൂനിയനെ ഭരിക്കുമെന്ന് കൂടിയാണ് ജമ്മു കശ്മീര്‍ പറഞ്ഞു തരുന്നത്.